SignIn
Kerala Kaumudi Online
Friday, 02 December 2022 4.36 AM IST

കണ്ണൂരിന്റെ താരകം

kodiyeri

കണ്ണൂർ : എഴുപതുകളുടെ അവസാനം. തലശ്ശേരിയിൽ ഒറ്റപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്ന കാലം.

സി.പി. എമ്മും ആർ. എസ്. എസ്സിന്റെ ആദ്യ രൂപമായ ജനസംഘവുമായാണ് സംഘർഷം. ക്ഷേത്രോൽസവത്തോടനുബന്ധിച്ചാണ് പലപ്പോഴും രാഷ്ട്രീയ സംഘർഷങ്ങൾ . ഒരു ക്ഷേത്രോൽസവത്തിൽ ഒരു വിഭാഗം ആക്രമിക്കപ്പെട്ടാൽ അടുത്ത ക്ഷേത്രോൽസവ വേളയിൽ ഇതിന് പ്രതികാരം വീട്ടും.

അങ്ങനെ ഒരു രാത്രി സി.പി. എമ്മും ആർ. എസും തമ്മിൽ സംഘർഷമുണ്ടായി പിറ്റേ ദിവസം പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം പോവുകയായിരുന്ന ബാലകൃഷ്ണനെന്ന പതിനഞ്ചുകാരനെ ഒരു സംഘം ആക്രമിച്ചു. തല പൊട്ടി ചോരയൊലിച്ചു. എന്തിനാണ് ആക്രമണമെന്ന് ആ പയ്യന് അറിയില്ലായിരുന്നു. ക്ഷേത്രോൽസവത്തിൽ നടന്ന അക്രമത്തിന്റെ ബാക്കിയാണെന്ന് ആരോ പറഞ്ഞു. 'അതിനു ‌ഞാൻ അക്രമത്തിന് പോയില്ലല്ലോ'? .അതൊന്നും പറഞ്ഞിട്ട് കാര്യമില്,ല കുട്ടി. അക്രമത്തിന് പോയവരെയാണോ ആക്രമിക്കാറുള്ളത് എന്നായി മറുപടി.'തല പൊട്ടിയാലും സാരമില്ല, ഞാൻ വിശ്വസിച്ച പ്രസ്ഥാനത്തിനൊപ്പം ധീരമായി പ്രവർത്തിക്കും'.വേദനയിലും കോടിയേരി ചിരിച്ചു കൊണ്ട് പറഞ്ഞു.

ആ പരിക്കാണ് കോടിയേരിയെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. ചെറുപ്പത്തിലേ പ്രസംഗത്തിലും വായനയിലും വലിയ താത്പര്യമായിരുന്നു. മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടി. കോടിയേരിയിലെയും തലശേരിയിലെയും വായനശാലകളുമായുള്ള ബന്ധവും പൊതുപ്രവർത്തനത്തിന്റെ വാതിൽ തുറന്നു കൊടുത്തു. പന്ത്രണ്ടാമത്തെ വയസ്സിൽ അച്ഛൻ മരിച്ചപ്പോൾ കോടിയേരിക്ക് ജീവിതത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയത് അമ്മയായിരുന്നു. കോളേജിൽ പോകാൻ ബസ്സിനു പോലും കാശില്ല. വീട്ടിലെ പശുവിന്റെ പാൽ വിറ്റാണ് അമ്മ മക്കളെ പോറ്റിയത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ നാട്ടിലെ ബീഡിക്കമ്പനി തൊഴിലാളികളുമായി ആത്മബന്ധം സ്ഥാപിച്ചു. ബീഡിക്കമ്പനി തൊഴിലാളികൾ പത്രങ്ങൾ ഉറക്കെ

വായിക്കുന്നത് കേട്ടും രാഷ്ട്രീയ ബോധം വളർന്നു.

മിസ തടവുകാരൻ

തലശേരി തലായി എൽ.പി സ്കൂൾ അദ്ധ്യാപകനായിരുന്ന കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായ കോടിയേരി 1969ൽ പത്തൊൻപതാം വയസ്സിലാണ് സി.പി. എം അംഗമായത്.മാഹി മഹാത്മാഗാന്ധി ഗവ.കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദധാരിയാണ്.എസ്.എഫ്‌.ഐയെ കേരളത്തിലെ കരുത്തുറ്റ വിദ്യാർത്ഥി പ്രസ്ഥാനമാക്കുന്നതിന് നേതൃത്വം നൽകി. എസ്. എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം 'മിസ' തടവുകാരനായി.ജയിലിൽ. പിന്നീട് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായി.

പത്തൊമ്പതാം വയസ്സിൽ

സംസ്ഥാന കമ്മിറ്റിയിൽ

1988ൽ പത്തൊമ്പതാമത്തെ വയസ്സിലാണ് കോടിയേരി സി.പി. എം സംസ്ഥാന കമ്മറ്റിയിലെത്തിയത്. 1994ൽ സെക്രട്ടറിയേറ്റിലും ഇടം തേടി. 82, 87, 2001, 2006, 2011 വർഷങ്ങളിൽ തലശേരിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി . 2006, 11 വർഷങ്ങളിൽ പ്രതിപക്ഷ ഉപ നേതാവായി. കേരള കർഷകസംഘം,അഖിലേന്ത്യാ കിസാൻ സഭ തുടങ്ങിയ രംഗങ്ങളിലും സാരഥ്യം വഹിച്ചിട്ടുണ്ട്.കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ടി.ഗോവിന്ദനെ 1988ൽ സ്ഥാനത്തു നിന്ന് നീക്കിയപ്പോൾ എം.എൽ.എയായിരുന്ന കോടിയേരിയാണ് പകരം ജില്ലാ സെക്രട്ടറിയായത്. ആറ് വർഷം ജില്ലാ സെക്രട്ടറിയായി തുടർന്നു. ആലപ്പുഴയിൽ 1988 ൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റി അംഗമായത്.

2008ൽ പി.ബി അംഗം

പാലക്കാട് സമ്മേളനത്തിലെ വെട്ടിനിരത്തലിനുശേഷം വിഭാഗീയത കത്തിനിൽക്കെ 2002ൽ കണ്ണൂരിൽ നടന്ന പതിനേഴാം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ ചുമതലക്കാരൻ കോടിയേരി ആയിരുന്നു.കേരളത്തിലെ വിഭാഗീയത മൂർദ്ധന്യത്തിലെത്തി നിന്നിരുന്ന 2008ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിലാണ് കോടിയേരി പി.ബി അംഗമാവുന്നത്. കോടിയേരിയെക്കാൾ മുമ്പ് കേന്ദ്ര കമ്മിറ്റിയിലെത്തുകയും കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് ഉയരുകയും ചെയ്ത എം.എ. ബേബിയാണ് കീഴ് വഴക്കമനുസരിച്ച് കോയമ്പത്തൂർ കോൺഗ്രസിൽ പി.ബിയിൽ എത്തേണ്ടിയിരുന്നത്. പക്ഷേ, കോടിയേരിക്കാണ് നറുക്ക് വീണത്. അത് ഭാഗ്യപരീക്ഷണമല്ലെന്നും പാർട്ടിയെ നയിക്കാനുള്ള അംഗീകാരമാണെന്നും പിന്നീട് കോടിയേരി തെളിയിച്ചു.

വി. എസ്.മന്ത്രിസഭയിൽ ആഭ്യന്തര-ടൂറിസം മന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധ നേടി. കേരളത്തെ ക്രമസമാധാനപാലനത്തിൽ ഒന്നാം സ്ഥാനത്തെത്തിച്ചതിനും ,പൊലീസ് സേനയ്ക്ക് മാനുഷിക മുഖം നൽകിയ പരിഷ്‌കാരങ്ങൾക്കും നേതൃത്വം നൽകിയ ഭരണാധികാരി.

മകന്റെ അറസ്റ്റിൽ

പദവി ഒഴിഞ്ഞ്

2020 നവംബർ 13ന് സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി 2021 ഡിസംബർ മൂന്നിന്

വീണ്ടും സെക്രട്ടറിയായി തിരിച്ചെത്തി. മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് സൃഷ്ടിച്ച പിരി മുറുക്കം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു കോടിയേരി സ്ഥാനം ഒഴിഞ്ഞത്. മകന്റെ പേരിൽ തനിക്ക് വ്യക്തിപരമായി നേരിട്ട പോറലും പരിക്കും പാർട്ടിയെ കളങ്കിതമാക്കരുതെന്ന നിർബന്ധമാണ് ആ പടിയിറക്കത്തിലേക്ക് നയിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KODIYERI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.