മുംബയ്: മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് നാഗ്‌പൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ സായിബാബയെ ഉടൻ മോചിപ്പിക്കണമെന്ന് ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചാണ് ഉത്തരവിട്ടത്. കേസിൽ സായിബാബയെ കോടതി കുറ്റവിമുക്തനുമാക്കി.
ഡൽഹി സർവകലാശാലയിലെ ഇംഗ്ളീഷ് പ്രൊഫസറായിരുന്ന സായിബാബ വീൽചെയറിലാണ് സഞ്ചരിച്ചിരുന്നത്. കേസിൽ 2014ലാണ് അദ്ദേഹത്തെ ആദ്യം അറസ്‌റ്റ് ചെയ്‌തത്. സായിബാബ കുറ്റക്കാരനാണെന്നും ജീവപര്യന്തം ശിക്ഷ നൽകുന്നതുമായുളള 2017ലെ വിചാരണ കോടതി വിധിയ്‌ക്കെതിരെ അദ്ദേഹം ഹൈക്കോടതിയിൽ നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ഇന്ന് നിർണായക വിധി പ്രഖ്യാപിച്ചിരിക്കുന്നത്. സായിബാബയ്‌ക്ക് പുറമേ മറ്റ് അഞ്ച് പ്രതികളുടെ അപ്പീലും അനുവദിച്ച കോടതി അവരെയും വെറുതെവിട്ടു. മഹേഷ് ടിർക്കി, പാണ്ഡു പോര നരോതെ, ഹേമ് കേശവ്‌ദത്ത മിശ്ര, പ്രശാന്ത് റാഹി, വിജയ് നാൻ ടിർക്കി എന്നിവരെയാണ് വെറുതെ വിട്ടത്. ഇതിൽ പാണ്ഡു നരോത്തെ കഴിഞ്ഞവർഷം മരിച്ചു.
മാവോയിസ്‌റ്റ് ബന്ധമുണ്ടെന്നും പ്രതികളുടേത് രാജ്യത്തിനെരായ യുദ്ധപ്രഖ്യാപനമാണെന്നും ചൂണ്ടിക്കാണിച്ചാണ് 2017ൽ ഗച്ചിറോളി സെഷൻസ് കോടതി ഇവരെ ശിക്ഷിച്ചത്. ഇവർക്കെതിരെ യുഎപിഎ അടക്കം വിവിധ വകുപ്പുകളും ചുമത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |