ഭുവനേശ്വർ: വീട്ടിനുള്ളിലെ പൂജാമുറിയിൽ അഞ്ചുവർഷമായി തുറക്കാതെ ഭദ്രമായി പൂട്ടി സൂക്ഷിച്ചിരുന്ന പെട്ടിയിലുണ്ടായിരുന്നത് രണ്ട് പടുകൂറ്റൻ മൂർഖൻ പാമ്പുകൾ. ഒഡിഷയിലെ ഭദ്രാക് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം . ഏറെ പണിപ്പെട്ടാണ് പാമ്പുകളെ പെട്ടിയിൽ നിന്ന് പുറത്തെടുത്തത്.
ഭദ്രാക് ജില്ലയിൽ പാടങ്ങൾക്ക് നടുവിലെ ഓലമേഞ്ഞ വീട്ടിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. രത്നഗർ ജനാ എന്ന വ്യക്തിയാണ് വീട്ടുടമസ്ഥൻ. വീട്ടിൽ പൂജാമുറി ഉണ്ടായിരുന്നെങ്കിലും വർഷങ്ങളായി ഇത് തുറന്നിരുന്നില്ല. കഴിഞ്ഞദിവസം രത്നഗറിന്റെ മകൻ വീടിന്റെ പിൻഭാഗത്ത് എത്തിയപ്പോൾ കക്കൂസിന് സമീപത്തായി പടുകൂറ്റനായ ഒരു മൂർഖൻ പാമ്പിനെ കണ്ടു. മകന്റെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി. അവരും പാമ്പിന്റെ അസാധാരണ വലിപ്പം കണ്ട് അന്തംവിട്ടുപോയി. നേരത്തേ പലതവണ പ്രദേശത്ത് മൂർഖൻ പാമ്പിനെ കണ്ടതായി ചിലർ പറഞ്ഞെങ്കിലും ഇത്രവലിപ്പമുണ്ടാവുമെന്ന് ആരും കരുതിയില്ല. പാമ്പിന്റെ യഥാർത്ഥ വലുപ്പം കണ്ടതോടെ അതിനെ പിടികൂടിയില്ലെങ്കിൽ അപകടമാണെന്ന് മനസിലാക്കിയ പ്രദേശവാസികൾ പാമ്പുപിടുത്തക്കാരനായ ഷെയ്ക്ക് മിർസയെ വിളിച്ചുവരുത്തി. ഇതിനിടെ പാമ്പ് എങ്ങോട്ടോ ഇഴഞ്ഞുമാറി.
ഷെയ്ക്ക് മിർസ എത്തി പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും പാമ്പിന്റെ പൊടിപോലും കണ്ടുപിടിക്കാനായില്ല. പക്ഷേ, ഒരു മാളം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. പരിശോധനയിൽ അത് അവസാനിക്കുന്നത് വീട്ടിലെ അടച്ചിട്ടിരിക്കുന്ന പൂജാമുറിയിലാണെന്ന് വ്യക്തമായി. തുടർന്ന് പൂജാമുറി ആകെ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. അപ്പോഴാണ് പൂജാമുറിയിൽ ഒരു പെട്ടി പൂട്ടിയ നിലയിൽ കണ്ടത്. അഞ്ചുവർഷമായി ആ പെട്ടി അവിടെയുണ്ടെന്നും അത് തുറന്നിട്ടില്ലെന്നും വീട്ടുടമസ്ഥൻ പറഞ്ഞതോടെ അത് തുറന്നുപരിശോധിക്കാൻ തന്നെ തീരുമാനിച്ചു. തുറന്നപ്പോൾ ഉള്ളിൽ നിറയെ പഴയ തുണികളായിരുന്നു. തുണികൾ മാറ്റി പരിശോധിച്ചപ്പോഴാണ് ഏറ്റവും അടിയിൽ ചുരുണ്ടിരിക്കുന്ന പാമ്പുകളെ കണ്ടെത്തിയത്. ഇവയെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ അവ ഇണചേരുകയാണെന്നും വ്യക്തമായി. ഒടുവിൽ ഏറെ പണിപ്പെട്ട് രണ്ട് പാമ്പുകളെയും പുറത്തെടുക്കുകയായിരുന്നു.ഇവയെ പിന്നീട് വനത്തിൽ തുoന്നുവിട്ടു. അഞ്ചുവർഷമായി പൂട്ടിയിട്ടിരുന്ന പെട്ടിക്കുള്ളിൽ ഇത്രവലിയ പാമ്പ് എങ്ങനെ എത്തിയെന്ന് ഉത്തരം കിട്ടാത്ത ചോദ്യത്തിന് പുറകേയാണ് ഗ്രാമവാസികൾ ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |