കറാച്ചി : ആഴ്ചകൾക്ക് മുമ്പ് ലണ്ടനിൽ നിന്ന് മോഷ്ടിക്കപ്പെട്ട കോടികൾ വിലമതിക്കുന്ന ' ബെന്റ്ലി മൽസാൻ' ആഡംബര കാർ പാകിസ്ഥാനിലെ കറാച്ചിയിൽ കണ്ടെത്തി.
യു.കെ നാഷണൽ ക്രൈം ഏജൻസി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കറാച്ചി കളക്ടറേറ്റ് ഒഫ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (സി.സി.ഇ) ശനിയാഴ്ച നടത്തിയ വ്യാപക പരിശോധനയ്ക്കൊടുവിലാണ് കാർ കണ്ടെത്തിയത്. ഒരു ബംഗ്ലാവിന്റെ കാർ പോർച്ചിലാണ് ആഷ് ഗ്രേ നിറത്തിലെ ബെന്റ്ലി മൽസാൻ കാർ ഉണ്ടായിരുന്നത്.
കാർ കൈവശം വച്ചിരുന്നെന്ന് കരുതുന്നയാളെ കസ്റ്റഡിയിലെടുത്തെന്ന് എൻഫോഴ്സ്മെന്റ് അറിയിച്ചു. മറ്റൊരു വ്യക്തി തനിക്ക് ഈ കാർ വിറ്റതാണെന്നാണ് ഇയാളുടെ മൊഴി. എന്നാൽ ഇയാൾക്ക് ഇതിന്റെ കൃത്യമായ രേഖകൾ സമർപ്പിക്കാനായിട്ടില്ല.
മോഷ്ടാക്കൾക്ക് കാറിലെ ട്രാക്കിംഗ് ട്രാക്കർ ഓഫ് ആക്കാനോ നീക്കം ചെയ്യാനോ കഴിയാതെ പോയതിനാൽ യു.കെയിലെ ഉദ്യോഗസ്ഥർക്ക് കാർ എവിടെയാണെന്ന് കൃത്യമായി നിർണയിക്കാൻ കഴിഞ്ഞതെന്ന് അധികൃതർ പറയുന്നു. കാറിന്റെ രജിസ്ട്രേഷൻ നമ്പർ മാറ്റിയിട്ടുണ്ട്.
ഒരു വലിയ മോഷണ റാക്കറ്റാണ് കാർ ലണ്ടനിൽ നിന്ന് കടത്തിയതെന്നും ഒരു കിഴക്കൻ യൂറോപ്യൻ രാജ്യത്തെ ഉന്നത നയതന്ത്രജ്ഞന്റെ രേഖകൾ ഉപയോഗിച്ചാണ് ഇത് പാകിസ്ഥാനിലേക്ക് എത്തിച്ചതെന്നും ചില പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ നയതന്ത്രജ്ഞനെ സ്വന്തം രാജ്യത്തേക്ക് തിരിച്ചുവിളിപ്പിച്ചെന്നും പറയപ്പെടുന്നുണ്ട്.
മോഷ്ടിച്ച വാഹനം കടത്തിയതിലൂടെ 300 ദശലക്ഷം രൂപയിലേറെ നികുതി വെട്ടിപ്പ് നടന്നതായും കസ്റ്റംസ് ഉദ്യോഗസ്ഥർ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ സൂചിപ്പിക്കുന്നു. കാർ മോഷണത്തിന് പിന്നിലെ മാസ്റ്റർ മൈൻഡിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കസ്റ്റംസ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |