തിരുവനന്തപുരം: രാഷ്ട്രീയം പറയാതിരിക്കാനാവില്ലെന്നും അത്തരം സാഹചര്യത്തിൽ രാഷ്ട്രീയ ആഭിമുഖ്യം പ്രകടമാക്കുമെന്നും സ്പീക്കർ എ.എൻ. ഷംസീർ. സഭയിൽ പൂർണ്ണമായി നിഷ്പക്ഷനായിരിക്കും. സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ സഹായിക്കുന്നതിനൊപ്പം പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും പത്രപ്രവർത്തക യൂണിയന്റെ മുഖാമുഖം പരിപാടിയിൽ സ്പീക്കർ പറഞ്ഞു.
ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ രാഷ്ട്രീയം പറഞ്ഞ് സർക്കാരിനെ പ്രതിരോധിക്കേണ്ട സാഹചര്യമില്ല. പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയും ഭരണപക്ഷത്തിന് സംരക്ഷണമൊരുക്കുകയും ചെയ്യുന്ന ചുമതലയായിരുന്നു ഇതുവരെ. ഭരണപക്ഷത്ത് കൂടുതൽ യുവാക്കൾ എത്തിയതിനെ തുടർന്നാണ് പുതിയ ദൗത്യം. പുതിയ റോളാണ്, രാഷ്ട്രീയ ജീവിതത്തിലെ പുതിയ ചുവടുവയ്പാണ്. രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയും. ചുമതല നല്ലരീതിയിൽ നിർവഹിക്കും.
പുസ്തകം വായിച്ചല്ല, കൂടുതൽ സമയം സഭയിലിരുന്നാണ് സഭാനടപടികൾ പഠിച്ചത്. പ്രതിപക്ഷാംഗങ്ങളുമായി നല്ല ബന്ധമാണ്. എം.എൽ.എയാവും മുമ്പേ പൊതുരംഗത്തുണ്ട്. സഭയിലെത്തിയപ്പോൾ ആ ബന്ധങ്ങൾ കൂടുതൽ ദൃഢമായി.
ഗവർണർ ബില്ലുകൾ ഒപ്പിടാത്തതടക്കമുള്ള പ്രശ്നങ്ങൾ സർക്കാരും ഗവർണറും തമ്മിലുള്ള ചർച്ചയിൽ പരിഹരിക്കാം. പപ്പടം ചുട്ടെടുക്കും പോലെയല്ല നിയമങ്ങൾ പാസാക്കുന്നത്. ചർച്ചകൾ, സംവാദം, എതിർപ്പുകൾ എന്നിവയെല്ലം ഇതിന്റെ ഭാഗമാണ്. ആരോഗ്യകരമായ ചർച്ചകളും വാഗ്വാദങ്ങളും ഏറ്റുമുട്ടലുകളുമുണ്ടെങ്കിലും ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സൗഹൃദമുണ്ട്. ജനാധിപത്യത്തിന്റെ ഈ സൗന്ദര്യം സഭയിൽ കാണാനാവും. സഭയിൽ വാക്പോര് നടത്തുന്നവർ കന്റീനിൽ ഒരുമിച്ചിരുന്ന് ചായ കുടിക്കുന്ന കാഴ്ച ഇവിടെ മാത്രമുള്ളതാണ്. പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങൾ നിരാകരിക്കപ്പെടാറില്ലെന്നും സ്പീക്കർ പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സാനു ജോർജ്ജ് തോമസ് സ്വാഗതവും സെക്രട്ടറി അനുപമ ജി. നായർ നന്ദിയും പറഞ്ഞു.
ട്രോളുകൾ ആസ്വദിക്കും തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിൽ തന്നെക്കുറിച്ചുള്ള ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും വിമർശിക്കാതിരിക്കാൻ താൻ ദൈവമല്ലെന്നും സ്പീക്കർ പറഞ്ഞു. ഏറ്റവുമധികം ട്രോൾ ചെയ്യപ്പെടുന്നയാളാണ് താൻ. തന്നെപ്പറ്റിയുള്ള ട്രോളുകൾ മറ്റുള്ളവർ അയച്ചു തരാറുണ്ട്. ചിലത് താൻ ഫോണിൽ സൂക്ഷിക്കാറുണ്ട്. ആളുകൾ ശ്രദ്ധിക്കുന്നതു കൊണ്ടാണ് ട്രോളുണ്ടാക്കുന്നത്. വിമർശനങ്ങളോട് സഹിഷ്ണുതയാണ്. വിമർശനങ്ങളുണ്ടാവുമ്പോൾ തിരുത്തേണ്ടത് തിരുത്തും. ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികളെല്ലാം കാണും. മിക്കതിലും മുഖ്യ കഥാപാത്രം താനാണ്. ചിലതു കണ്ട് ചിരിക്കും. ചിലത് മനസാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങളാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |