SignIn
Kerala Kaumudi Online
Thursday, 19 September 2024 12.30 PM IST

കരിപ്പൂർ ‌'ഗോൾഡ്' പോർട്ട്

Increase Font Size Decrease Font Size Print Page

airport

ഇലക്ട്രിക് ഉപകരണങ്ങൾക്ക് അകത്തും ക്യാപ്‌സൂളുകളായും ഗൾഫ് മേഖലയിൽ നിന്നും കള്ളക്കടത്ത് സ്വർണ്ണങ്ങൾ വന്നടിയുന്ന പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് കരിപ്പൂർ വിമാനത്താവളം. സംസ്ഥാനത്തുള്ള വിവിധ വിമാനത്താവളങ്ങൾ വഴിയും കപ്പൽ മാർഗവുമെല്ലാം കോടിക്കണക്കിന് രൂപയുടെ സ്വർണ്ണമാണ് കേരളത്തിലെത്തുന്നത്. കസ്റ്റംസും പൊലീസും പരിശോധന ശക്തമാക്കിയപ്പോൾ സ്വർണ്ണക്കടത്ത് സംഘങ്ങൾ കൂടുതൽ പ്രൊഫഷണലായി മാറി. ബാഗിനുള്ളിലും അടിവസ്ത്രത്തിലും സ്വർണ്ണം ഒളിപ്പിച്ച് കടത്തുന്ന പതിവ് രീതി മാറ്റി പുതിയ മാർഗങ്ങൾക്കായുള്ള ഗവേഷണത്തിലാണ് കള്ളക്കടത്ത് മാഫിയകൾ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സ്വർണ്ണം കടത്തുന്നത് കരിപ്പൂർ വിമാനത്താവളം വഴിയാണ്. മലബാറിൽ നിന്നുള്ളവരാണ് കൂടുതൽ പിടിക്കപ്പെടാറുള്ളത്. കസ്റ്റംസിന്റെ കൈയിൽ അകപ്പെടാതെ എയർപോർട്ടിന് പുറത്ത് എത്തുന്നവരെ പിടിക്കാൻ പൊലീസും വലവിരിക്കാൻ ആരംഭിച്ചതോടെ പിടിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടിയിട്ടും ഒരൽപ്പം പോലും സ്വർണ്ണക്കടത്തിൽ കുറവ് വന്നിട്ടില്ല. സ്വർണ്ണം കടത്തുന്നവരെ പിടികൂടുന്നതിൽ ജാഗ്രത വർദ്ധിച്ചതോടെ വിമാനത്താവളത്തിലെ ജീവനക്കാരിൽ നിന്നടക്കം സ്വർണ്ണം പിടികൂടുന്ന സ്ഥിതിയാണ്. കസ്റ്റംസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനാണ് സ്വർണ്ണം കടത്തുന്നവർ വിമാനത്താവള ജീവനക്കാരെ സ്വാധീനിക്കുന്നത്. നിശ്ചിത കമ്മീഷനുറപ്പിച്ച് ഉദ്യോഗസ്ഥർ വഴി സ്വർണ്ണം വിമാനത്താവളത്തിന് പുറത്തെത്തിക്കും. ഇത്തരത്തിൽ സ്വർണ്ണം കടത്തുന്നവരെ സഹായിച്ച രണ്ടുപേരെ കഴിഞ്ഞമാസം പിടിച്ചിരുന്നു. വിമാനത്താവളം വഴി സ്വർണ്ണം കടത്തുന്നവർ ഒരുപക്ഷേ ഇടനിലക്കാർ മാത്രമാണ്. പാക്കിംഗ് ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും തുടങ്ങി വലിയനിര ആളുകൾ തന്നെ സ്വർണ്ണക്കടത്തിന് പിന്നിലുണ്ട്.

സ്വർണ്ണക്കടത്തിൽ

49 ശതമാനം വർദ്ധന

കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ മാത്രം 103.88 കോടിയുടെ സ്വർണ്ണമാണ് കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത്. രജിസ്റ്റർ ചെയ്ത 250 കേസുകളുടെ ആകെ തൂക്കം 201.9കിലോയോളം വരും. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 210 കേസുകളിലായി 135.12 കിലോ സ്വ‌ർണ്ണമാണ് പിടിച്ചിരുന്നത്. ഒരുവർഷം കഴിയുമ്പോൾ 49.42 ശതമാനമാണ് വിമാനത്താവളം വഴി സ്വർണ്ണക്കടത്തിലുള്ള വർദ്ധന. പൊലീസിന്റെ കണക്ക് പരിശോധിച്ചാൽ കോടികളുടെ കണക്ക് ഇനിയും കൂടും. കഴിഞ്ഞ അഞ്ച് മാസത്തിനിടയ്ക്ക് വിമാനത്താവളത്തിന് പുറത്ത് നിന്നും പൊലീസ് പിടികൂടിയത് 43 കേസുകളാണ്. 36.3 കിലോ സ്വർണ്ണമാണ് ആകെ പിടിച്ചത്. 18 കോടിയിലേറെ മാർക്കറ്റ് വാല്യൂ വരും. കസ്റ്റംസും പൊലീസും ചേർന്ന് സ്വർണ്ണക്കടത്ത് പരിശോധന ശക്തമാക്കുമ്പോഴും പിടിക്കപ്പെടാതെ പോവുന്ന നിരവധി കേസുകൾ വേറെയുമുണ്ടാകാം. കസ്റ്റംസ് പരിശോധനയ്ക്കുള്ള കൂടുതൽ ആധുനിക സംവിധാനങ്ങൾ വിമാനത്താവളത്തിൽ സജ്ജീകരിക്കാത്തതാണ് ഇതിന് കാരണം. കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിലൂടെ വേഗത്തിൽ കണ്ടെത്താൻ കഴിയും. പൊലീസിന് പലപ്പോഴും സ്വർണ്ണം കടത്തുന്നുണ്ടെന്ന രഹസ്യവിവരങ്ങൾ ലഭിക്കുന്നത് മുമ്പ് സ്വർണ്ണക്കടത്തിൽ പിടിക്കപ്പെട്ടവരിൽ നിന്നാണ്. സ്വർണ്ണക്കടത്തുകാർ തമ്മിലുള്ള കുടിപ്പക മൂലമാണ് ഇത്തരത്തിൽ പരസ്പരം ഒറ്റാൻ ഇവരെ പ്രേരിപ്പിക്കുന്നത്. കുടിപ്പക കാരണം കൊലപാതകം വരെ നടന്ന സംഭവങ്ങളും കേരളത്തിലുണ്ടായി എന്നത് സ്വർണ്ണക്കടത്ത് മാഫിയ വ്യാപിച്ചു കിടക്കുന്നതിന്റെ ആഴമാണ് ബോദ്ധ്യപ്പെടുത്തുന്നത്. മൂന്നുമാസം മുമ്പ് സ്വർണ്ണക്കടത്ത് കാരിയറായി പ്രവർത്തിച്ചിരുന്ന പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്ദുൾ ജലീൽ ക്രൂരമായ മർദ്ദനമേറ്റ് ആശുപത്രിയിൽവച്ച് മരണപ്പെട്ടിരുന്നു. കടത്തികൊണ്ടുവന്ന സ്വർണ്ണം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ സുഹൃത്തുക്കളും പരിചയക്കാരും തന്നുവിടുന്ന സാധനങ്ങൾ എന്താണെന്ന് പരിശോധിക്കാത്തതു മൂലം വിമാനത്താവളത്തിൽ കുടുങ്ങുന്നവരുമുണ്ട്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ നൽകണമെന്ന് പറഞ്ഞ് ഏൽപ്പിക്കുന്നത് ഇത്തരത്തിൽ സ്വർണ്ണപ്പൊതികളായിരിക്കും. പിടികൂടുന്നത് വലിയ അളവിലുള്ളതാണെങ്കിൽ ജയിൽശിക്ഷയടക്കം അനുഭവിക്കേണ്ടി വരും.

സ്വർണ്ണം ഒളിപ്പിക്കുന്ന

പുത്തൻ രീതികൾ

ബാഗിനുള്ളിലും ശരീരത്തിലും ഒളിപ്പിക്കുന്ന സ്വർണ്ണം നിഷ്പ്രയാസം കസ്റ്റംസ് പിടിച്ചു തുടങ്ങിയതോടെ വളരെ പ്രൊഫഷണലായാണ് ഇപ്പോൾ സ്വർണ്ണം ഒളിപ്പിക്കാറുള്ളത്. ചെറിയ ക്യാപ്സൂളുകളാക്കിയാണ് ശരീരത്തിൽ സ്വർണ്ണം ഒളിപ്പിക്കുക. ഇലക്ട്രിക് കെറ്റിലിലും ഇസ്തിരിപെട്ടിക്കകത്തും സ്വർണ്ണം ക‌ടത്താറുണ്ട്. കെറ്റിലിന്റെ അടിഭാഗത്ത് പെട്ടെന്ന് മനസിലാവാത്ത രീതിയിൽ തേച്ചുപിടിപ്പിച്ചാണ് സ്വർണ്ണം കടത്താറുള്ളത്. ഇസ്തിരിപെട്ടിയിലെ കോയിലിനകത്ത് ഒളിപ്പിച്ച് കടത്തുന്നതും പതിവാണ്. ധരിക്കുന്ന പാന്റ്സിൽ പ്രത്യേക അറകളുണ്ടാക്കി സ്വർണ്ണം തേച്ചുപിടിപ്പിക്കുന്നതാണ് മറ്റൊരുരീതി. പാന്റ്സിന്റെ തുണിയിൽ സ്വർണ്ണം തേച്ചുപിടിപ്പിച്ചതിന് ശേഷം മറ്റൊരു തുണികൊണ്ട് മനസിലാവാത്ത രൂപത്തിൽ തയ്ച്ചുപിടിപ്പിച്ചാണ് സ്വർ‌ണ്ണം കടത്തുന്നത്. തുടർച്ചയായി സ്വർണ്ണം കടത്തുന്നതിനാൽ എക്സ്റേ പരിശോധനയിൽ ചെറിയ സംശയം തോന്നിയാൽ പോലും പരിശോധനയ്ക്ക് വിധേയമാക്കുന്നത് മൂലമാണ് കൂടുതൽ കേസുകൾ പിടിക്കപ്പെടുന്നത്. ഇത്തരത്തിൽ സ്വർണ്ണം സുരക്ഷിതമായി ഒളിപ്പിക്കാൻ വിദഗ്ദ്ധസംഘം തന്നെയുണ്ട്. ഒളിപ്പിക്കുന്ന രീതിയ്ക്കനുസരിച്ചാണ് ഇവർ ഇതിനായി പണം ഇൗടാക്കാറുള്ളതെന്ന് ഒരു മാദ്ധ്യമം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പാന്റ്സിൽ ഒളിപ്പിക്കാൻ 1500 ദിർഹം വരെ വേണമെന്നതാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കടത്തുന്നതാണ് ഏറ്റവും പുതിയ രീതി. കാർഡ്ബോർഡ് പെട്ടിയുടെ ഉൾഭാഗത്ത് രാസവസ്തു കലർത്തി ദ്രവരൂപത്തിലാക്കിയ സ്വർണ്ണം പൂശും. എക്സ്റേ പരിശോധനയിൽ ഇത് കണ്ടെത്താനാകില്ല. ഒരു പെട്ടിയിൽ സ്വർണം തേച്ചുപിടിപ്പിക്കാൻ വരുന്ന ചെലവ് 600 ദിർഹം വരെയാണ് . ഇത്തരത്തിൽ വലിയ തുകയൊടുക്കി സ്വർണ്ണം മറ്റിടങ്ങളിലേക്ക് കടത്തുന്നുണ്ടെങ്കിൽ സ്വർണ്ണക്കടത്ത് സംഘത്തിലെ ഒാരോ കണ്ണിക്കും കിട്ടുന്ന ലാഭവും വലുതായിരിക്കും.

മാഫിയകളുടെ

വേരറുക്കണം

കസ്റ്റംസിലെ സീനിയർ ക്ലീനിംഗ് സൂപ്പർവൈസറിൽ നിന്ന് കഴിഞ്ഞ 29ന് 1812 ഗ്രാം സ്വർണ്ണം പിടിച്ചിരുന്നു. സ്വർണ്ണവുമായി വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ ബാത്റൂമിൽ സ്വർണ്ണത്തിന്റെ രണ്ട് കട്ടകൾ ഒളിപ്പിച്ച് വയ്‌ക്കുകയായിരുന്നു. യാത്രക്കാരൻ ഒളിപ്പിച്ച സ്വർണ്ണം വസ്ത്രത്തിനുള്ളിലാക്കിയാണ് കരാർകമ്പനി ക്ലീനിംഗ് സൂപ്പർവൈസർ പുറത്തേക്ക് കടത്താൻ ശ്രമിച്ചത്. ഷൂവിനുള്ളിൽ എട്ട് ഗ്രാം സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വിമാനത്താവളത്തിലെ കാബിൻ ക്രൂ അംഗമായ നവനീത് സിംഗും പിടിയിലായിരുന്നു. ആറ് തവണ ഇത്തരത്തിൽ സ്വർണ്ണ കടത്തിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം. ജീവനക്കാരടക്കം സ്വർണ്ണക്കടത്തിൽ പതിവായി പങ്കാളികളാവുമ്പോൾ സ്വർണ്ണം കടത്തുന്നവരുടെ വഴികളും കൂടുതൽ എളുപ്പമാവും. പുറംലോകമറിയാത്ത തരത്തിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെടുക്കാനുള്ള പുതുവഴികളിലൂടെ മാഫിയകൾ സഞ്ചരിച്ചേക്കാം. പിടിക്കപ്പെടുന്ന സ്വർ‌ണ്ണം നഷ്ടപ്പെടുമെന്നതിനാലും മാദ്ധ്യമങ്ങളിൽ വാർത്ത വരുമെന്ന ഭയവും കാരണം സ്വർ‌‌ണ്ണത്തിന്റെ നികുതിയടച്ച് രക്ഷപ്പെടുന്നവരും ധാരാളമാണ്. വലിയ രീതിയിൽ വ്യാപിച്ച സ്വർണ്ണക്കടത്തിന് ഒരുപരിധി വരെയെങ്കിലും തടയിടാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പുതിയ മാർഗങ്ങൾ തേടണം. ഗൾഫ് മേഖലകളിലേക്ക് അടക്കം അന്വേഷണം വ്യാപിപിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. ഇടനിലക്കാരെ പിടിക്കുന്നതിലുപരി മാഫിയകളുടെ വേരറുക്കാൻ കഴിഞ്ഞാൽ അത് വലിയ വിജയമായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GOLD SMUGGLING IN KARIPPUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.