SignIn
Kerala Kaumudi Online
Tuesday, 07 February 2023 6.24 AM IST

സലാം , സെറീന

serena

അവസാന ഗ്രാൻസ്ളാം ടൂർണമെന്റായ യു.എസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ തോറ്റ് സെറീന വില്യംസ് കോർട്ടിനോട് സലാം പറഞ്ഞു

ന്യൂയോര്‍ക്ക്: ഇത്തവണത്തെ യു.എസ്. ഓപ്പൺ ടൂർണമെന്റോടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന അമേരിക്കയുടെ ഇതിഹാസ ടെന്നിസ് താരം സെറീന വില്യംസ് മൂന്നാം റൗണ്ടിൽ തോറ്റ് പുറത്തായി. ഓസ്‌ട്രേലിയയുടെ അജില ടോംലിയാനോവിച്ചിനോട് മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സെറീന അവസാന ഗ്രാൻസ്ളാം മത്സരത്തിൽ തോറ്റത്.

ആദ്യ രണ്ട് റൗണ്ടുകളും മികച്ച പ്രകടനം പുറത്തെടുത്ത 41 വയസിലേക്ക് കടക്കുന്ന സെറീന മൂന്നാം റൗണ്ടിൽ പൊരുതിയാണ് തോറ്റത്. സ്‌കോർ: 7-5, 6-7, 6-1. ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പൊരുതിയ സെറീനയ്ക്ക് പിടിവിട്ടുപോയെങ്കിലും രണ്ടാം സെറ്റിൽ ടൈബ്രേക്കറിൽ വിജയിച്ച് സെറീന കളി മൂന്നാം സെറ്റിലേക്ക് നീട്ടുകയായിരുന്നു. എന്നാൽ മൂന്നാം സെറ്റിൽ ഓസ്ട്രേലിയൻ താരത്തിന് മുന്നിൽ ഇതിഹാസം നിർവീര്യമായി.

23 ഗ്രാൻസ്ലാം കിരീടങ്ങളെന്ന നേട്ടവുമായി വനിതാ ടെന്നിസ് ലോകം അടക്കിവാണിരുന്ന സെറീന പരിക്കിനെത്തുടർന്ന് ഒരു വർഷമായി കോർട്ടിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2017-ലെ ഓസ്ട്രേലിയൻ ഓപ്പണിലായിരുന്നു സെറീനയുടെ അവസാന ഗ്രാൻസ്ലാം നേട്ടം. സിംഗിൾസിൽ 24 ഗ്രാൻസ്ലാം നേടിയിട്ടുള്ള മാർഗരറ്റ് കോർട്ടിന്റെ റെക്കാഡ് മറികടക്കുക എന്ന ആഗ്രഹം ബാക്കിവച്ചാണ് സെറീന കളിക്കളത്തിനോട് സലാം പറയുന്നത്. റെക്കാഡിലേക്ക് ഒരു കിരീടം കൂടി വേണ്ടിയിരുന്ന താരത്തിന് കഴിഞ്ഞ അഞ്ചു വർഷമായി ആ നേട്ടം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല.

വനിതാ ടെന്നീസിൽ വിപ്ലവം സൃഷ്ടിച്ച ഈ അമേരിക്കൻ താരം നിലവിൽ കളിക്കുന്ന മറ്റേതൊരു വനിതാ-പുരുഷ താരത്തേക്കാളും കൂടുതൽ ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഡബിൾസ്, മിക്സഡ് ഡബിൾസ് ഉൾപ്പെടെ 39

ഗ്രാൻസ്ലാം കിരീടങ്ങളാണ് നേടിയത്. കരിയറിൽ ഇതുവരെ 73 സിംഗിൾസ് കിരീടങ്ങളും 23 ഡബിൾസ് കിരീടങ്ങളും രണ്ട് മിക്സഡ് ഡബിൾസ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. നാല് ഒളിമ്പിക് സ്വർണമെഡലുകളും ഇതിനൊപ്പമുണ്ട്. 755 കോടിയിലധികം രൂപയാണ് ടെന്നീസിൽനിന്നും സമ്പാദിച്ചത്

സെറീന കരിയർ ഗ്രാഫ്

1981 സെപ്തംബർ 26 - അമേരിക്കയിലെ മിഷിഗണിൽ ജനനം.

1995 സെപ്തംബർ - ക്യുബെക്ക് സിറ്റിയിലെ ബെൽ ചലഞ്ചിൽ തന്റെ ആദ്യ ടെന്നീസ് മത്സരത്തിൽ തോറ്റ് പ്രൊഫഷണൽ അരങ്ങേറ്റം
1998 ജനുവരി - ആദ്യ ഗ്രാൻസ്ലാം ടൂർണമെന്റായ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ സഹോദരി വീനസിനോട് പരാജയപ്പെട്ടു.
1999 സെപ്റ്റംബർ 12 - യു.എസ്. ഓപ്പൺ സ്വന്തമാക്കി.
2002 ജൂലൈ 8 - കരിയറിൽ ആദ്യമായി ലോക റാങ്കിംഗിൽ ഒന്നാം നമ്പർ പദവിയിൽ.
2002-2003 - ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യുഎസ് ഓപ്പൺ, ഓസ്‌ട്രേലിയൻ ഓപ്പൺ എന്നീ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നേടി തന്റെ ആദ്യ 'ഗോൾഡൻ സ്ലാം' പൂർത്തിയാക്കി.
2003 ഓഗസ്റ്റ് 1 - ഇടതു കാൽമുട്ടിൽ ശസ്ത്രക്രിയ.
2008 - സെറീന വില്യംസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചു. അക്രമാസക്തമായ കുറ്റകൃത്യങ്ങൾക്ക് വിധേയരായ അമേരിക്കൻ യുവാക്കളെയും ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികളെയും സഹായിക്കുന്നതിനായി ഉണ്ടാക്കിയ സ്ഥാപനം.
2009 സെപ്റ്റംബർ 12 - യു.എസ്. ഓപ്പൺ സെമിഫൈനലിൽ കിം ക്ലൈസ്റ്റേഴ്‌സിനെതിരായ മത്സരത്തിൽ ഒരു ലൈൻ ജഡ്ജിനെതിരെ അശ്ലീലം കലർന്ന രീതിയിൽ സംസാരിച്ചു. 82,500 ഡോളർ പിഴ ചുമത്തി. അടുത്ത രണ്ട് വർഷത്തേക്ക് പ്രൊബേഷനിൽ നിറുത്തുകയും ചെയ്തു.
2010 ജൂലൈ 7 - മ്യൂണിക്കിലെ ഒരു റെസ്റ്റോറന്റിൽവച്ച് തകർന്ന ഗ്ലാസിൽ ചവിട്ടി രണ്ട് കാലുകളും മുറിഞ്ഞു.
2011 ഫെബ്രുവരി - ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് പൾമണറി എംബോളിസവുമായി ബന്ധപ്പെട്ട ഹെമറ്റോമയ്ക്ക് അടിയന്തിര ചികിത്സയ്ക്ക് വിധേയയായി.
2011 സെപ്തംബർ - യുണിസെഫ് അന്താരാഷ്ട്ര ഗുഡ്വവിൽ അംബാസഡറായി നിയമിച്ചു.
2013 ഫെബ്രുവരി 18- 1975-ൽ കമ്പ്യൂട്ടര്‍ റാങ്കിംഗ് ആരംഭിച്ചതിന് ശേഷം ഒന്നാം റാങ്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതാ ടെന്നീസ് താരമായി. 31 വയസ്സായിരുന്നു.
2014 സെപ്റ്റംബർ 7 - തുടർച്ചയായ മൂന്നാം യു.എസ്. ഓപ്പൺ കിരീടം നേടി.
2016 ജൂലൈ 9 - ഏഴാം തവണയും വിംബിൾഡണ്‍ കിരീടം നേടി. ഗ്രാൻസ്ലാമിലെ 22-ാം വിജയം. ഓപ്പൺ യുഗത്തിലെ ഏറ്റവും കൂടുതൽ സിംഗിൾസ് കിരീടങ്ങൾ എന്ന റെക്കാഡ് സ്റ്റെഫി ഗ്രാഫിനൊപ്പം പങ്കുവെച്ചു.
2016 സെപ്റ്റംബർ 12 - തുടർച്ചയായി 186 ആഴ്ച ഒന്നാംറാങ്കിൽനിന്ന ശേഷം ആഞ്ചലിക് കെർബറിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് വീണു. ഒന്നാം റാങ്കിൽ ഏറ്റവും ദൈർഘ്യമേറിയ ആഴ്ചകൾ എന്ന സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡിന് ഒപ്പമെത്തി.
2016 ഡിസംബർ 29 - റെഡ്ഡിറ്റ് സഹസ്ഥാപകന്‍ അലക്സിസ് ഒഹാനിയനുമായുള്ള വിവാഹനിശ്ചയം
2017 ജനുവരി 28 - ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ സഹോദരി വീനസിനെ തോൽപ്പിച്ചു. സ്റ്റെഫി ഗ്രാഫിനെ മറികടന്ന് 23-ാം ഗ്രാൻഡ് സ്ലാം കിരീടം എന്ന റെക്കോഡ് നേടി.
2017 സെപ്റ്റംബർ 1- മകള്‍ ജനിച്ചു
2017 ഡിസംബർ 30 - അബുദാബിയില്‍ നടന്ന മുബദാല ലോക ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലൂടെ പ്രസവശേഷം ടെന്നീസിലേക്ക് മടങ്ങി. പ്രദർശന മത്സരത്തില്‍ ജെലീന ഒസ്റ്റാപെങ്കോയോട് തോറ്റു.
2018 സെപ്റ്റംബർ 8 - വിവാദമായ യുഎസ് ഓപ്പണ്‍ ഫൈനലില്‍ നവോമി ഒസാക്കയോട് തോറ്റു.

2020 ജനുവരി 12 - വില്യംസ് ന്യൂസിലാന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ നടന്ന എ.എസ്.ബി. ക്ലാസിക്കില്‍ വിജയിച്ചു. അമ്മയായതിന് ശേഷമുള്ള ആദ്യ കിരീടം.
2020 സെപ്റ്റംബർ 30 - ഫ്രഞ്ച് ഓപ്പണിൽ നിന്ന് പരിക്ക് മൂലം പിന്മാറി.
2021 ജൂൺ 29 - പരിക്ക് കാരണം ആദ്യ റൗണ്ട് വിംബിൾഡൺ മത്സരത്തിൽ നിന്ന് പിൻമാറി.

2021 ഓഗസ്റ്റ് 25 - പരിക്ക് കാരണം യു.എസ്. ഓപ്പണിൽ നിന്ന് പിൻമാറി.
2021 ഡിസംബർ 8- പരിക്കുമൂലം ഓസ്ട്രേലിയൻ ഓപ്പണില്‍നിന്ന് പിൻമാറി.
2022 ഓഗസ്റ്റ് 9 - യു.എസ് ഓപ്പണോടെ ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.

73 കരിയർ കിരീടങ്ങൾ

23 ഗ്രാൻസ്ളാം സിംഗിൾസ് കിരീടങ്ങൾ

16 ഗ്രാൻസ്ളാം ഡബിൾസ് കിരീടങ്ങൾ

23 ഡബ്‌ളിയു.ടി.എ 1000 കിരീടങ്ങൾ

4 ഒളിമ്പിക് സ്വർണങ്ങൾ

319 ആഴ്ചകൾ ഒന്നാം റാങ്കിൽ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, SERENA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.