ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി 6-0ത്തിന് നോട്ടിംഗ്ഹാമിനെ തോൽപ്പിച്ചു
എർലിംഗ് ഹാളണ്ടിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്
ആഴ്സനലിനും ലിവർപൂളിനും വിജയം,ടോട്ടൻഹാമിന് സമനില
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച ഹാട്രിക് വേട്ടയുമായി എർലിംഗ് ഹാളണ്ട് മിന്നിത്തിളങ്ങിയ മത്സരത്തിൽ മറുപടിയില്ലാത്ത ആറുഗോളുകൾക്ക് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ രാത്രി നടന്ന മറ്റ് മത്സരങ്ങളിൽ ആഴ്സനൽ ആസ്റ്റൺ വില്ലയെയും ലിവർപൂൾ ന്യൂകാസിൽ യുണൈറ്റഡിനെയും 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തി.
ഈ സീസണിൽ ജർമ്മൻ ക്ളബ് ബൊറൂഷ്യയിൽ നിന്ന് സിറ്റിയിലെത്തിയ സൂപ്പർ താരം എർലിംഗ് ഹാളണ്ട് പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച് ആദ്യ അഞ്ചുമത്സരങ്ങൾക്കുള്ളിൽ തന്നെ ഒൻപത് ഗോളുകൾ നേടി.കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെയായിരുന്നു ഹാളണ്ടിന്റെ ഹാട്രിക്. ഇത് പ്രീമിയർ ലീഗിലെ റെക്കോഡാണ്. നോട്ടിംഗ്ഹാമിനെതിരെ സിറ്റിയ്ക്ക് വേണ്ടി ജൂലിയൻ അൽവാരസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ യാവോ ക്യാൻസലോയും വലകുലുക്കി.
പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്സനൽ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് വിജയം നേടിയത്. ആഴ്സനലിന് വേണ്ടി സൂപ്പർതാരം ഗബ്രിയേൽ ജെസ്യൂസും ഗബ്രിയേൽ മാർട്ടിനെല്ലും ഗോളടിച്ചപ്പോൾ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഡഗ്ലസ് ലൂയിസ് ആശ്വാസ ഗോൾ നേടി.
ന്യൂകാസിലിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകളടിച്ചാണ് ലിവർപൂൾ വിജയം കണ്ടത്. ഇൻജുറി ടൈമിൽ ഗോളടിച്ച ഫാബിയോ കാർവാലോയാണ് ലിവർപൂളിന്റെ വിജയശില്പി. റോബർട്ടോ ഫിർമിനോയും ടീമിനായി ലക്ഷ്യം കണ്ടു. ന്യൂകാസിലിനായി അരങ്ങേറ്റതാരം അലക്സാണ്ടർ ഐസക്ക് ഗോളടിച്ചു.
കരുത്തരായ ടോട്ടൻഹാമിനെ വെസ്റ്റ് ഹാം 1-1ന് സമനിലയിൽ പിടിച്ചു. ആദ്യപകുതിയിൽ തിലോ കെഹ്റർ വഴങ്ങിയ സെൽഫ് ഗോളിലൂടെ ടോട്ടൻഹാം മുന്നിലെത്തിയെങ്കിലും വെസ്റ്റ് ഹാമിനായി രണ്ടാം പകുതിയിൽ തോമസ് സൗസെക് സമനില ഗോൾ നേടി. മറ്റൊരു മത്സരത്തില് വോൾവ്സിനെ ബേൺമോത്ത് ഗോൾരഹിത സമനിലയിൽ തളച്ചു.
അഞ്ചാം റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 15 പോയിന്റുമായാണ് ആഴ്സനൽ ഒന്നാമതുള്ളത്. 13 പോയിന്റുള്ള സിറ്റി രണ്ടാമതും 11 പോയിന്റുള്ള ടോട്ടൻഹാം മൂന്നാം സ്ഥാനത്തുമാണ്. ലിവർപൂൾ അഞ്ചാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |