മയാമി : അപകടത്തിൽപ്പെട്ട ഡെലിവറി ട്രക്കിൽ നിന്ന് ആയിരക്കണക്കിന് ബിയർ കാനുകൾ റോഡിൽ ചിതറിത്തെറിച്ചത് വൻ ഗതാഗത കുരുക്കിന് കാരണമായി. യു.എസിലെ ഫ്ലോറിഡയിലുള്ള തിരക്കേറിയ ഇന്റർസ്റ്റേറ്റ് 75 ഹൈവേയിൽ പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഹെർനാൻഡോ കൗണ്ടിയ്ക്ക് സമീപത്ത് വച്ച് ബിയർ കാനുമായി വന്ന ട്രക്ക് മറ്റൊരു ട്രക്കിലിടിക്കുകയായിരുന്നു.
റോഡിലൂടെ സഞ്ചരിച്ച മറ്റ് രണ്ട് ട്രക്കുകളും ഒരു പിക്ക് അപ്പ് വാനും അപകടത്തിൽപ്പെട്ടു. അപകടത്തിൽപ്പെട്ട ആർക്കും ഗുരുതര പരിക്കില്ല. ട്രക്കിലുണ്ടായിരുന്ന ബിയർ കാനുകൾ റോഡിലേക്ക് വീണതോടെ ഹൈവേ മണിക്കൂറുകളോളം അടച്ചിടേണ്ടി വന്നു. മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കാനുകളെല്ലാം നീക്കം ചെയ്ത ശേഷമാണ് റോഡിന്റെ ഒരു ഭാഗത്ത് ഗതാഗതം പുനഃസ്ഥാപിച്ചത്. ആറ് മണിക്കൂറിന് ശേഷമാണ് റോഡ് പൂർണമായും തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |