SignIn
Kerala Kaumudi Online
Friday, 30 September 2022 6.27 AM IST

ജപ്തി എന്ന കൊലക്കയർ

photo

സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങൾ നേരിടുക എന്ന മുഖ്യലക്ഷ്യത്തോടെ തുടങ്ങിയ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്കും ഇരുപതുകാരിയായ ഒരു കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ കാരണക്കാരായിരിക്കുന്നു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ അജി ഭവനിൽ അജികുമാറിന്റെ മകൾ അഭിരാമിയുടെ ആത്മഹത്യ ഒരിക്കൽക്കൂടി ജപ്തി നടപടികളുമായി ബന്ധപ്പെട്ട് ബാങ്കുകൾ സ്വീകരിക്കേണ്ട മനുഷ്യത്വപരമായ സമീപനത്തെക്കുറിച്ച് ഉറക്കെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

വായ്‌പ കൊടുത്ത പണം തിരിച്ച് ഈടാക്കുക എന്നത് ബാങ്കുകൾക്കു ഒഴിച്ചുകൂടാനാവാത്ത ആവശ്യം തന്നെയാണ്. അതോടൊപ്പം ജപ്തിക്കുമുമ്പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ കൃത്യമായി പാലിക്കപ്പെടേണ്ടതുമുണ്ട്. മൂന്നുവർഷം മുൻപ് എടുത്ത പത്തുലക്ഷം രൂപ വായ്പയുടെ തിരിച്ചടവു മുടങ്ങിയതിന്റെ പേരിലാണ് അഭിരാമിയുടെ വീടും സ്ഥലവും കേരള ബാങ്കിന്റേതെന്നു കാണിച്ച് ജപ്തി ബോർഡ് സ്ഥാപിച്ചത്. മാലോകരെല്ലാം ഒറ്റനോട്ടത്തിൽത്തന്നെ കാണണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് സാമാന്യം വലിയ ആ ബോർഡ് വീട്ടുമുറ്റത്തെ മരത്തിൽ സ്ഥാപിച്ചത്. ബന്ധുവിന്റെ ശവസംസ്കാരച്ചടങ്ങിൽ സംബന്ധിച്ചു മടങ്ങിയെത്തിയ വീട്ടുകാർ കാണുന്നത് ഈ ബോർഡാണ്. ബോർഡ് എടുത്തുമാറ്റിക്കാൻ അച്ഛനും അമ്മയും ഉടനെതന്നെ ബാങ്കിലേക്കു പോയ അവസരത്തിലാണ് അഭിരാമി മുറിയിൽ കയറി ജീവനൊടുക്കിയത്. ജപ്തി ബോർഡ് കണ്ട് ആ കുട്ടി വല്ലാതെ വേദനിച്ചിരുന്നു എന്നാണ് പറയുന്നത്. വായ്പാ കുടിശികയുടെ പേരിൽ വീട്ടുകാരെ മൊത്തം മാനം കെടുത്തുന്ന തരത്തിൽ ഇതുപോലുള്ള ജപ്തി നോട്ടീസ് പതിക്കൽ എന്തുകൊണ്ട് ഒഴിവാക്കിക്കൂടാ എന്ന് ആലോചിക്കേണ്ട സമയമായി. സാധാരണക്കാരുടെ ജീവിതപ്രയാസങ്ങൾ നന്നായി മനസിലാക്കുകയും അവരുടെ ക്ഷേമത്തിനായി ഒട്ടേറെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന സർക്കാർ അധികാരത്തിലിരിക്കുമ്പോൾ അതേ സർക്കാരിന്റെ സ്വന്തം ബാങ്ക് തന്നെ ഇതുപോലുള്ള മനുഷ്യത്വരഹിതമായ നടപടി സ്വീകരിക്കുന്നത് അങ്ങേയറ്റം അധാർമ്മികമാണ്.

വായ്പാ കുടിശിക പ്രശ്നത്തിൽ സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അവസാനിക്കാൻ രണ്ടാഴ്ചയോളം ശേഷിക്കുമ്പോഴാണ് കേരള ബാങ്കിന്റെ പതാരം ശാഖ ജപ്തി ബോർഡുമായി ഇറങ്ങിയതെന്ന് ഓർക്കണം. സാധാരണഗതിയിൽ ഒരുതരത്തിലും വായ്പ തിരിച്ചീടാക്കാൻ കഴിയില്ലെന്നു വരുമ്പോഴാണ് അറ്റകൈയായി ജപ്തി നടപടികൾക്ക് ബാങ്കുകൾ ഇറങ്ങാറുള്ളത്. കുടിശിക വന്നാലുടൻ ജപ്തി ആകാമെന്ന് നിയമം ഉള്ളപ്പോൾപോലും ആവുന്നത്ര സാവകാശം നൽകാൻ ശ്രമിക്കാറുണ്ട്. ജപ്തിയിലൂടെ ആരെയും വീടുകളിൽ നിന്ന് ഇറക്കിവിടരുതെന്നാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. പിന്നെ എന്തിനാണ് കേരള ബാങ്ക് അധികൃതർ ഈ പണി ചെയ്തതെന്ന ചോദ്യം ഉയരുന്നു. പ്രതീകാത്മകമായാണ് ജപ്തി ബോർഡ് സ്ഥാപിച്ചതത്രേ. വായ്പക്കാരന് രേഖാമൂലം നോട്ടീസ് നൽകി സാധിക്കാവുന്ന ഒരു കാര്യത്തിന് വീട്ടുമുറ്റത്ത് അതുവഴി പോകുന്നവരെല്ലാം കാണുമാറ് വലിയ ബോർഡ് വച്ചത് കരുതിക്കൂട്ടി അപമാനിക്കാൻ വേണ്ടിയാകണം. മാത്രമല്ല യഥാർത്ഥ ജപ്തി നടക്കുന്നതിനു മുൻപ് തന്നെ ഈ സ്ഥലവും വീടും ബാങ്കിന്റെ സ്വത്താണെന്നും അതിൽ കയറുന്നവർ ശിക്ഷാർഹരാണെന്നും എഴുതിവയ്ക്കുന്നത് ഏതു നിയമ പ്രകാരമാണ്.

ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് മനുഷ്യർ വായ്പയെടുക്കുന്നത് ഓരോരോ ആവശ്യങ്ങൾക്കു വേണ്ടിയാണ്. വായ്പ എടുക്കാൻ ആളുണ്ടെങ്കിലേ ഈ ധനകാര്യ സ്ഥാപനങ്ങൾക്കു നിലനില്പുള്ളൂ. തിരിച്ചടവ് മുടങ്ങിയാൽ ഈടാക്കാൻ വഴികളുണ്ട്. ഏറ്റവും അവസാനമാണ് ജപ്തിയുടെ ഘട്ടം എത്തുന്നത്. ജപ്തിക്കുമുമ്പിൽ നിസഹായരായി ജീവിതം ഉപേക്ഷിച്ചവർ സംസ്ഥാനത്ത് ധാരാളമുണ്ട്. ഇത്തരം ഓരോ സംഭവവും ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട മനുഷ്യത്വപരമായ സമീപനത്തിന്റെ ആവശ്യകത ഓർമ്മിപ്പിക്കാറുണ്ട്. വൻകിടക്കാരുടെ ലക്ഷക്കണക്കിനു കോടികളുടെ വായ്പകൾ കിട്ടാക്കടമായി കിടക്കുമ്പോൾ സാധാരണക്കാരുടെ ചെറിയ സംഖ്യകളെച്ചൊല്ലിയാണ് ബാങ്കുകളുടെ ഉത്‌ക്കണ്ഠയത്രയും. വല്ല നിവൃത്തിയുമുണ്ടെങ്കിൽ സാധാരണക്കാരിൽ ആരും തന്നെ എടുത്ത കടം വീട്ടാതിരിക്കില്ല. തിരിച്ചടവ് വൈകിയതിന്റെ പേരിൽ അവരെ അപമാനിക്കുകയല്ല വേണ്ടത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BANK ATTACHMENT NOTICE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.