SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.01 PM IST

ലോകത്തെ ഏറ്റവും വിദൂരതയിലുള്ള പോസ്റ്റ് ഓഫീസ് നയിക്കാൻ വനിതകൾ

pic

ലണ്ടൻ : ലോകത്ത് ഏറ്റവും വിദൂരതയിലുള്ള പോസ്റ്റ് ഓഫീസിന്റെ ചുമതല ഇനി നാലു വനിതകൾക്ക്. ! മഞ്ഞ് മൂടിയ ഭൂഖണ്ഡമായ അന്റാർട്ടിക്കയിലാണ് ഈ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ക്ലെയർ ബാല്ലന്റൈൻ, മേയ്‌റീ ഹിൽട്ടൺ, നതാലി കോർബറ്റ്, ലൂസി ബ്രസോൺ എന്നിവരാണവർ.

ഇക്കഴിഞ്ഞ ഏപ്രിലിൽ ബ്രിട്ടണിലെ കേംബ്രി‌ഡ്ജ് ആസ്ഥാനമായുള്ള ചാരിറ്റി സംഘടനയായ ' യു.കെ അന്റാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് (യു.കെ.എ.എച്ച്.ടി ) പോസ്റ്റ് ഓഫീസ് നടത്തിപ്പ് ജോലിയ്ക്ക് ആളുകളെ ആവശ്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ ലഭിച്ച ആറായിരത്തിലേറെ അപേക്ഷകരിൽ നിന്നാണ് ഇവർ നാല് പേരെയും തിരഞ്ഞെടുത്തത്.

പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ ഗോഡിയർ ദ്വീപിലെ പോർട്ട് ലോക്ക്‌റോയ് ബേസിലാണ് പോസ്റ്റ് ഓഫീസ്. അതിനോട് ചേർന്നൊരു ഗിഫ്റ്റ് ഷോപ്പുമുണ്ട്. കേംബ്രി‌ഡ്ജിലെ പരിശീലനം ശേഷം നവംബർ മുതൽ 2023 മാർച്ച് വരെയുള്ള അഞ്ച് മാസമാണ് ജോലി കാലയളവ്. അന്റാർട്ടിക്കയിൽ വേനൽക്കാലമായതിനാൽ താപനില 50 ഡിഗ്രി ഫാരൻഹീറ്റ് ( 10 ഡിഗ്രി സെൽഷ്യസ് ) വരെയായിരിക്കും ഈ സമയം.

തിരഞ്ഞെടുക്കപ്പെട്ടവർക്ക് മറ്റൊരു ദൗത്യം കൂടിയുണ്ട്. ഗിഫ്റ്റ് ഷോപ്പും പോസ്റ്റ് ഓഫീസും ഭംഗിയായി പ്രവർത്തിക്കുന്നതിനൊപ്പം ഇവിടുത്തെ പെൻഗ്വിനുകളുടെ എണ്ണവും എടുക്കണം. മേഖലയിലെ പെൻഗ്വിനുകളുടെ സംരക്ഷണത്തിന്റെ ചുമതലയും യു.കെ.എ.എച്ച്.ടിയ്ക്കുണ്ട്.

കൂടാതെ, പ്രദേശത്തെ മറ്റ് ജീവജാലങ്ങളുടെ വിവരവും ശേഖരിക്കണം. പോസ്റ്റ് ഓഫീസിനോട് ചേർന്നുള്ള മ്യൂസിയവും പരിപാലിക്കണം. ജോലിയുടെ കാലാവധി തീരുംമുമ്പ് ട്രസ്റ്റിന് റിപ്പോർട്ടും സമർപ്പിക്കണം. കൊവിഡിന് ശേഷം ഇതാദ്യമായാണ് ഇവിടെ തുറക്കുന്നത്. എല്ലാ വേനൽ സീസണിലും ഇവിടേക്ക് ആളെ തേടാറുണ്ട്. കാഴ്ചയിൽ അതിമനോഹരമായ ഈ പ്രദേശത്തേക്ക് വേനൽക്കാലത്ത് പ്രതിവർഷം 20,000ത്തോളം സഞ്ചാരികൾ എത്താറുണ്ട്.

 ജോലി എങ്ങനെ ?

സ്കോട്ടിഷ് ജീവശാസ്ത്രജ്ഞയായ മേയ്‌റീ ഹിൽട്ടണ് ( 30 ) ആണ് ദ്വീപിലെ ജെന്റൂ പെൻഗ്വിനുകളുടെ നിരീക്ഷണത്തിന്റെ മേൽനോട്ടം. ഏകദേശം 1,500 പെൻഗ്വിനുകൾ ദ്വീപിലുണ്ട്. ലണ്ടനിൽ നിന്നുള്ള ലൂസി ബ്രസോൺ ( 40 ) മുമ്പ് ഒരു ശാസ്ത്ര പര്യവേക്ഷണത്തിന്റെ മേധാവിയായി മൂന്ന് മാസം അന്റാർട്ടിക്കയിൽ ചെലവഴിച്ചിട്ടുണ്ട്.

ടീമിന്റെ ലീഡറും ദ്വീപിലേക്കുള്ള കപ്പലുകളുടെ ഏകോപനവും ലൂസിയ്ക്കാണ്. ലിങ്കൺഷെയർ സ്വദേശിനിയായ ക്ലെയർ ബാല്ലന്റൈൻ ( 23 ) ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗമശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർട്ടിയാക്കിയതേ ഉള്ളൂ. പോസ്റ്റ്മാസ്റ്റർ ചുമതലയാണ് ക്ലെയറിന്.

100ലേറെ രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് അയക്കേണ്ട ഏകദേശം 80,000ത്തിലേറെ കാർഡുകൾ ക്ലെയർ കൈകാര്യം ചെയ്യണം. ഹാംഷെയർ സ്വദേശിയായ നതാലി കോർബറ്റിന്റെ ( 31 ) വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.

ഗിഫ്റ്റ് ഷോപ്പിന്റെ ചുമതലയാണ് നതാലിയ്ക്ക്. ' സോളോ ഹണിമൂൺ " എന്നാണ് നതാലി തന്റെ യാത്രയെ വിശേഷിപ്പിക്കുന്നത്. മുമ്പ് ദ്വീപിൽ തങ്ങിയിട്ടുള്ള വിക്കി ഇൻഗ്ലൈസ് ( 42 ) ജനറൽ അസിസ്റ്റന്റ് ആയി 10 ആഴ്ച സംഘത്തോടൊപ്പം ഉണ്ടാകും.

 കൊടുംതണുപ്പ്, ഒറ്റപ്പെടൽ

ജോലി സിമ്പിളായി തോന്നാമെങ്കിലും അന്റാർട്ടിക്കയിലെ കൊടുംതണുപ്പിനെ അതിജീവിക്കുകയെന്നത് നിസാരമല്ല. മനുഷ്യവാസമില്ലാത്ത അന്റാർട്ടിക്കയിൽ ഗവേഷണങ്ങൾക്കും മറ്റും മാത്രമാണ് ആളുകൾ എത്തുന്നത്. ജോലിക്കെത്തുന്നവർക്ക് പൈപ്പ് വെള്ളവും ഇന്റർനെറ്റും ലഭിക്കില്ല. വൈദ്യുതി ഉണ്ടെങ്കിലും പരിമിതമായിരിക്കും. പുറംലോകത്ത് നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും ജോലി. ജോലിക്കെത്തുന്നവർക്ക് കൊടുംതണുപ്പിനെ അതിജീവിക്കാനുള്ള ശാരീരിക ക്ഷമത അനിവാര്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360