കീവ്: നാറ്റോ സൈനിക സഖ്യത്തിന്റെ അതിവേഗ അംഗത്വത്തിനായി യുക്രെയിൻ അപേക്ഷിക്കാൻ പോവുകയാണെന്നും റഷ്യയുമായി ചർച്ചയ്ക്ക് തയാറാണെങ്കിലും വ്ലാഡിമിർ പുട്ടിൻ പ്രസിഡന്റായി അധികാരത്തിലുള്ളിടത്തോളം അത് നടക്കില്ലെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി.
ഇന്നലെ യുക്രെയിനിലെ നാല് പ്രദേശങ്ങൾ റഷ്യയുടെ ഭാഗമാക്കിയെന്ന് പുട്ടിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സെലെൻസ്കി ഇക്കാര്യം അറിയിച്ചത്. യുക്രെയിൻ പ്രധാനമന്ത്രിയുടെയും സ്പീക്കറുടെയും സാന്നിദ്ധ്യത്തിൽ അപേക്ഷയിൽ ഒപ്പിടുന്നതിന്റെ വീഡിയോ സെലെൻസ്കി പുറത്തുവിട്ടു.
യുക്രെയിന്റെ നാറ്റോ നീക്കം റഷ്യയെ പ്രകോപിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തൽ. 30 അംഗരാജ്യങ്ങളുടെ പിന്തുണ ലഭിച്ചാലേ അപേക്ഷയിൽ നാറ്റോ ഔദ്യോഗിക നടപടികൾ ആരംഭിക്കുകയുള്ളൂ. യുക്രെയിന്റെ അപേക്ഷ സ്വീകരിക്കുന്ന കാര്യത്തിൽ നാറ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |