SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.04 PM IST

കല്ലാറിൽ സഹോദരങ്ങളും ബന്ധുവും മുങ്ങിമരിച്ചു

Increase Font Size Decrease Font Size Print Page

വിതുര: അപകടങ്ങൾ പതിവായ കല്ലാർ വട്ടക്കയത്തിൽ ഉല്ലാസയാത്രയ്ക്കെത്തിയ ഒരുകുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. എട്ടംഗസംഘമാണ് വിനോദയാത്രയ്ക്കെത്തിയത്. സംഘത്തിലെ പെൺകുട്ടി കയത്തിലകപ്പെട്ടതിനെ തുടർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. എസ്.എ.പി ക്യാമ്പിലെ പൊലീസ് കോൺസ്റ്റബിൾ ഫിറോസ്‌മോൻ (30)​,​ സഹോദരൻ ബീമാപള്ളി ഗവ. യു.പി സ്കൂളിലെ അദ്ധ്യാപകൻ ജവാദ്,​ ഇവരുടെ സഹോദരീപുത്രൻ പ്ലസ് ടു വിദ്യാർത്ഥി സഫാൻ (16)​ എന്നിവരാണ് മുങ്ങിമരിച്ചത്.

കയത്തിലകപ്പെട്ട പെൺകുട്ടിയെ നാട്ടുകാർ രക്ഷിച്ചു. തിരുവനന്തപുരം ബീമാപള്ളി തൈക്കാപ്പള്ളി ടി.സി 45/410 നടുവിളാകം വീട്ടിൽ മുഹമ്മദ് യൂസഫിന്റെയും ഐഷയുടെയും മക്കളാണ് ഫിറോസ്‌മോനും ജവാദും. പീരുമുഹമ്മദിന്റെയും സഹീറാബീവിയുടെയും മകനാണ് സഫാൻ. പൊൻമുടി അടച്ചിട്ടിരുന്നതിനാൽ ഉല്ലാസയാത്രയ്ക്കെത്തിയ സംഘം കല്ലാറിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം വട്ടക്കയത്തിൽ എത്തി. സഫാനും സംഘത്തിലുണ്ടായിരുന്ന ഹസ്ന എന്ന പെൺകുട്ടിയും കല്ലാറിൽ കുളിക്കാനിറങ്ങി. ഇതിനിടെ ഹസ്ന കയത്തിലേക്ക് കാൽവഴുതി വീണു. രക്ഷിക്കാനായി ഫിറോസും ജവാദും സഫാനും കയത്തിലേക്ക് ചാടിയെങ്കിലും ഇവരും കയത്തിലകപ്പെട്ടു.

ബന്ധുക്കൾ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി ഹസ്നയെ രക്ഷിച്ചു. തുടർന്ന് കയത്തിലകപ്പെട്ട മൂന്നുപേരെയും പുറത്തെടുത്ത് ആംബുലൻസിൽ വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിതുര പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. പഞ്ചായത്തും പൊലീസും സ്ഥാപിച്ചിരുന്ന അപായസൂചനാ ബോർഡുകളും ഇരുമ്പുവേലിയും മറികടന്നാണ് ഇവർ വട്ടക്കയത്തിലെത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഇൻക്വസ്റ്റിന് ശേഷം ഇന്നലെ ഉച്ചയോടെ മെഡി. കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ബീമാപള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി. ചികിത്സയിലായിരുന്ന ഹസ്നയെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. ബീമയാണ് ഫിറോസിന്റെ ഭാര്യ. മകൻ ഇഹാൻ (എട്ട് മാസം). ജവാദിന്റെ ഭാര്യ അനീസ. മക്കൾ: ഫൈസാൻ, ഫിദാ ഫാത്തിമ.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY