തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായ ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മൺവിള സ്വദേശി ജിതിന് സ്കൂട്ടർ എത്തിച്ച സുഹൃത്തായ വനിതയെ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. പ്രാദേശിക വനിതാനേതാവായ ഇവരെ പ്രതിയാക്കണോ എന്നത് ചോദ്യം ചെയ്യലിന് പിന്നാലെ തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗൗരീശപട്ടത്ത് കാറിൽ കാത്തുകിടന്ന ജിതിന് സുഹൃത്തായ സ്ത്രീയാണ് സ്കൂട്ടർ കൈമാറിയത്. എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിന് പിന്നാലെ തിരിച്ചെത്തി ജിതിൻ സ്കൂട്ടർ ഇവർക്ക് തിരികെ നൽകി. തുടർന്ന് ഇവർ സ്കൂട്ടർ ഓടിച്ചുപോയെന്നും അന്വേഷണ സംഘം പറയുന്നു. ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചിരുന്നു.
അതേസമയം, ആക്രമണക്കേസിൽ കുറ്റം ചെയ്തിട്ടില്ലെന്ന് ജിതിൻ പ്രതികരിച്ചു. പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നാണ് ജിതിൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം തിരികെ കൊണ്ടുപോകുന്നതിനിടെയായിരുന്നു ജിതിന്റെ പ്രതികരണം.
കുറ്റം സമ്മതിച്ചെന്ന് പറയുന്നത് കളവാണ്. കഞ്ചാവ് കേസിലടക്കം കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. കൂടെയുള്ളവരെ കേസിൽ കുടുക്കുമെന്ന് പൊലീസ് പറഞ്ഞതായും ജിതിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കൂടി പങ്കുണ്ടെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. ജിതിൻ കൃത്യം നടത്തിയത് പ്രദേശിക നേതാക്കളുമായി ആലോചിച്ചാണ്. ജിതിൻ ഇക്കാര്യം സമ്മതിച്ചതായും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. ജിതിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |