ന്യൂഡൽഹി: മാനദണ്ഡങ്ങൾ പാലിക്കാത്ത 339 രാഷ്ട്രീയ പാർട്ടികൾക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി. നിലവിൽ ഇല്ലാത്ത 86 പാർട്ടികളെ പട്ടികയിൽ നിന്നൊഴിവാക്കുകയും 253 പാർട്ടികൾ പ്രവർത്തനരഹിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. രജിസ്റ്റർ ചെയ്‌ത അംഗീകാരമില്ലാത്ത പാർട്ടികൾക്കെതിരെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെയുടെ നേതൃത്വത്തിൽ നടപടിയെടുത്തത്.
നടപടിക്ക് വിധേയമായ 86 പാർട്ടികൾ പേര്, ആസ്ഥാനം, ഭാരവാഹികൾ, വിലാസം, പാൻ എന്നിവയിലെ മാറ്റം അറിയിച്ചിരുന്നില്ല. ഉദ്യോഗസ്ഥർ നേരിട്ട് നടത്തിയ പരിശോധനയിൽ നിലവിലില്ലെന്ന് കണ്ടെത്തുകയും ചെയ്‌തു. ബിഹാർ, ഡൽഹി, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പാർട്ടികളാണിവ.
നിഷ്‌ക്രിയമാണെന്ന് കണ്ടെത്തിയ 253 പാർട്ടികൾ ഒരിക്കൽപോലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ആറ് വർഷം തുടർച്ചയായി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും.