ആലപ്പുഴ: സ്വന്തം ടീമുകളുടെ മത്സര വിവരണത്തിന് നെഹ്രുട്രോഫി കമന്ററി ബോക്സിൽ തുടർച്ചയായ അഞ്ചാം വർഷവും പൊലീസ് 'സാന്നിദ്ധ്യം'! കേരള പൊലീസ് ബോട്ട് ക്ളബ്ബിന്റെ പുരുഷ-വനിത ടീമുകൾ ഇക്കുറി മത്സര രംഗത്തുണ്ട്.
പുരുഷ ടീം ചമ്പക്കുളം ചുണ്ടനിലും വനിതാ ടീം തെക്കനോടി സാരഥിയിലുമാണ് തുഴയുന്നത്. ഹാട്രിക് മത്സരമാണ് പുരുഷ ടീമിന്റെത്. രണ്ടം അങ്കത്തിനാണ് വനിതാ ടീം രംഗത്തുള്ളത്. ആലപ്പുഴ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടറിലെ സബ് ഇൻസ്പെക്ടർ ഡി.സജിയാണ് തത്സമയ വിവരണം നടത്തുന്നത്. അഞ്ചുവർഷമായി വിവരണം നൽകാൻ സജിയെ ആണ് സംഘാടകർ തിരഞ്ഞെടുക്കുന്നത്. 2019ലെ പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിലെ 12 മത്സരങ്ങൾക്ക് കമന്ററി പറഞ്ഞു. 1988ൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെ പല്ലനയാറ്റിൽ മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവത്തിലാണ് ആദ്യമായി ദൃക്സാക്ഷി വിവരണം നൽകിയത്.
കരുവാറ്റ, പായിപ്പാട്, പ്രായിക്കര, കല്ലട കൊല്ലം പ്രസിഡന്റ്സ് ട്രോഫി, തൃക്കുന്നപ്പുഴ തുടങ്ങിയ ഒട്ടേറെ മത്സരങ്ങളിൽ സജി കമന്ററി പറയുന്നുണ്ട്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ എസ്കോർട്ട് ഓഫീസാനായിരുന്നു സജി. തൃക്കുന്നപ്പുഴ കാട്ടിൽമാർക്കറ്റ് കാട്ടിൽ പടീറ്റതിൽ ദിവാകരൻ- വാസന്തി ദമ്പതികളുടെ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |