തിരുവനന്തപുരം: ഗവർണർ പദവിയെ ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന് മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏറെക്കാലമായി സംസ്ഥാന സർക്കാരുമായി തുടരുന്ന ഏറ്റുമുട്ടൽ ,ഇതോടെ എല്ലാ അതിരുകളും ലംഘിക്കുന്നതായി.
ട്വിറ്ററിലൂടെ ഗവർണറുടെ അസാധാരണ മുന്നറിയിപ്പ് ഇങ്ങനെ:- ''മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ,ഗവർണർ പദവിയുടെ അന്തസ് ഇടിക്കുന്ന പ്രസ്താവനകൾ മന്ത്രിമാർ നടത്തുന്നത് മന്ത്രിപദവി പിൻവലിക്കുന്നതടക്കമുള്ള നടപടികൾ ക്ഷണിച്ചു വരുത്തും''.
ഗവർണർ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നില്ലെന്നും, ആർ.എസ്.എസിന്റെ അജൻഡ നടപ്പാക്കുകയെന്ന ദൗത്യം ഏറ്റെടുത്തെന്നും കഴിഞ്ഞ12ന് മന്ത്രി ആർ.ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞതാണ് ഗവർണറെ പ്രകോപിപ്പിച്ചത്. ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ, ഗവർണറെ ഇകഴ്ത്തി പറഞ്ഞിട്ടില്ലെന്ന് മന്ത്രി ബിന്ദു വിശദീകരിച്ചു.
ഭരണഘടനയുടെ 163, 164 അനുച്ഛേദങ്ങളിൽ ഗവർണർക്കുള്ള അധികാരം ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ മുന്നറിയിപ്പ്. 164പ്രകാരം മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കണം .മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം നിയമിക്കണം. ഗവർണറുടെ പ്രീതിയുള്ളിടത്തോളം കാലം മന്ത്രിമാർക്ക് പദവിയിൽ തുടരാം. 163പ്രകാരം ഗവർണറെ ചുമതലകൾ നിർവഹിക്കുന്നതിൽ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രി തലവനായി മന്ത്രിസഭയുണ്ടാവണം. ഭരണഘടനാ വിഷയങ്ങളിൽ ഗവർണറുടെ വിവേചന പ്രകാരമുള്ള തീരുമാനം അന്തിമമായിരിക്കും. വിവേചനാധികാരം ഉപയോഗിച്ചെന്നോ ഇല്ലെന്നോ ഉള്ള കാരണത്താൽ ഗവർണറുടെ നടപടികളുടെ സാധുത ചോദ്യം ചെയ്യപ്പെടാൻ പാടില്ല. മന്ത്രിമാർ ഗവർണർക്ക് നൽകിയ ഉപദേശങ്ങളൊന്നും കോടതിയിൽ വിചാരണ ചെയ്യപ്പെടാൻ പാടില്ല.
മന്ത്രിയെ പിൻവലിക്കൽ വാദവും മറുവാദവും
1.ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ തനിക്ക് തടസമുണ്ടാക്കുന്നെന്ന കാരണമാണ് അപ്രീതിക്ക് കാരണമായി ഗവർണർ ചൂണ്ടിക്കാട്ടുന്നത്.
മന്ത്രിമാരോടുള്ള ഗവർണറുടെ പ്രീതി വ്യക്തിപരമല്ലെന്നും, മന്ത്രിമാർ ഭരണഘടനാപരമായ ചുമതലകൾ നിറവേറുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നിയമ വിദഗ്ദ്ധർ .
2. ഭരണഘടനാ പദവി രാഷ്ട്രപതിക്കും ഗവർണർക്കുമുള്ളതാണ്. ഇരുവരെയും ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുന്നത് ഐ.പി.സി പ്രകാരം കുറ്റകരമാണെന്ന് ഗവർണർ
മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സ്വന്തം താത്പര്യമല്ല, മന്ത്രിസഭയുടെ ശുപാർശയാണ് നടപ്പാക്കേണ്ടതെന്നും സുപ്രീംകോടതി ഉത്തരവുണ്ട്.
മന്ത്രി ബിന്ദു പറഞ്ഞത്
'' ഒരു വർഷം മുൻപ് നിയമസഭ പാസാക്കിയ സർവകലാശാലാ ഭേദഗതി ബിൽ ഒപ്പിടാതെ ഗവർണറുടെ കൈയിലിരിക്കുന്നു. സ്വയംഭരണ കോളേജുകളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അനിവാര്യമായ സുരക്ഷാ സംവിധാനങ്ങളടക്കമുള്ള സുപ്രധാന ബില്ലാണത്. ന്യൂനതകളോ അപാകതകളോ ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കാം. ആർ.എസ്.എസിന്റെ പാളയത്തിൽ പോയാണ് ഗവർണർ കാര്യങ്ങൾ ആലോചിക്കുന്നത്.
സർക്കാർ ഗവർണറുമായി നേരിട്ട് യുദ്ധത്തിനില്ല. പ്രയാസപ്പെടുത്തുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനുള്ള ചുമതല മുഖ്യമായി ഗവർണർക്കാണ്.''
മുഖ്യമന്ത്രിയുടെ ശുപാർശ വേണം: പി.ഡി.ടി ആചാരി
ന്യൂഡൽഹി: മന്ത്രിമാരെ പിൻവലിക്കുമെന്ന് ഗവർണർ പ്രസ്താവിച്ചെങ്കിലും ഒറ്റയ്ക്ക് ഉത്തരവിടാനുള്ള അധികാരം ഭരണഘടന നൽകുന്നില്ലെന്ന് ഭരണഘടനാ വിദഗ്ദ്ധനും മുൻ ലോക്സഭാ സെക്രട്ടറി ജനറലുമായ പി.ഡി.ടി ആചാരി പറഞ്ഞു. മന്ത്രിസഭ പിരിച്ചുവിടാനും മന്ത്രിമാരെ പിൻവലിക്കാനും ഗവർണർക്ക് ഭരണഘടനയുടെ 164(1) വകുപ്പ് ഉപാധികളോടെ അധികാരം നൽകുന്നുണ്ട്. സർക്കാർ ഭൂരിപക്ഷമില്ലാതെ അധികാരത്തിൽ തുടരുമ്പോഴാണ് പിരിച്ചുവിടുന്നത്. മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ പ്രകാരമാണ് ഗവർണർ ഉത്തരവിടേണ്ടത്. ഗവർണർക്ക് സ്വമേധയാ ഉത്തരവിടാൻ കഴിയില്ല. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് കൂടുതൽ അധികാരം. ഗവർണർക്ക് കൂടുതൽ അധികാരമുണ്ടെന്ന് പഴയ കോടതി വിധികളുടെ അടിസ്ഥാനത്തിൽ ഗവർണറെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കാം. അത്തരം കോടതി വിധികൾ പലതും പിന്നീട് ഓവർ റൂൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആചാരി പറഞ്ഞു.
സർവകലാശാലാ വിഷയങ്ങളിൽ സർക്കാർ ഇടപെടുമ്പോൾ ചിലർ 'പിപ്പിടികൾ' കാട്ടുന്നു. ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. എതിർപ്പ് ഗൗനിക്കേണ്ടതില്ല. ഇടുങ്ങിയ മനസുള്ളവരാണ് വികസനത്തെ തടയുന്നത്
- പിണറായി വിജയൻ, മുഖ്യമന്ത്രി
മന്ത്രിമാരെ പിൻവലിക്കാനുള്ള അവകാശം ഗവർണർക്കില്ല. ഭരണഘടനയിൽ ഗവർണറുടെയും സർക്കാരിന്റെയും സ്ഥാനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗവർണർക്ക് ഇഷ്ടമില്ലെന്നു കരുതി മന്ത്രിമാരെ പിൻവലിക്കാനാകില്ല
- വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |