SignIn
Kerala Kaumudi Online
Thursday, 08 December 2022 6.59 PM IST

'അയാൾ എന്നെ രാത്രി ഉറങ്ങാൻ സമ്മതിക്കാറില്ല മിസ്സേ, എന്നും വേണം, വേദനിച്ച് കരയുമ്പോൾ അയാൾക്ക് ലഹരി കൂടുമത്രേ', വൈറലായി കുറിപ്പ്

marital-sexual-assault

സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗിക ബന്ധം ബലാത്സംഗമാണെന്നും ഗർഭഛിദ്ര നിയമപ്രകാരമുള്ള ബലാത്സംഗത്തിന്റെ നിർവചനത്തിൽ വൈവാഹിക ബലാത്സംഗവും ഉൾപ്പെടുമെന്നുള്ള സുപ്രീം കോടതി വിധി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇത്തരം അനുഭവങ്ങൾ ഇന്ത്യയിലെ അനേകം സ്ത്രീകൾ നേരിടുന്നുണ്ട്. എന്നാൽ കുടുംബജീവിതത്തിന്റെ കെട്ടുപാടുകളും ബാദ്ധ്യതകളും ഇതിൽ നിന്ന് പുറത്തുകടക്കാൻ ഒട്ടുമിക്ക സ്ത്രീകളെയും അനുവദിക്കുന്നില്ല. സമൂഹത്തിൽ നിന്നും സ്വന്തം വീട്ടിൽ നിന്നുപോലും നേരിടേണ്ടിവരുന്ന കുത്തുവാക്കുകളും പഴികളും കടമകളുടെ ഭാരവും സ്ത്രീകളെ വൈവാഹിക ബലാത്സംഗം തിരിച്ചറിഞ്ഞ് അതിനെതിരെ പോരാടാൻ അനുവദിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഈ പശ്ചാത്തലത്തിൽ ദിവ്യ ഗീത് എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്. സംവിധായകൻ ജിയോ ബേബി അടക്കം നിരവധിപ്പേർ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ട്രെയിനിൽ കയറുമ്പോൾ അവൾ സൈഡ് സീറ്റിൽ ഇരുന്ന് ഉറങ്ങുന്നത് കാണാം.

മിക്കപ്പോഴും ആ പെൺകുട്ടി കോളേജിൽ ഇരുന്ന് ഉറക്കം തൂങ്ങാറുണ്ട്..!

സ്ലീപ്പിങ് പ്രിൻസസ് എന്നു പറഞ്ഞ് മറ്റു ടീച്ചർമാർ സ്റ്റാഫ് റൂമിൽ വന്ന് കളിയാക്കി പറയുമ്പോൾ എല്ലാവരെയും പോലെ ഞാനും ചിരിച്ചു തള്ളിയിട്ടുണ്ട്.

പക്ഷേ ഒരിക്കൽ, വൈകുന്നേരം അത്രയും തിരക്കുള്ള റെയിൽവേ സ്റ്റേഷനിൽ തൂണും ചാരി നിന്ന് ഉറങ്ങുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ സങ്കടമാണ് തോന്നിയത്.

22 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി. ട്രെയിൻ വന്നിട്ട് പോലും അവൾ അറിഞ്ഞില്ല. അവളെ തട്ടിയുണർത്തി ട്രെയിനിൽ കയറ്റി. സീറ്റും ഒപ്പിച്ചു.

അതോടെ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദവും തുടങ്ങി. സ്ലീപ്പിങ് പ്രിൻസസ് എന്ന് തന്നെയാണ് ഞാൻ അവളെ വിളിച്ചിരുന്നത്. അവൾ ഒരു നനുത്ത ചിരി ചിരിക്കും.

ഒരു ദിവസം എക്സ്ട്രാ ക്ലാസ് കഴിഞ്ഞ് സ്ഥിരം ട്രെയിൻ കിട്ടില്ല എന്ന് ഉറപ്പായപ്പോൾ അവൾ എന്നോട് ചോദിച്ചു, മിസ്സ്, നമുക്കിന്ന് പാസഞ്ചറിന് പോയാലോ എന്ന്..

ആറു മണിക്കുള്ള പാസഞ്ചറിന് നാലരക്ക് തന്നെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി.

ആരുമില്ലാത്ത റെയിൽവേ സ്റ്റേഷൻ ഇരിക്കുമ്പോ ഞാൻ അവളോട് ചിരിച്ചുകൊണ്ട് പറഞ്ഞു, നീ ഇവിടെ ഇരുന്ന് ഉറങ്ങരുത് ഇപ്പോൾ നമ്മൾ രണ്ടുപേരും മാത്രമേ ഉള്ളൂ എന്ന്...

അന്ന് ആദ്യമായി അവൾ എന്നെ ഒന്ന് നോക്കി.

"മിസ്സിനോട് പറയട്ടെ ഞാൻ എന്തുകൊണ്ടാ ഇങ്ങനെ ഉറങ്ങി തൂങ്ങുന്നത് എന്ന്?"

" പറ "

"അയാൾ എന്നെ രാത്രി ഉറങ്ങാൻ സമ്മതിക്കാറില്ല മിസ്സേ...!!"

അതും പറഞ്ഞ് അവൾ തല താഴ്ത്തി ഇരുന്നു.

അവൾ വിവാഹിതയാണ് എന്നും ട്രെയിനിൽ വരുന്നത് ഭർത്താവിന്റെ വീട്ടിൽ നിന്നാണ് എന്നും സ്വന്തം നാട് പാലക്കാട് ജില്ലയിലാണ് എന്നുമൊക്കെ പലപ്പോഴായി എന്നോട് പറഞ്ഞിട്ടുണ്ട്.

ആ ഇരിപ്പിൽ തന്നെ അവൾ എന്നോട് സംസാരിച്ചു തുടങ്ങി.

അയാൾക്ക് എന്നും രാത്രി വേണം മിസ്സേ..

നാലും അഞ്ചും പ്രാവശ്യം ഒക്കെ...!!

ഓരോ പ്രാവശ്യവും അയാൾ എന്നെ ഒരുപാട് വേദനിപ്പിക്കും..

ഞാൻ വേദനിച്ച് കരയുമ്പോൾ അയാൾക്ക് ലഹരി കൂടും ത്രേ...

കല്യാണം കഴിഞ്ഞ ഇടയ്ക്ക് ഞാനെന്റെ ചേച്ചിയോട് ഈ കാര്യം ചെറുതായി സൂചിപ്പിച്ചു.

ചേച്ചി പറഞ്ഞു തുടക്കം ആകുമ്പോൾ ഇങ്ങനെയൊക്കെ തന്നെയാണ്, പിന്നെ ശരിയായിക്കോളും എന്ന്.

ഞാനും അത് വിശ്വസിച്ചു.

ഇപ്പൊ കല്യാണം കഴിഞ്ഞ് രണ്ടര വർഷം ആകുന്നു.

കുട്ടികൾ ഇല്ലാത്തതിന് വീട്ടുകാരുടെ ചോദ്യമുണ്ട്.

അങ്ങനെ ആരെങ്കിലും അന്ന് ചോദിച്ചാൽ അയാള് ആ രാത്രി എന്നെ വലിച്ചുകീറിയെടുക്കും.

കോളേജിൽ വരാൻ 7 മണിയുടെ ട്രെയിൻ കിട്ടാൻ ഞാൻ ആറേ കാലിന് വീട്ടിൽ നിന്ന് ഇറങ്ങും.

ആളുടെ അമ്മ ഭക്ഷണമൊക്കെ ഉണ്ടാക്കി പാക്ക് ചെയ്തു തന്നു വിടും.

എന്നാലും എനിക്ക് ആറുമണിവരെ കിടന്നു ഉറങ്ങാൻ പറ്റുമോ? അഞ്ചുമണിക്ക് എങ്കിലും എണീറ്റ് അമ്മയെ കുറിച്ച് സഹായിച്ചാണ് ഞാൻ കുളിച്ചു ഭക്ഷണവും എടുത്തു വരുന്നത്.

ഭർത്താവ് ആഴ്ചയിൽ നാലുദിവസം ആണ് വീട്ടിൽ വരുന്നത്.

ആ ദിവസങ്ങളിൽ ഒക്കെ പുലർച്ചെ മൂന്നു മണി വരെയെങ്കിലും അയാൾ എന്നെ ഉറങ്ങാൻ സമ്മതിക്കില്ല.

പക്ഷേ അപ്പോഴും ഞാൻ അഞ്ചു മണിക്ക് എണീറ്റ് വരും.

ഈ കോഴ്സ് പൂർത്തിയാക്കുക എന്നത് മാത്രമാണ് ഇതിൽ നിന്നും എനിക്ക് രക്ഷപ്പെടാനുള്ള ഒരേ വഴി.

അതുകൊണ്ടാണ് ഇത്രയും ത്യാഗം സഹിച്ചിട്ടും ഞാൻ വന്നു പഠിക്കുന്നത്.

അസൈമെന്റ് ഒക്കെ അയാൾ വീട്ടിൽ വരാത്ത ദിവസങ്ങളിൽ പുലർച്ചെ വരെ ഇരുന്നാണ് ഞാൻ എഴുതി തീർക്കുന്നത്. അതുകൊണ്ടാ ഞാനൊരു സ്ലീപിംഗ് പ്രിൻസസ് ആയി മാറിയത്..

അച്ഛനും അമ്മയും ചേച്ചിയുടെ കൂടെ ഡൽഹിക്ക് പോയതോടെ, വല്ലപ്പോഴും സ്വന്തം വീട്ടിൽ പോയി നിന്ന് സമാധാനത്തോടെ രണ്ടു രാത്രി ഉറങ്ങാം എന്നുള്ള ചാൻസ് പോലും ഇപ്പൊ എനിക്കില്ല...

പുറമേ നിന്ന് നോക്കുന്നവർക്ക് എനിക്ക് എല്ലാം ഉണ്ട്..

എനിക്ക് ആവശ്യമുള്ളതെല്ലാം ഭർത്താവ് വാങ്ങിച്ചു തരും. ഞാൻ പറയാതെ തന്നെ..

ആളുടെ അമ്മ എന്നെ കഷ്ടപ്പെടുത്താതെ പഠിക്കാൻ ഉള്ള സൗകര്യങ്ങളൊക്കെ ചെയ്തു തരും..

എന്റെ വീട്ടുകാരും നാട്ടുകാരും ഒക്കെ ചോദിക്കുന്നത് ഇത്രയും സൗഭാഗ്യം ഉള്ള ജീവിതം കിട്ടിയല്ലോ എന്നാണ്...

നിനക്ക് എന്തിന്റെ കുറവാണ് എന്നാണ് ചേച്ചി ചോദിച്ചത്..

എനിക്കൊന്നുറങ്ങണം ചേച്ചി എന്നു പറയാനുള്ള ധൈര്യം എനിക്കും ഇല്ല.

പക്ഷേ എന്നോട് ഏതെങ്കിലും ദൈവങ്ങൾ ഇപ്പോൾ വന്ന്,നിനക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചാൽ ഞാൻ പറയും, വേദനിക്കാതെ, ഉറക്കം ഇളക്കാതെ ഒരാഴ്ചയെങ്കിലും എനിക്ക് മനസ്സമാധാനത്തോടെ കിടന്നുറങ്ങണം എന്ന്...

പിന്നീട്, അവൾ ലൈംഗിക വേഴ്ചയിൽ ഏർപ്പെടുമ്പോൾ അയാൾ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളെ കുറിച്ച് പറഞ്ഞു...

അയാളുടെ പല്ലും നഖവും അവളുടെമേൽ തീർത്ത വ്രണങ്ങൾ കാണിച്ചുതന്നു...

വേദന സഹിക്കാൻ പറ്റാറില്ല മിസ്സേ എന്ന് പറഞ്ഞ് എന്റെ തോളിൽ മുഖമമർത്തി വിതുമ്പിക്കരഞ്ഞു... !!

രഹസ്യഭാഗങ്ങളിൽ പോലും ഉണങ്ങാത്ത മുറിവുകൾ ഉണ്ട് ആ കുട്ടിക്ക്...

മനസ്സിന്റെ മുറിവു കൂടാതെ..

ഇന്നിപ്പോ ഈ സുപ്രീംകോടതിവിധി കണ്ടപ്പോൾ ഞാനോർത്തത് അവളെയാണ്...

പലർക്കും ഇതൊരു തമാശയാണ്...

പക്ഷേ അവളെ പോലെ നെരിപ്പോടിനകത്ത് നീറി നീറി ജീവിക്കുന്ന സ്ത്രീകൾ ഇഷ്ടം പോലെ പോലെയുണ്ട് എന്ന് പിന്നീടുള്ള ജീവിതത്തിൽ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്...

പലരുടെയും അനുഭവം കേട്ട് സ്വയമറിയാതെ ഉറക്കെ വാവിട്ട് കരഞ്ഞിട്ടുണ്ട്...

അവൾ കോഴ്സ് വിജയകരമായി തന്നെ പൂർത്തിയാക്കി. പക്ഷേ അപ്പോഴേക്കും ഗർഭിണിയായി. ബന്ധം ഉപേക്ഷിക്കാൻ വീട്ടുകാരും നാട്ടുകാരും അവളെ അനുവദിച്ചില്ല. മാനസികമായും വൈകാരികമായും അവളെ ബ്ലാക്ക് മെയിൽ ചെയ്ത് ആ ബന്ധത്തിൽ തന്നെ കുരുക്കിയിട്ടു.

ഇപ്പോഴും അവൾ ആ ജീവിതത്തിൽ തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്... അയാളിൽ മാറ്റം വന്നിട്ടുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.

വല്ലപ്പോഴും വിളിച്ച് കുഞ്ഞിന്റെ വിശേഷങ്ങൾ മാത്രം പറയുമ്പോൾ ഞാനത് ഓർമിപ്പിക്കാറില്ല..

ഈ വിധി ഒരു തമാശയായി പോസ്റ്റ് ഇട്ടു കളിക്കുന്നവരോട് പുച്ഛമോ സഹതാപമോ ദേഷ്യമോ അല്ല തോന്നുന്നത്... വെറും മരവിപ്പ് മാത്രമാണ്..

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MARITAL RAPE, SEXUALLY, ASSAULT, SUPREME, COURT, VERDICT
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.