SignIn
Kerala Kaumudi Online
Thursday, 19 September 2024 3.54 AM IST

എറിയാൻ കല്ലും കട്ടയും എടുക്കുന്നവർ ഓർക്കാൻ

Increase Font Size Decrease Font Size Print Page

photo

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻ.ഐ.എ റെയ്‌ഡുകളിൽ പ്രതിഷേധിച്ച് കേരളത്തിൽ നടന്ന ഹർത്താലിനോടനുബന്ധിച്ചുള്ള അക്രമങ്ങളിൽ നശിപ്പിക്കപ്പെട്ട പൊതുമുതലിന് ഹർത്താൽ സംഘാടകർ 5.20 കോടി രൂപ നഷ്ടപരിഹാരമായി കെട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണം. നാശനഷ്ടം നേരിട്ടവർക്കുള്ള തുക ഇതിൽനിന്ന് വീതിച്ചുനൽകണം. ഇതിനായി സർക്കാർ ക്ളെയിംസ് കമ്മിഷണറേറ്റ് രൂപീകരിക്കണം. മിന്നൽ ഹർത്താലിന് കോടതി നിരോധനം നിലനിൽക്കെയാണ് ഹർത്താൽ നടന്നതെന്നതിനാൽ അതിന് ആഹ്വാനം നൽകിയ സംഘടനാ ജനറൽ സെക്രട്ടറിയെ എല്ലാ കേസുകളിലും പ്രതിയാക്കണമെന്നാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

ഹർത്താലുകളും അതിനോടനുബന്ധിച്ചുള്ള അക്രമങ്ങളും സംസ്ഥാനത്ത് പുത്തരിയൊന്നുമല്ല. ഇപ്പോഴത്തെ ഹർത്താലിലുണ്ടായ അക്രമസംഭവങ്ങളുടെ പതിന്മടങ്ങ് മുമ്പും പലതവണ ഇവിടെയുണ്ടായിട്ടുണ്ട്. ഹർത്താലുകൾ കൊണ്ട് ജനം പൊറുതിമുട്ടിയപ്പോഴാണ് അതിന് കർക്കശ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. മുൻകൂർ നോട്ടീസില്ലാതെ നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്ന തീർപ്പുവന്നത് അങ്ങനെയാണ്. നിരോധനം നിലവിലിരിക്കെ മുമ്പും രാഷ്ട്രീയകക്ഷികളും സംഘടനകളും ഹർത്താലുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നത് വേറെ കാര്യം.

ഇഷ്ടപ്പെടാത്ത ഭരണകൂട നടപടികളുടെ പേരിൽ സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള ജനങ്ങളുടെ അവകാശം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. നീതിപീഠങ്ങളും അതു ശരിവച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രതിഷേധം അക്രമങ്ങളിലേക്കും വലിയതോതിലുള്ള സ്വത്തുനശീകരണത്തിലേക്കും വഴിമാറുമ്പോഴാണ് കോടതി ഇടപെടുന്നത്. മുമ്പൊക്കെ എത്ര വലിയ അക്രമങ്ങൾ നടന്നാലും അതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണു ചെയ്തുപോന്നത്. എന്നാൽ അക്രമങ്ങൾക്കും പൊതുമുതൽ നശീകരണത്തിനുമെതിരെ പ്രത്യേകനിയമം തന്നെ നിലവിൽവന്നതോടെ കാര്യങ്ങൾ അത്ര ലഘുവല്ലാതായിട്ടുണ്ട്. സംഘടിക്കാനും പ്രതിഷേധിക്കാനും ഒരു വിഭാഗത്തിനുള്ള അവകാശം മറ്റൊരു വിഭാഗത്തിന്റെ സ്വൈരജീവിതത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും തടസം സൃഷ്ടിക്കരുത്. പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് സ്വത്തുനശീകരണവും ഗുരുതര ക്രിമിനൽ കുറ്റമായി പരിഗണിക്കപ്പെടും. സർക്കാർ മുതലല്ലേ നാശനഷ്ടം വരുത്തിയാലും ആരും ചോദിക്കാനില്ലെന്ന പഴയ മനോഭാവത്തിനും ഇന്നു പ്രസക്തിയില്ല. മിന്നൽ ഹർത്താൽ നിരോധിച്ച ഹൈക്കോടതി തന്നെയാണ് ഹർത്താൽ അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് സംഘാടകർ മതിയായ നഷ്ടപരിഹാരം നൽകണമെന്ന വിധി പുറപ്പെടുവിച്ചത്. അക്രമസംഭവങ്ങൾ ബോദ്ധ്യപ്പെട്ട് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഏതു പ്രതിഷേധ സമരമുറകളിലും ഏറ്റവുമധികം നഷ്ടമുണ്ടാകാറുള്ളത് കെ.എസ്.ആർ.ടി.സിക്കാണ്. ബസുകൾ നിരത്തിലിറങ്ങിയാൽ എറിഞ്ഞുതകർക്കുക എന്നതാണ് ഹർത്താൽ മുറ. ഈ ഹർത്താലിലും അതിനു മാറ്റമുണ്ടായില്ല. ഹർത്താൽ അക്രമങ്ങളിൽ കെ.എസ്.ആർ.ടി.സിക്ക് അഞ്ചുകോടിയിൽപ്പരം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയിൽ സമർപ്പിച്ച കണക്ക്. വ്യാപകമായ അക്രമങ്ങളെത്തുടർന്ന് രാവിലെ തന്നെ സർവീസുകൾ നിറുത്തിവച്ചില്ലായിരുന്നെങ്കിൽ ഇതിന്റെ എത്രയോ മടങ്ങായിരുന്നേനെ നാശനഷ്ടങ്ങൾ.

സമരങ്ങൾ അക്രമത്തിലേക്കു തിരിഞ്ഞാൽ അതിന്റെ ചേതം ജനങ്ങൾക്കു തന്നെയാണെന്ന് ഏവരും തിരിച്ചറിയേണ്ടിയിരിക്കുന്നു. തകരുന്ന ബസുകൾ കട്ടപ്പുറത്തു കയറ്റുമ്പോൾ സാധാരണക്കാരുടെ യാത്രാമാർഗമാണ് മുടങ്ങുന്നത്. ശമ്പളം കൊടുക്കാൻ പോലും നിവൃത്തിയില്ലാതെ ദുരിതത്തിലായ കോർപ്പറേഷന് ഡസൻ കണക്കിന് ബസുകൾ കട്ടപ്പുറത്തായാലുണ്ടാകാവുന്ന നഷ്ടം ഉൗഹിക്കാവുന്നതേയുള്ളൂ. എന്തിനുമേതിനും പൊതുമുതൽ നശീകരണം സമരരീതിയാക്കുന്ന എല്ലാ സംഘടിത വിഭാഗങ്ങൾക്കുമുള്ള ശക്തമായ മുന്നറിയിപ്പു കൂടിയാണ് ഹൈക്കോടതി വിധി. സംഘടിക്കാനും പ്രതിഷേധിക്കാനും ഭരണഘടന നൽകുന്ന അവകാശം പരസ്യമായി അക്രമങ്ങൾ നടത്താനും സ്വത്തുക്കൾ നശിപ്പിക്കാനുമുള്ള അവകാശമാക്കുമ്പോഴാണ് കോടതി ഇടപെടേണ്ടിവരുന്നത്. അതിനുള്ള അവസരമുണ്ടാക്കാതിരിക്കാനാണ് ജനങ്ങളോട് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടികളും സംഘടനകളും ശ്രമിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HIGH COURT DIRECTS PFI TO PAY 5.20 CRORES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.