ന്യൂഡൽഹി; പി എം കെയേഴ്സ് ഫണ്ടിന്റെ പുതിയ ട്രസ്റ്റിയായി ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ, മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്, ലോക്സഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ട എന്നിവരെ നാമനിർദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന പി എം കെയേഴ്സ് ഫണ്ടിന്റെ ട്രസ്റ്റി ബോർഡ് യോഗത്തിന്റേതാണ് തീരുമാനം.
പി എം കെയേഴ്സ് ഫോർ ചിൽഡ്രൻ ഉൾപ്പടെയുള്ള പി എം കെയേഴ്സ് ഫണ്ടിന്റെ സഹായത്തോടെ നടപ്പാക്കിയ വിവിധ സംരംഭങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. പി എം കെയേഴ്സ് ഫണ്ടിന്റെ ഉപദേശക സമിതിയുടെ രൂപീകരണത്തിനായി മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രാജീവ് മെഹ്റിഷി, ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ ചെയർപേഴ്സൺ സുധാ മൂർത്തി, ടീച്ച് ഫോർ ഇന്ത്യയുടെ സഹസ്ഥാപകനും ഇൻഡികോർപ്സിന്റെയും പിരമൽ ഫൗണ്ടേഷന്റെയും മുൻ സിഇഒയുമായ ഡോ. ആനന്ദ് ഷാ എന്നിവരെ നാമനിർദേശം ചെയ്യാനും യോഗത്തിൽ തീരുമാനമായി.
പി എം കെയേഴ്സ് ഫണ്ടിന്റെ ട്രസ്റ്റിമാരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമലാ സീതാരാമൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫണ്ടിലേയ്ക്ക് പൂർണമനസോടെ സംഭാവന നൽകിയ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |