പത്തനംതിട്ട : സമൂഹത്തിന്റെ പുരോഗതിക്കൊപ്പം വ്യക്തിജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുവാൻ ശാസ്ത്രത്തെ അറിയേണ്ടതുണ്ടെന്നും വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, ആഭിചാര കൊലകൾ തുടങ്ങി ഇന്ന് സമൂഹത്തിനൊട്ടാകെ അവമതിപ്പ് ഉണ്ടാക്കുന്ന സംഭവങ്ങൾക്കെല്ലാം കാരണം നമ്മുടെ ഉളളിലുള്ള മൂഢ വിശാസങ്ങളാണ്. ഇവയെ ഇല്ലാതാക്കാൻ ശാസ്ത്രത്തെ അടുത്തറിഞ്ഞ് പ്രവൃത്തി പഥത്തിൽ കൊണ്ടുവരാൻ ശ്രമിക്കണമെന്നും അദ്ധ്യക്ഷതവഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ പറഞ്ഞു.
അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐ.ടി മേള, ഗണിത ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, എന്നിവയോടൊപ്പം വൊക്കേഷണൽ എക്സ്പോയും തുടങ്ങി. വിവിധ മത്സര വിഭാഗങ്ങളിലായി മൂവായിരത്തോളം വിദ്യാർത്ഥികൾ ഇക്കുറി പങ്കെടുക്കുന്നുണ്ട്.
സെന്റ് തോമസ് എച്ച്.എസ്.എസ് കോഴഞ്ചേരി, ഗവ.ഹൈസ്കൂൾ കോഴഞ്ചേരി, ബി.ആർ.സി കോഴഞ്ചേരി, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ കോഴഞ്ചേരി എന്നീ വേദികളിലായാണ് മത്സരം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ.അജയകുമാർ, സാറാമ്മ ഷാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതു മുരളി, ബിജിലി പി ഈശോ, സാലി ഫിലിപ്പ്, റോയി ഫിലിപ്പ്, ബിജോ പി മാത്യു, വിദ്യാഭ്യാസ ഉപഡയറക്ടർ എം.എസ്.രേണുകാഭായ്, ഹയർസെക്കൻഡറി റീജിയണൽ ഡെപ്യുട്ടി ഡയറക്ടർ വി.കെ.അശോക് കുമാർ, വി.എച്ച്.എസ്.ഇ അസിസ്റ്റൻഡ് ഡയറക്ടർ ആർ.സിന്ധു, ഡയറ്റ് പ്രിൻസിപ്പൽ പി.പി.വേണുഗോപാൽ, ഡി.ഇ.ഒ ഷീലാ കുമാരിയമ്മ, എ.ഇ.ഒ പി.അനിത, സ്കൂൾ മാനേജർ റവ.തോമസ് മാത്യു, പ്രിൻസിപ്പൽ മത്തായി ചാക്കോ, ഹെഡ്മിസ്ട്രസ് ആശാ തോമസ്, പി.ടി.എ പ്രസിഡന്റ് റോയ് മാത്യു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |