SignIn
Kerala Kaumudi Online
Sunday, 17 May 2026 10.44 AM IST

ദേവസ്വം ബോർഡ് നിയമന തട്ടിപ്പ്: പ്രതികൾക്കെതിരെ 56 കേസുകൾ, 4.5 കോടി തട്ടിയെടുത്തു

a

മാവേലിക്കര: ദേവസ്വം ബോർഡിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി വിനീഷ് രാജ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ രജിസ്‌റ്റർ ചെയ്ത കേസുകളുടെ എണ്ണം 56 ആയി. നിലവിൽ നാലര കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്.

ഇതുവരെ 14 പ്രതികൾ അറസ്‌റ്റിലായി. ഈരേഴ വടക്ക് സ്വദേശി ദീപു ത്യാഗരാജൻ വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ദിവസം അമ്മയും മകനും ഉൾപ്പെടെ മൂന്ന് പേർ കൂടി പിടിയിലായിരുന്നു. ഇനിയും പ്രതികളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. വലിയ സാമ്പത്തിക തട്ടിപ്പായിട്ടും ഇപ്പോഴും കേസ് അന്വേഷിക്കുന്നത് ലോക്കൽ പൊലീസാണ്. സാധാരണ നിലയിൽ ഇത്തരം കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറുകയാണ് പതിവ്.

ചെട്ടികുളങ്ങര ഈരേഴ തെക്ക് അയ്യപ്പഭവനം കെ.ജെ.സിനി (സിനി എസ്.പിള്ള - 47), മകൻ അനന്തകൃഷ്ണൻ (അനന്തു -23), കരുനാഗപ്പള്ളി കൊല്ലക വടക്കുംതല മൂന്ന് സെന്റ് കോളനിയിൽ രുദ്രാക്ഷ് (കുക്കു - 27) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അനന്തകൃഷ്ണന് ജോലിക്കു വേണ്ടി സിനി പലപ്പോഴായി മൂന്നര ലക്ഷം രൂപ കേസിലെ മുഖ്യപ്രതി വിനീഷ് രാജിന് നൽകിയിരുന്നു. വിനീഷ് നൽകിയ വ്യാജ നിയമന ഉത്തരവ് കാണിച്ച് മറ്റ് പലരെയും ജോലി ലഭിക്കുമെന്നു സിനി വിശ്വസിപ്പിച്ചു. 20 പേരിൽ നിന്നായി ലക്ഷക്കണക്കിനു രൂപ അമ്മയും മകനും പിരിച്ചെടുത്തു വിനീഷിനു കൈമാറി. ഇതിനുള്ള കമ്മിഷൻ കൈപ്പറ്റുകയും ചെയ്‌തു.

കൊല്ലം സ്വദേശി വിഷ്ണു നൽകിയ പരാതിയിൽ പരാമർശിക്കപ്പെട്ട രുദ്രാക്ഷാണ് അറസ്റ്റിലായ മറ്റൊരു പ്രതി. തട്ടിപ്പിന്റെ മുഖ്യ ഏജന്റ് കൊല്ലം സ്വദേശി ഫെബിൻ ചാൾസ്, മുഖ്യപ്രതി വിനീഷ് രാജ് എന്നിവരെ പരിചയപ്പെടുത്തിയത് രുദ്രാക്ഷാണെന്ന് വിഷ്ണു മൊഴി നൽകിയിരുന്നു. ആറ് പേരിൽ നിന്നായി 75 ലക്ഷം രൂപ രുദ്രാക്ഷ് തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. മുഖ്യപ്രതി വി.വിനീഷ് രാജ് (32), പി.രാജേഷ് (34), വി.അരുൺ (24), അനീഷ് (24), എസ്.ആദിത്യൻ (ആദി–22), സന്തോഷ് കുമാർ (52), ബിന്ദു (43), വൈശാഖ് (24), സി.ആർ അഖിൽ (കണ്ണൻ–24), ഫെബിൻ ചാൾസ് (23) എന്നിവരാണ് നേരത്തെ അറസ്റ്റിലായ പ്രധാന പ്രതികൾ. ഇവരിൽ സന്തോഷ് കുമാർ, രുദ്രാക്ഷ് എന്നിവരെ തെളിവെടുപ്പിനായി ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY