SignIn
Kerala Kaumudi Online
Saturday, 27 April 2024 8.41 AM IST

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്, കേരളത്തിൽ നിന്ന് വോട്ടുചെയ്തത് 294പേർ

tharoor

 പോളിംഗ് ശതമാനം 94.83

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പെന്നപോലെ വീറും വാശിയും നിറഞ്ഞ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇന്ദിരാഭവനിൽ തയ്യാറാക്കിയ രണ്ടു ബൂത്തുകളിലായി 287 പേർ വോട്ട് ചെയ്തു. 310 പേർക്കാണ് കേരളത്തിൽ വോട്ടവകാശം ഉണ്ടായിരുന്നത്. ഭാരത് ജോഡോ യാത്രയിലുള്ള രണ്ടുപേരും മറ്റ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അഞ്ചുപേരും പുറത്താണ് വോട്ട് ചെയ്തത്. ഇതുകൂടി ചേർത്താൽ കേരളത്തിൽ നിന്ന് വോട്ട് ചെയ്തത് 294 പേർ. കേരളത്തിൽ പോളിംഗ് ശതമാനം 94.83.

പട്ടികയിൽ ഉൾപ്പെട്ട മൂന്നുപേർ മരണപ്പെട്ടു. ആരോഗ്യപരമായ അവശതകൾകാരണം ഒമ്പത് പേരും വിദേശത്തുള്ള രണ്ടുപേരും വോട്ടു ചെയ്തില്ല. പീഡനക്കേസിൽ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളിയും എത്തിയില്ല. വോട്ടർ‌ കാർഡിലുണ്ടായ പിഴവുമൂലം സുരേഷ് ബാബു എളയാവൂരിനും വോട്ടു ചെയ്യാനായില്ല. സുരേഷ് ബാബുവിന്റെ പേരിനുപകരം മറ്റൊരു പേരാണ് രേഖപ്പെടുത്തിയിരുന്നത്.

മല്ലികാർജ്ജുന ഖാർഗേയ്ക്കു വേണ്ടി വി.എസ്.ശിവകുമാർ, എ.എ. ഷുക്കൂർ, എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യക്കോസ് എന്നിവരായിരുന്നു ഇലക്ഷൻ ഏജന്റുമാർ. ശശി തരൂരിന് വേണ്ടി വട്ടിയൂർക്കാവ് ബ്ലോക്ക് പ്രസിഡന്റ് മണ്ണാമ്മൂല രാജൻ, കാഞ്ഞിരംകുളം ബ്ലോക്ക് പ്രസിഡന്റ് ശിവകുമാർ, വെള്ളറട ബ്ലോക്ക് പ്രസിഡന്റ് വിജയചന്ദ്രൻ നായർ, കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് സനൽകുമാർ എന്നിവർ ഏജന്റുമാരായി. സ്ഥാനാർത്ഥികൾക്കായി വോട്ടുതേടി പോസ്റ്ററുകളും ബാനറുകളുമായി പ്രവർത്തകർ രാവിലെതന്നെ എത്തിയിരുന്നു.

കേരളത്തിലെ വോട്ട്

ആകെ വോട്ട് .............. 310

ഇന്ദിരാ ഭവനിൽ

രേഖപ്പെടുത്തിയത് ......287

പുറത്ത് വോട്ട് ചെയ്തവർ

 ജോഡോ യാത്രയിലുള്ളവർ- 2

(വിദ്യ ബാലകൃഷ്ണൻ, അനിൽ ബോസ്)

മറ്റിടങ്ങളിൽ ഇലക്ഷൻ ചുമതലയുള്ളവർ- 5
(ഷാനിമോൾ ഉസ്മാൻ, നെയ്യാറ്റിൻകര സനൽ, ജോൺസൺ എബ്രഹാം, ഹൈബി ഈഡൻ,
രാജ്മോഹൻ ഉണ്ണിത്താൻ)

വോട്ട് ചെയ്യാത്തവർ-13

ശാരീരിക അവശത മൂലം -9
(വയലാർ രവി, കെ.എം.എ. സലാം, പി.പി.തങ്കച്ചൻ, ടി.എച്ച്. മുസ്തഫ, പി.കെ. അബൂബക്കർ ഹാജി, കെ.പി.വിശ്വനാഥൻ, കെ.പി.ഉണ്ണികൃഷ്ണൻ, കെ.അച്ചുതൻ, എ.ഡി. മുസ്തഫ,)

വിദേശത്തുള്ളവർ...2
(വി.എം.സുധീരൻ, കരകുളം കൃഷ്ണപിള്ള)

ഒളിവിലുള്ള എൽദോസ് കുന്നപ്പിള്ളി

വോട്ടർ‌ കാർഡിലെ പിഴവുമൂലം സുരേഷ് ബാബു

മരണപ്പെട്ടവർ- 3

(പുനലൂർ മധു, ആര്യാടൻ മുഹമ്മദ്, പ്രതാപ വർമ്മ തമ്പാൻ)

'ഒറ്റക്കെട്ടായി' ബൂത്തിലേക്ക്

സിരകളിൽ കോൺഗ്രസ് കൂറൂള്ള ഏതൊരു പ്രവർത്തകനും കൊതിക്കുന്നതായിരുന്നു ഇന്നലെ ഇന്ദിരാഭവനിലെ കാഴ്ച. മുനവച്ച വർത്തമാനമില്ല, പരസ്പരം പഴിചാരലില്ല, ഗ്രൂപ്പ് വൈരത്തിന്റെ അലോസരമില്ല. ഐക്യത്തിന്റെ ഊഷ്മളതയായിരുന്നു അന്തരീക്ഷമാകെ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം താമസക്കാരില്ലാത്ത വീടുപോലെ നിശബ്ദമായിരുന്ന ഇന്ദിരാഭവൻ ഇന്നലെ ഉത്സമൊരുങ്ങുന്ന അമ്പലപ്പറമ്പു പോലെയായി. മുതിർന്ന നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ളയും സി.വി.പദ്മരാജനും ഉൾപ്പടെയുള്ളവർ പ്രായത്തിന്റെ പരാധീനതകൾ മറന്ന് വോട്ടു ചെയ്യാനെത്തി. 10.45ന് സ്ഥാനാർത്ഥിയായ ശശിതരൂരുമെത്തി. വടക്കൻ മേഖലയിലെ ഏഴുജില്ലകൾക്കായി ഒരുക്കിയ രണ്ടാംനമ്പർ ബൂത്തിൽ വി.കെ.ശ്രീകണ്ഠന്റെ ഭാര്യ കെ.എ.തുളസിയായിരുന്നു ആദ്യ വോട്ടർ. തെക്കൻ ജില്ലകൾക്ക് വേണ്ടിയുള്ള ഒന്നാം നമ്പർ ബൂത്തിൽ തമ്പാനൂർ രവിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.