ദിലീപ് ചിത്രം 'ഇഷ്‌ടം' കണ്ടവർക്കാർക്കും മറക്കാൻ കഴിയില്ല നിയാസ് ബക്കർ എന്ന നടനെ. ദിലീപിന്റെ സുഹൃത്തായ ബാബുക്കുട്ടനായി പ്രേക്ഷകരെ നിയാസ് ഏറെ ചിരിപ്പിച്ചു. പിന്നീട് ഗ്രാമഫോൺ, ഓർഡിനറി, ഫുക്രി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമയ വേഷങ്ങളിൽ നിയാസ് പ്രേക്ഷകന് മുന്നിലെത്തി. എന്നാൽ പ്രശസ്‌ത നടനായ അബൂബക്കറിന്റെ മകനാണ് നിയാസ് എന്ന് എത്രപേർക്കറിയാം. വാത്സല്യത്തിലെ കുഞ്ഞമ്മാവൻ, ആധാരത്തിലെ കുട്ടൻ നായർ, കേളിയിലെ ചെട്ടിയാർ, സല്ലാപത്തിലെ ദാമോദരൻ... അങ്ങനെ ചെയ്‌ത വേഷങ്ങളിലെല്ലാം സ്വന്തം കൈയൊപ്പ് ചാർത്തിയ നടനാണ് അബൂബക്കർ. അടുത്തിടെ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വാപ്പച്ചിയെ കുറിച്ച് നിയാസ് മനസു തുറന്നത്.
നിയാസിന്റെ വാക്കുകൾ-
'ഞങ്ങളെക്കാൾ പ്രേക്ഷകർ സ്‌നേഹിക്കുന്നത് അബൂബക്കർ എന്ന ഞങ്ങളുടെ വാപ്പച്ചിയെയാണ്. പലരും ഞങ്ങളോടു പറഞ്ഞിട്ടുണ്ട്, വാപ്പച്ചിയെ വച്ചു നോക്കുമ്പോൾ ഞങ്ങളൊന്നും ഒന്നുമല്ല എന്ന്. അദ്ദേഹത്തിന്റെ അഭിനയശൈലി... അതിന്റെ റെയ്ഞ്ച് വളരെ വലുതാണ്. അത് അറിയുന്ന ഒരുപാടു പേരുണ്ട്. അവർ അതു പറയാറുമുണ്ട്. സത്യത്തിൽ വാപ്പച്ചിയുടെ നാടകങ്ങൾ ഞങ്ങൾ കണ്ടിട്ടില്ല. ഞങ്ങളൊക്കെ വലുതാകുന്നതിനു മുൻപു തന്നെ അദ്ദേഹം കുറെക്കാലം അഭിനയത്തിൽ നിന്നു മാറി നിന്നു. എവിടെയും പോയില്ല. അതിനുശേഷം ഭരതേട്ടൻ കേളി എന്ന സിനിമയിലൂടെയാണ് വാപ്പച്ചിയെ തിരികെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. വാപ്പച്ചിയുടെ രണ്ടാം വരവിന് കാരണമായത് കേളി എന്ന സിനിമയും ആധാരം എന്ന സിനിമയും ആയിരുന്നു.
വാത്സല്യത്തിലെ കഥാപാത്രമാണ് ജനങ്ങളുടെ ഇടയിൽ വാപ്പച്ചിക്ക് വലിയൊരു ഇടം നേടിക്കൊടുത്തത്. മമ്മൂട്ടിയുടെ കുഞ്ഞമ്മാവൻ ആയ ഒരു കഥാപാത്രം. മമ്മൂക്കയുമായി കോമ്പിനേഷൻ വരുന്ന കഥാപാത്രമായിരുന്നു അത്. വാപ്പച്ചിയുടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു വേഷം അതാണ്. ഇപ്പോഴും വാപ്പച്ചിയെക്കുറിച്ച് പറയുമ്പോൾ എല്ലാവരും ഓർത്തെടുക്കുന്നത് ആ കഥാപാത്രത്തെയാണ്. മമ്മൂക്ക എന്റെ മകളുടെ വിവാഹത്തിനു വന്നപ്പോൾ മുതൽ എല്ലാവരും ചോദിക്കുന്നത്, മമ്മൂക്കയുമായി ഇത്രയും അടുപ്പമുണ്ടോ എന്നാണ്. വാപ്പയോട് അദ്ദേഹത്തിനുള്ള സ്‌നേഹമാണ് അദ്ദേഹത്തെ എന്റെ മകളുടെ വിവാഹവേദിയിൽ എത്തിച്ചത് എന്നാണ് എന്റെ വിശ്വാസം. അത് ഞങ്ങൾക്കു ലഭിച്ച വലിയൊരു സമ്മാനം കൂടിയായിരുന്നു. അബൂബക്കറിന്റെ മക്കൾക്ക് കിട്ടുന്ന സമ്മാനം'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |