SignIn
Kerala Kaumudi Online
Friday, 20 September 2024 12.43 AM IST

നരബലിയുടെ നാല് പതിറ്റാണ്ടുമായി ഇടുക്കി

Increase Font Size Decrease Font Size Print Page

black-magic

പത്തനംതിട്ടയിൽ രണ്ട് സ്ത്രീകളെ നരബലി നടത്തിയെന്ന വാർത്ത ഇനിയും വിശ്വസിക്കാൻ മനുഷ്യമനസാക്ഷിക്കായിട്ടില്ല. എന്നാൽ ആദ്യമായല്ല ആധുനിക കേരളത്തിൽ നരബലിയെന്ന നീചകൃത്യം അരങ്ങേറുന്നത്. ദുർമന്ത്രവാദവും നരബലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ അരഡസനിലേറെ കൊലപാതകൾ ഇടുക്കി ജില്ലയിലുണ്ടായിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ ആദ്യത്തെ കുപ്രസിദ്ധ നരബലി കേസായി അറിയപ്പെടുന്നത് പനംകുട്ടിയിലെ സോഫിയയുടെ കൊലപാതകമാണ്. 1981 ഡിസംബർ 17നായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിയിൽ മുത്തിയുരുണ്ടയാർ തച്ചിലേത്ത് വർഗീസിന്റെ മൂന്നാമത്തെ മകളായിരുന്നു സോഫിയ. കാട്ടിൽനിന്ന് ഈറ്റവെട്ടി പനമ്പും കുട്ടയും നെയ്ത് വിറ്റുജീവിക്കുന്ന ചുരുളിപ്പറമ്പിൽ മോഹനനുമായി സോഫിയ പ്രണയത്തിലായി. ആദ്യഭാര്യ ഉപേക്ഷിച്ചുപോയ മോഹനൻ ഈറ്റവെട്ടുമ്പോഴാണ് സോഫിയയെ കണ്ടുമുട്ടിയത്. പിന്നീട് സോഫിയ വീടുവിട്ട് മോഹനനോടൊപ്പം പനംകുട്ടിയിൽ താമസമാക്കി. ഇതിനിടെ നരബലി നടത്തിയാൽ കോടിക്കണക്കിന് രൂപയുടെ നിധി കിട്ടുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒരു മന്ത്രവാദി മോഹനനെയും കുടുംബത്തെയും വലയിലാക്കി. ഒടുവിൽ സോഫിയയെ ബലികൊടുക്കാൻ വീട്ടുകാരും മന്ത്രവാദിയും ചേർന്ന് തീരുമാനിച്ചു. പതിനേഴുകാരിയായ സോഫിയയെ ബഞ്ചിന് മുകളിൽ അർദ്ധനഗ്നയായി വരിഞ്ഞുമുറുക്കി കെട്ടി മോഹനന്റെ അനുജനായ ഉണ്ണി അവളെ മൂർച്ചയുള്ള ശൂലംകൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ഹനുമാൻ പ്രീതിക്കുവേണ്ടിയായിരുന്നു കൊല. പിന്നീട് സോഫിയയെ വീട്ടിലെ നടുമുറിയിൽ കുഴിച്ചുമൂടുകയായിരുന്നു. മോഹനനെയും ഉണ്ണിയെയും കൂടാതെ അച്ഛൻ കറുപ്പൻ, അമ്മ രാധ, മോഹനന്റെ മറ്റൊരു അനുജൻ ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്‌കരൻ എന്നിവരും മന്ത്രവാദത്തിലും നരബലിയിലും പങ്കെടുത്തിരുന്നു. മുരിക്കാശ്ശേരി പൊലീസ് പരിധിയിലായിരുന്നു അന്ന് പനംകുട്ടി. അടിമാലി സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന സാമുവൽ മുരിക്കാശ്ശേരി, എസ്.ഐ ജോസഫ് തോമസ്, ദേവികുളം സബ് കളക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഈ കേസിൽ എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷകിട്ടി. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികളെല്ലാം ഇപ്പോൾ അടിമാലിയിലും പരിസരത്തുമായി താമസിക്കുന്നുണ്ട്. എന്നാൽ, പ്രധാന പ്രതിയായ ഉണ്ണി ജയിലിൽ മരിച്ചു.

തൂക്കുപാലം കോമ്പമുക്കിൽ 1983 ജൂലായിൽ നിധികുംഭം ലഭിക്കുമെന്ന വിശ്വാസത്തിൽ കുടുംബാംഗങ്ങളും ഒരു മന്ത്രവാദിനിയും ചേർന്ന് എട്ടാം ക്ലാസുകാരനെ കുരുതികൊടുത്തത് കേരളത്തെ ഞെട്ടിച്ചു. കല്ലാർ ഗവ. സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന റഹ്‌മത്ത്കുട്ടിയാണ് കൊല്ലപ്പെട്ടത്. താൻ മരിക്കുമെന്ന് തലേദിവസം തന്നെ ഈ കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാൽ, ആരും അത് കാര്യമാക്കിയില്ല. പിറ്റേന്നു ക്ലാസിലെത്താതിരുന്ന റഹ്‌മത്ത്കുട്ടിയെ അന്വേഷിച്ച് അദ്ധ്യാപകർ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കുട്ടിയുടെ ഇരുകണ്ണുകളും ചൂഴ്‌ന്നെടുത്തിരുന്നു. സ്വകാര്യ ഭാഗങ്ങളിലൂടെ ഇരുമ്പ് ദണ്ഡ് കയറ്റി. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കളെയും മന്ത്രവാദിയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
1995 ജൂണിൽ രാമക്കൽമേട് നടന്ന നരബലിയും ഒരു കുട്ടിയുടേതായിരുന്നു. പിതാവും രണ്ടാനമ്മയും ചേർന്നു സ്‌കൂൾ വിദ്യാർത്ഥിയെ മന്ത്രവാദികളുടെ ക്രൂരതയ്ക്കു വിട്ടുകൊടുക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ ഉത്തമപാളയത്ത് നിന്നെത്തിയ ആറു മന്ത്രവാദികൾ, മന്ത്രവാദത്തിന്റെ മൂർധന്യത്തിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ചു. ബാലന്റെ വികൃതമായ മൃതദേഹമാണു പിറ്റേന്ന് നാട്ടുകാർ കണ്ടത്. രണ്ടാനമ്മയും പിതാവും ഉൾപ്പെടെ നാലുപേർക്ക് സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചെങ്കിലും ഹൈക്കോടതി പിന്നീട് ശിക്ഷ ഇളവു ചെയ്തു.

നാല് പേരുടെ

ജീവനെടുത്ത

മന്ത്രവാദം

2018 ജൂലായ് 29ന് രാത്രി നാടിനെ നടുക്കിയ വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസിന് പിന്നിലും ആഭിചാര ക്രിയകളും അതുമായി ബന്ധപ്പെട്ട തർക്കവുമായിരുന്നു. കമ്പകക്കാനം കാനാട്ട് കൃഷ്ണൻ (52) ഭാര്യ സുശീല (50) മകൾ ആർഷ (20) മകൻ അർജുൻ (18) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് പിന്നിലെ ചാണകക്കുഴിയിൽ മൂടുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം പുറംലോകം അറിഞ്ഞത്. നാല് പ്രതികളായിരുന്നു കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവർ കുടിയിൽ അനീഷ്, സുഹൃത്തുക്കളായ ലിബീഷ് ബാബു, ശ്യാം പ്രസാദ്, സനീഷ് എന്നിവരാണ് ഒന്നു മുതൽ നാല് വരെ പ്രതികൾ. ഇവരെയെല്ലാം അറസ്റ്റുചെയ്തു. മന്ത്രവാദത്തിന്റെ പേരിൽ കൃഷ്ണനും ശിഷ്യൻ അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം കൊലപാതകത്തിലേക്ക് നയിച്ചെന്ന് കേസന്വേഷിച്ച ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. കൃഷ്ണനോടൊപ്പം വീട്ടിൽ താമസിച്ച് അനീഷ് മാന്ത്രികവിദ്യ സ്വായത്തമാക്കിയിരുന്നു. പിന്നീട് അനീഷ് നടത്തിയിരുന്ന മാന്ത്രികകർമങ്ങൾ ഫലിക്കാതെ വന്നത് കൃഷ്ണൻ കാരണമാണെന്ന് ഇയാൾ വിശ്വസിച്ചു. ഇതു തിരികെ ലഭിക്കുന്നതിനും കൃഷ്ണന്റെ കൈവശമുള്ള താളിയോല ഗ്രന്ഥങ്ങൾ കൈവശപ്പെടുത്താനുമായിരുന്നു കൊല. സംഭവം നടന്ന് ഒരുവർഷം പിന്നിട്ട ശേഷമാണ് കുറ്റപത്രം നൽകിയത്. എന്നാൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണങ്ങളും സ്വന്തമാക്കാനായിരുന്നു കരുതിക്കൂട്ടിയുള്ള കൂട്ടക്കൊലയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ കുറ്റപത്രത്തിലെ അവ്യക്തതയും കോടതിയിൽ സമർപ്പിക്കാൻ വൈകിയതും പ്രതികൾക്ക് ജാമ്യം കിട്ടാനിടയാക്കി. എന്നാൽ കേസിലെ ഒന്നാംപ്രതി തേവർ കുടിയിൽ അനീഷിനെ കഴിഞ്ഞവർഷം വീടിനുള്ളിൽ വിഷം ഉള്ളിൽചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

യുവാക്കൾ തടഞ്ഞു,​

രക്ഷപ്പെട്ടത് മൂന്ന് കുട്ടികൾ

വർഷങ്ങൾക്ക് മുമ്പ് രാമക്കൽമേട്ടിലെ ഒരു വീട്ടിൽ പാമ്പുശല്യം രൂക്ഷമായിരുന്നു. ഇതൊഴിവാക്കാൻ വീട്ടുകാർ തമിഴ്‌നാട്ടിലെ ചിന്നമന്നൂരിൽ നിന്നുള്ള രണ്ടു മന്ത്രവാദികളുടെ സഹായം തേടി. എന്നാൽ പാമ്പ് ശല്യത്തിന് കാരണം പുരയിടത്തിലെ നിധിയാണെന്നായിരുന്നു മന്ത്രവാദികൾ കണ്ടെത്തിയത്. കോടികൾ വിലമതിക്കുന്ന നിധിയെടുക്കാൻ നരബലി നടത്തണമെന്നും മന്ത്രവാദികളാവശ്യപ്പെട്ടു. അപ്പോഴാണ് അയൽവീട്ടുകാർ പശുവിന് പാൽ കുറവാണെന്ന പരാതിയുമായി മന്ത്രവാദികളെ സമീപിച്ചത്. അവരോടും മന്ത്രവാദികൾ പുരയിടത്തിൽ നിധിയുണ്ടെന്നും നരബലി നടത്തണമെന്നും ആവശ്യപ്പെട്ടു. ആദ്യത്തെ വീട്ടുകാരൻ തന്റെ രണ്ടു മക്കളെയും ബലിക്കായി ഒരുക്കി. രണ്ടാമത്തെ വീട്ടുകാരൻ ഇരുവീട്ടുകാർക്കും വേണ്ടി 10,000 രൂപ നൽകി. കൂടാതെ അകന്ന ബന്ധത്തിലുള്ള പെൺകുട്ടിയെ ഡൽഹിയിൽ നഴ്‌സിങ് പഠനത്തിന് അയയ്ക്കാനെന്നു കള്ളംപറഞ്ഞ് ബലിനൽകാനായി വീട്ടിലേക്ക് വിളിച്ചു വരുത്തി. ഒരു രാത്രി, രണ്ട് വീട്ടിലും നരബലിക്കുള്ള ഒരുക്കങ്ങൾ ചെയ്തു. എന്നാൽ, ആ സമയത്ത് ഇതുവഴി വന്ന ചില യുവാക്കൾ ഒരുക്കങ്ങൾ കണ്ടു ബഹളമുണ്ടാക്കിയതിനാൽ അരുംകൊല നടന്നില്ല. അങ്ങനെയാണ് ആ കുട്ടികൾ രക്ഷപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BLACK MAGIC MURDERS IN IDUKKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.