ആലപ്പുഴ: കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും രണ്ടാംകൃഷി ചെയ്യുന്ന പാടശേഖരങ്ങളിലും കരിനിലങ്ങളിലും ബാക്ടീരിയൽ ഇലകരിച്ചിലും മുഞ്ഞബാധയും ഭീഷണിയാകുന്നു. വിതകഴിഞ്ഞ് പത്തു മുതൽ 100ദിവസം വരെ പ്രായമായ നെൽച്ചെടികളിലാണ് മുഞ്ഞരോഗബാധ കാണപ്പെടുന്നത്.
ചമ്പക്കുളം, കൈനകരി, നെടുമുടി, എടത്വ, പുന്നപ്ര നോർത്ത്, സൗത്ത്, കരുവാറ്റ, ആലപ്പുഴ കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിലാണ് രോഗവ്യാപന ഭീഷണി . ആദ്യം കണ്ടുതുടങ്ങിയ ബാക്ടീരിയൽ ഇലകരിച്ചിൽ രോഗം നിയന്ത്രണവിധേയമാണെങ്കിലും ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ല. കതിർ ചൊട്ടയെത്തിയ നെൽച്ചെടികളിൽ ഇലകരിച്ചിൽ പടർന്നതോടെ കർഷകർ ആശങ്കയിലാണ്.
മഴയ്ക്ക് ശേഷം ഉണ്ടാകുന്ന ചൂടും മഞ്ഞും മൂലമാണ് മുഞ്ഞബാധ ഉണ്ടാകുന്നത്. ചെടിയുടെ ചുവട്ടിൽ ബാധിക്കുന്ന കീടം നെൽച്ചടിയുടെ നീര് പൂർണ്ണമായും ഊറ്റിക്കുടിക്കും. വായുസഞ്ചാരം ഉണ്ടായാൽ ഒരു പരിധിവരെ രോഗത്തെ തടയാമെങ്കിലും, ഇപ്പോഴത്തെ കാലാവസ്ഥയിൽ രോഗനിയന്ത്രണത്തിന് കീടനാശിനി ഉപയോഗം തന്നെ വേണ്ടിവരും. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെയും കൃഷി വകുപ്പിന്റെയും നിർദ്ദേശ പ്രകാരം മുഞ്ഞയ്ക്ക് പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചു തുടങ്ങിയെങ്കിലും കാര്യമായ ഫലം കാണുന്നില്ലെന്ന് കർഷകർ പറഞ്ഞു. ഏക്കറിന് 35,000 രൂപയിലധികം ചെലവഴിച്ചാണ് രണ്ടാം കൃഷി കൃഷിയിറക്കിയിരിക്കുന്നത്. പക്ഷേ, കാലം തെറ്റിയിറക്കിയ കൃഷിയിൽ ആദ്യം ഓരുജല ഭീഷണിയും ഇപ്പോൾ കീടങ്ങളുടെ ആക്രമണവും ഉണ്ടായത് കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
ഇല കരിച്ചിൽ
ലക്ഷണങ്ങൾ
സന്തോമൊണോസ് കാംപെസ്ട്രിസ് എന്ന ബാക്ടീരിയയാണ് രോഗാണു. നല്ല തണുപ്പിലും കനത്ത മഴയ്ക്കും ശേഷമാണ് ചെടികളിൽ രോഗം പ്രകടമാകുന്നത്. രോഗാണു ബാധിച്ച് 7 മുതൽ 15 ദിവസം വരെ കഴിഞ്ഞാണ് ലക്ഷണം കാണുന്നത്. നെല്ലോലകളുടെ ഇരുവശങ്ങളിലൂടെയോ നടുഞരമ്പിൽ കൂടിയോ മുകളിൽ നിന്നു താഴേക്ക് മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിൽ കരിച്ചിൽ ബാധിക്കും. രോഗം തീവ്രമാകുന്നതോടെ ചെടികൾ പൂർണമായും കരിഞ്ഞുപോകും. പാടത്ത് വെള്ളം കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ഭാഗത്താണ് ആദ്യം രോഗം പ്രകടമാകുന്നത്. ക്രമേണ മറ്റിടങ്ങളിലേക്ക് വ്യാപിക്കും.
പ്രതിരോധം
ഒരേക്കറിന് രണ്ട് കിലോഗ്രാം ബ്‌ളീച്ചിംഗ് പൗഡർ എന്ന തോതിൽ മസ്‌ളിൻ തുണിയിൽ ചെറുകെട്ടുകളാക്കി വെള്ളം കയറുന്ന ഭാഗങ്ങളിൽ ഇട്ടാൽ വെള്ളത്തിലൂടെയുള്ള വ്യാപനം തടയാം. ജൈവകൃഷിയിടങ്ങളിൽ വേപ്പിൻകുരു സത്ത്, വേപ്പെണ്ണ,വെളുത്തുള്ളി ഇമൾഷൻ എന്നിവ രോഗ നിയന്ത്രണത്തിന് ഉപയോഗിക്കാം.
"കാലംതെറ്റി വിളവിറക്കിയതാണ് കീടങ്ങളുടെ ശല്യം വ്യാപകമാകാൻ കാരണം. കുട്ടനാട്ടിലെ ഭൂരിഭാഗം കൃഷിഭവനുകളിലും ഓഫീസർമാർ ഇല്ലാത്തതിനാൽ കീടനിയന്ത്രണത്തിന് കർഷകർക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല.
- ബേബിപാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നാളീകേരനെൽകർഷക ഫെഡറേഷൻ
ബാക്ടീരിയൽ ഇലകരിച്ചിൽ രോഗം നിയന്ത്രണ വിധേയമാണ്. മുഞ്ഞയ്ക്കെതിരെ രാസകീടനാശിനി ഉപയോഗിക്കുന്നതിന് മുമ്പ് കർഷകർ കൃഷി ഉദ്യോഗസ്ഥരുടെ സഹായം തേടണം. അശാസ്ത്രീയമായ രാസകീടനാശിനിയുടെ ഉപയോഗം മിത്രകീടങ്ങളെ നശിപ്പിക്കും.
- ദീപ്തി, പ്രോജക്ട് ഡയറക്ടർ, കീടനിരീക്ഷണ കേന്ദ്രം, മങ്കൊമ്പ്