SignIn
Kerala Kaumudi Online
Friday, 09 December 2022 11.53 AM IST

പഠനത്തിൽ അഗ്രഗണ്യനായിരുന്നവൻ അമ്പലത്തിൽ നടന്ന കൊലപാതകത്തിൽ ജയിലിലായി, കോടതിയിൽ സ്വയം വാദിച്ച് ഏതു വക്കീലനെയും തോൽപ്പിക്കുന്ന തിരുവനന്തപുരത്തെ മയക്കുമരുന്ന് മാഫിയ തലവൻ ശബരിനാഥ്

mafia

തിരുവനന്തപുരം: ഒരു കോടിരൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും വിതരണക്കാരനായ കൂട്ടാളിയും പിടിയിലായി. പെരുങ്കുഴി വിശാഖം വീട്ടിൽ ശബരീനാഥ് (42), അയിരൂർ കളത്തറ നിഷാൻ (29) എന്നിവരെയാണ് റൂറൽ എസ്.പി ഡി. ശിൽപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കടയ്ക്കാവൂർ മണനാക്ക് നാസ് ഓഡിറ്റോറിയത്തിന് സമീപത്തുനിന്നാണ് 320 ഗ്രാം എം.ഡി.എം.എ സൂക്ഷിച്ചിരുന്ന സ്കൂട്ടർ സഹിതം ഇരുവരും പിടിയിലായത്.

കർണാടകയിൽ നിന്ന് എം.ഡി.എം.എയും ക‌ഞ്ചാവുമുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുത്ത് വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പെരുങ്കുഴി നാലുമുക്കിൽ സതീശനെന്നയാളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ് ശബരീനാഥ്. മയക്കുമരുന്ന് കേസിൽ 6 മാസം മുമ്പ് ജയിൽമോചിതനായ ഇയാൾക്കെതിരെ 11 ക്രിമിനൽ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. പോക്സോ കേസും മയക്കുമരുന്ന് കേസുമുൾപ്പെടെ നാല് കേസുകളിൽ പ്രതിയാണ് നിഷാൻ. കഴിഞ്ഞദിവസം എത്തിച്ച മയക്കുമരുന്ന് ചില്ലറ വില്പനക്കാർക്ക് കൈമാറാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിക്കപ്പെട്ടത്. മയക്കുമരുന്നിന്റെ ഉറവിടത്തെയും വിതരണക്കാരെയും സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി റൂറൽ എസ്.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി റാസിത്ത്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പ്രശാന്ത്, കടയ്ക്കാവൂർ സി.ഐ അജേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സിനിമാക്കഥകളെ വെല്ലുന്ന ജീവിതം

എം.ഡി.എം.എയുമായി കടയ്ക്കാവൂരിൽ നിന്ന് തിരുവനന്തപുരം റൂറൽ പൊലീസ് പിടികൂടിയ ശബരീനാഥ് എൽ.എൽ.ബി, ചാർട്ടേഡ് അക്കൗണ്ടന്റ് ബിരുദധാരി. പഠനത്തിൽ അഗ്രഗണ്യനായിരുന്ന ശബരീനാഥ് നാട്ടിലെ ഭേദപ്പെട്ട കുടുംബത്തിലെ അംഗമാണ്. പഠനകാലത്ത് നാട്ടിലെ ക്ഷേത്രഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിക്കിടെ പെരുങ്കുഴി നാലുമുക്ക് സ്വദേശി സതീശനെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ പതിനേഴംഗസംഘത്തിനൊപ്പം ജയിലിലായതാണ് ശബരീനാഥിന്റെ ജീവിതം മാറ്റിമറിച്ചത്.

sabarinath

കേസിലെ പ്രതികളെ വിചാരണകോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. പിന്നീട് അപ്പീലിൽ പുറത്തിറങ്ങിയ ശബരീനാഥ് ജയിലിൽ വച്ചാണ് എൽ.എൽ.ബി പാസായത്. പിന്നീട് സി.എ ബിരുദവും നേടി. എന്നാൽ ജയിലിലെ ജീവിതം ശബരീനാഥിനെ കൊടുംക്രിമിനലാക്കി. ജയിൽ പുള്ളികളുമായുള്ള സൗഹൃദത്തിൽ കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ ഇയാൾ പിന്നീട് ഇതിന്റെ കടത്തുകാരനാവുകയായിരുന്നു. ഇതിനിടെ നിരവധി ക്രിമിനൽ കേസുകളിലും അകപ്പെട്ടു. നിയമപഠനത്തിൽ അഗ്രഗണ്യനായിരുന്ന ശബരീനാഥ് പൊലീസും എക്സൈസും രജിസ്റ്റർ ചെയ്ത കേസുകളിൽ പലതിൽ നിന്നും തന്റെ നിയമ പരിജ്ഞാനത്താൽ തലയൂരി. അടുത്തിടെ ചിറയിൻകീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഇയാളുടെ നിയമബിരുദം പൊലീസിന് പുലിവാലായി. വാഹനത്തിൽ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ ശബരീനാഥനെതിരെ കേസ് രജിസ്റ്റർ ചെയ്തതിലെ പിഴവാണ് പൊലീസിന് പണിയായത്. പിടിക്കപ്പെട്ടതിന് അടുത്ത ദിവസമാണ് കേസെടുത്തത്.

വാഹനപരിശോധനയ്ക്കിടെ റോഡിൽ വച്ച് കഞ്ചാവുമായി പിടിയിലായെന്നായിരുന്നു കേസ്. എന്നാൽ പൊലീസ് കേസെഴുതിയ സമയത്ത് തന്റെ വാഹനം റോഡിലല്ല കസ്റ്റഡിയിലായിരുന്നുവെന്ന് വാഹനത്തിലെ ജി.പി.എസ് സംവിധാനത്തിന്റെ രേഖകൾ ഹാജരാക്കി ശബരീനാഥ് കോടതിയിൽ സമർത്ഥിച്ചത് പൊലീസിന് അടിയായി. മയക്കുമരുന്ന് കടത്തിൽ നിന്നുള്ള കണക്കില്ലാത്ത വരുമാനമാണ് ഇയാളെ മയക്കുമരുന്ന് മാഫിയയുടെ തലവനാക്കിയത്. ജില്ലയ്ക്കകത്തും പുറത്തും നിരവധി സ്ഥലങ്ങളിൽ ഇയാൾ കോടികളുടെ വസ്തുവകകൾ സമ്പാദിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ആഡംബര വാഹനങ്ങളമുണ്ട്. ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും കാപ്പ ചുമത്താനും നടപടി കൈക്കൊള്ളുമെന്ന് പൊലീസ് പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, SABARI, MAFIA GOON, MDMA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.