SignIn
Kerala Kaumudi Online
Thursday, 19 September 2024 5.17 PM IST

കുമ്പക്കുടി രാമായണം

Increase Font Size Decrease Font Size Print Page

varavisesham

വാൽമീകി, എഴുത്തച്ഛൻ, കമ്പർ കഴിഞ്ഞാൽ പിന്നീടാരാണ് എന്ന് ചോദിച്ചാൽ ഉത്തരം കണ്ടെത്താനാവാതെ വളരെ പ്രയാസപ്പെട്ട് നടക്കുകയായിരുന്നു ദ്രോണർ. മുന്നൂറ് രാമായണങ്ങൾ ഉണ്ടെന്ന് ഏ.കെ. രാമാനുജൻ ഗവേഷണം നടത്തി പറഞ്ഞിട്ടുണ്ട്. മുന്നൂറല്ല അതിലും കൂടുതൽ രാമായണങ്ങളുണ്ട് എന്ന് വളരെയധികം ആളുകൾ നാട്ടിൽ പറഞ്ഞ് നടക്കുന്നുമുണ്ട്. മാപ്പിള രാമായണമുണ്ട്. വയനാടൻ രാമായണമുണ്ട്.

"രാമായണങ്ങൾ പലവും കവിവരരാമോദമോടു പറഞ്ഞു കേൾപ്പുണ്ട് ഞാൻ" എന്ന് എഴുത്തച്ഛൻ അദ്ധ്യാത്മ രാമായണത്തിൽ എഴുതിവച്ചത് ദ്രോണരടക്കം നേരിടുന്ന ഈ സമസ്യകൾ തിരിച്ചറിഞ്ഞിട്ടായിരുന്നു. രാമായണത്തിൽ ഏതാണ് ഒറിജിനൽ, ഏത് ഡ്യൂപ്ലിക്കേറ്റ്, ലോകത്തെത്ര രാമായണങ്ങളാണുള്ളത് എന്നിങ്ങനെയുള്ള കാര്യങ്ങളിലെ കൺഫ്യൂഷൻ നീക്കിയെടുക്കുന്നതിന്റെ ഭാഗമായി ദ്രോണർ പലപല ആചാര്യന്മാരെയും സമീപിച്ചിട്ടും ഫലം നിരാശയായിരുന്നു.

അങ്ങനെ വളരെ നിരാശപ്പെട്ട് കഴിയുന്നതിന്റെ ഇടയിലാണ് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഇരിക്കുകയായിരുന്ന കുമ്പക്കുടി രാമായണം കേൾക്കാനിടയായത്. കുമ്പക്കുടി രാമായണം കേട്ട പലരും കഴിഞ്ഞദിവസം പറഞ്ഞത്, ഇദ്ദേഹം ഇത്രയുംകാലം ഏത് പുറ്റിലാണ് ഒളിച്ചു കഴി‌ഞ്ഞിരുന്നതെന്നാണ്. ചിലർ പറയുന്നത് വാൽമീകിക്ക് ഇദ്ദേഹത്തെ നേരത്തേ അറിയാമായിരുന്നു എന്നാണ്. തന്നെ കവച്ചുവയ്ക്കുന്ന പഹയൻ അങ്ങനെ പുറത്തേക്ക് വരേണ്ട എന്ന് വാൽമീകി ചിന്തിച്ചതുകൊണ്ട് കുമ്പക്കുടിക്ക് പുറ്റിനകത്ത് തന്നെ കഴിയേണ്ടി വരികയായിരുന്നു എന്നാണ് ചില ചരിത്രകാരന്മാർ വിവരിക്കുന്നത്. ചരിത്രകാരന്മാർ അങ്ങനെയാണ്. കുമ്പക്കുടി പുറത്ത് വരുമ്പോഴാണ് അവർ അദ്ദേഹത്തിന്റെ ചരിത്രത്തെപ്പറ്റി ഗവേഷണം നടത്താൻ തുടങ്ങുന്നത്. ശരിക്കും പറഞ്ഞാൽ ചരിത്രകാരന്മാർ കുമ്പക്കുടി രാമായണമെഴുതിയ കുമ്പക്കുടി സുധാകർജിയെ നേരത്തേ കണ്ടെത്തണമായിരുന്നു. ചരിത്രകാരന്മാരുടെ ഭാഗത്ത് സംഭവിച്ച അക്ഷന്തവ്യമായ പിഴവായിട്ടാണ് ഇതിനെ കാണേണ്ടതെന്ന് ദ്രോണർക്ക് തോന്നുന്നുണ്ട്.

കുമ്പക്കുടി രാമായണ കർത്താവായ കുമ്പക്കുടി സുധാകർജിയുടെ രാമായണകഥകേട്ട ശ്രീരാമന്റെ അനിയൻ ലക്ഷ്മണൻ മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നെന്നും ആ കേസിന്റെ നൂലാമാല കാരണം കുമ്പക്കുടി രാമായണം ഇത്രയുംകാലം പുറത്ത് വരാതിരിക്കുകയായിരുന്നു എന്നുമുള്ള മറ്റൊരു വാദവും ചരിത്രകാരന്മാർക്കിടയിൽ നിന്നുതന്നെ ഉണ്ടാകുന്നുണ്ട്.

ശ്രീരാമനും ലക്ഷ്മണനും സീതയെയും കൂട്ടി രാവണന്റെ അടുത്ത് നിന്ന് വിമാനത്തിൽ തിരുവനന്തപുരം- തൃശൂർ വഴി ആകാശത്തിലൂടെ കണ്ണൂർ എടക്കാടേക്ക് വച്ചുപിടിക്കുകയായിരുന്നു എന്ന് കുമ്പക്കുടി രാമായണത്തിലെ സീതാകാണ്ഡത്തിൽ പറയുന്നു. തിരുവനന്തപുരത്ത് നിന്ന് തൃശൂർ വരെ എത്തുന്നതിനിടയ്ക്ക് ലക്ഷ്മണന്റെ ഉള്ളിൽ ചില്ലറ മോഹം ഉദിക്കുകയുണ്ടായി. ചേട്ടൻ ശ്രീരാമനെതള്ളി താഴത്തേക്കിട്ടാലോ എന്നായിരുന്നു ആ ചിന്ത. ഏട്ടത്തി സീതയോട് ആ നേരത്ത് ലക്ഷ്മണന് വേണ്ടാത്ത ചിന്തയുണ്ടായിപ്പോയതായിരുന്നു ഹേതു. തിരുവനന്തപുരത്തെ ശംഖുമുഖം വിമാനത്താവളത്തിൽ നിന്ന് പുഷ്പകവിമാനം പറന്ന് പൊങ്ങിയപ്പോൾ തന്നെ ആദ്യം ശംഖുമുഖം കടലിലേക്ക് തള്ളിയിടാനുള്ള ചിന്തയാണ് ലക്ഷ്മണനിൽ ഭവിച്ചത്.

ആലപ്പുഴ ചെന്നിത്തല ഭാഗത്തൊക്കെ എത്തിയപ്പോൾ പുറക്കാട്, തുമ്പോളി കടലിലേക്ക് വലിച്ചെറിയാനുള്ള വല്ലാത്ത വാഞ്ഛയാണ് ലക്ഷ്മണനിൽ വന്നുഭവിച്ചത്. കുമ്പക്കുടി ശ്രീരാമന്റെ ആത്മസംയമനം ഒന്നുകൊണ്ട് മാത്രം അത് നടക്കാതെ പോയിട്ടുണ്ട്. വടക്കൻ പറവൂരിൽ വടശ്ശേരി സതീശൻജി താമസിക്കുന്ന സ്ഥലത്ത് കടലില്ലാതിരുന്നത് ഭാഗ്യം എന്നും രാമായണകാവ്യത്തിൽ കുമ്പക്കുടി വിവരിച്ചതായി പറയുന്നുണ്ട്.

ഏതാണ്ട് തൃശൂരിലെത്തിയപ്പോഴാണ് അനിയൻ ലക്ഷ്മണന്റെ മനസ്സ് മാറിയത്. കുമ്പക്കുടി ശ്രീരാമൻ അത് തിരിച്ചറിഞ്ഞു. ഇതുവരെ കടന്നുവന്ന മണ്ണിന്റെ ദുർനിമിത്തമാണ് ലക്ഷ്മണനെക്കൊണ്ട് ഈവക ചിന്തിപ്പിച്ചതെന്ന് കുമ്പക്കുടി ശ്രീരാമന് മനസ്സിലായി. അതിനാൽ ലക്ഷ്മണനെ വേദനിപ്പിക്കാതെ ശ്രീരാമൻ സ്വയം ആശ്വസിച്ചു എന്നാണ് രാമായണത്തിലെ കഥ.

ഇത് വാസ്തവം പറഞ്ഞാൽ വാൽമീകിയേക്കാളും മുമ്പേ പ്രസിദ്ധീകരിക്കപ്പെട്ട രാമായണമായിരുന്നു. അന്ന് കേസിൽ പെട്ടില്ലായിരുന്നെങ്കിൽ ചരിത്രം വഴിമാറിയേനെ. കുമ്പക്കുടി സുധാകർജിയെ പിടിച്ചാൽ കിട്ടില്ലായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല. ചില കവികൾക്ക് ഇങ്ങനനെയാവാനാകും വിധി. ആവട്ടെ!

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KUMBAKKUDI SUDHAKARAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.