കുടുംബശ്രീയുടെ പൂക്കൃഷി വമ്പൻ ഹിറ്റ്
ആലപ്പുഴ: അത്തപ്പൂക്കളങ്ങളിൽ നിന്ന് ഇക്കുറി മറുനാടൻ പൂക്കൾ ഇത്തിരി മാറി നിൽക്കും. സ്ഥിരം വിഭവങ്ങളായ പച്ചക്കറിക്കും ചിപ്സിനും ശർക്കരവരട്ടിക്കും പുറമേ ഓണപ്പൂക്കൾ കൂടി വിപണിയിലെത്തിക്കുകയാണ് കുടുംബശ്രീ.
വിളവെടുപ്പിന് പാകമായ പൂക്കൾ പ്രാദേശിക തലത്തിൽ വില്പന നടത്താനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ 27 ഏക്കറിൽ ഉൾപ്പെടെ സംസ്ഥാനത്ത് 128 ഏക്കറിലാണ് കുടുംബശ്രീ വനിതകൾ പൂക്കൃഷി നടത്തിയിരിക്കുന്നത്. ജമന്തി, ചെണ്ടുമല്ലി, ബന്തി തുടങ്ങിയവയാണ് നട്ടത്. 11 ജില്ലകളിലെ 543 യൂണിറ്റുകളാണ് കൃഷിക്ക് പിന്നിൽ. പൂക്കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾക്ക് മികച്ച വരുമാനം സ്വന്തമാക്കാനുള്ള അവസരമായാണ് ഓണക്കാലത്തെ കണക്കാക്കുന്നത്.
# വരുന്നുണ്ട് വരവ് പൂക്കളും
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പൂവിന് കൃഷിയിടം തന്നെ വിപണന കേന്ദ്രമായി മാറുകയാണ്. കൃഷി കാണാനെത്തുന്നവർ പൂക്കൾ വാങ്ങുമെന്ന പ്രതീക്ഷയിലാണ് കർഷകർ. നാളെ അത്തം പിറക്കുന്ന പശ്ചാത്തലത്തിൽ സ്ഥിരം പൂ കച്ചവടം നടത്തുന്ന കടകളിൽ അന്യസംസ്ഥാന പൂക്കൾ വീണ്ടും വരവറിയിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്ന് മുതൽ പൂക്കളുടെ വിലയിലും മാറ്റം പ്രതീക്ഷിക്കാമെന്ന് കൃഷിക്കാരും കച്ചവടക്കാരും പറയുന്നു. ചെണ്ടുമല്ലിക്കും വാടാമുല്ലയ്ക്കും കിലോയ്ക്ക് 200 മുതൽ 300 രൂപ വരെ വിലവീഴും.
# ജില്ല - യൂണിറ്റുകൾ - കൃഷി സ്ഥലം
തിരുവനന്തപുരം: 19 യൂണിറ്റ് - 3.52 ഏക്കർ
പത്തനംതിട്ട: 1 യൂണിറ്റ് - 50 സെന്റ്
കോട്ടയം: 21 യൂണിറ്റ് - 6.5 ഏക്കർ
ആലപ്പുഴ: 294 യൂണിറ്റ് - 27.87 ഏക്കർ
എറണാകുളം: 14 യൂണിറ്റ് - 8 ഏക്കർ
തൃശ്ശൂർ: 77 യൂണിറ്റ് - 28.85 ഏക്കർ
കോഴിക്കോട്: 3 യൂണിറ്റ് - 1 ഏക്കർ
മലപ്പുറം: 31 യൂണിറ്റ് - 10.76 ഏക്കർ
വയനാട്: 1 യൂണിറ്റ് - 1.5 ഏക്കർ
കണ്ണൂർ: 55 യൂണിറ്റ്- 27.5 ഏക്കർ
കാസർഗോഡ്: 18 യൂണിറ്റ് - 12 ഏക്കർ
മുൻ വർഷങ്ങളിലും പൂക്കൃഷി നടത്തിയിരുന്നെങ്കിലും ഇത്ര വിപുലമായ തോതിൽ കൃഷിയിറക്കുന്നത് ആദ്യമാണ്. മിതമായ വിലയ്ക്ക് നാടൻ പൂക്കൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒപ്പം സംഘകൃഷി ഗ്രൂപ്പുകൾക്ക് വരുമാനവും ഉറപ്പാക്കാൻ സാധിക്കുന്നു
കുടുംബശ്രീ അധികൃതർ