തിരുവനന്തപുരം; കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇൻഡീ സംഗീതോത്സവം 9 മുതൽ 13 വരെ കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും. ഏഴു പ്രമുഖ വിദേശ ബാൻഡുകൾക്കും ഗായകർക്കുമൊപ്പം ഇന്ത്യയിലെ 14 പ്രമുഖ ബാൻഡുകളും സംഗീതപരിപാടികൾ അവതരിപ്പിക്കും.ലേസീ ഇൻഡീ മാഗസിനിന്റെ സഹകരണത്തോടെയാണ് ഇന്റർനാഷണൽ ഇൻഡീ മ്യൂസിക് ഫെസ്റ്റിവൽ (ഐ.ഐ.എം.എഫ് ) നടക്കുക.
റോക്ക് സംഗീത ഇതിഹാസം എറിക് ക്ലാപ്റ്റണിന്റെ അനന്തരവൻ യു.കെയിലെ വിഖ്യാതനായ വിൽ ജോൺസ്, അമേരിക്കയിലെ ജനപ്രിയ ഹാർഡ് റോക്ക് ഗായകൻ സാമി ഷോഫി, ബ്രിട്ടീഷ് ബാൻഡായ റെയ്ൻ, മലേഷ്യയിൽനിന്നു ലീയ മീറ്റ, പാപ്പുവ ന്യൂ ഗിനിയിൽനിന്ന് ആൻസ്ലോം, സിംഗപ്പൂരിൽനിന്നു രുദ്ര, ഇറ്റലിയിൽനിന്ന് റോക് ഫ്ളവേഴ്സ് എന്നീ ബാൻഡുകളും ഗായകരും പങ്കെടുക്കും. മുംബയിലെ ഷെറീസ്, ആർക്ലിഫ്, വെൻ ചായ് മെറ്റ് ടോസ്റ്റ്, ഹരീഷ് ശിവരാമകൃഷ്ണന്റെ അഗം, സ്ക്രീൻ 6, സിത്താര കൃഷ്ണകുമാറിന്റെ പ്രൊജക്ട് മലബാറിക്കസ്, ഊരാളി, ജോബ് കുര്യൻ, കെയോസ്, ലേസീ ജേ, ചന്ദന രാജേഷ്, താമരശേരി ചുരം, ഇന്നർ സാങ്റ്റം, ദേവൻ ഏകാംബരം എന്നിവയാണ് ഇന്ത്യൻ ബാൻഡുകൾ.
മ്യൂസിക് ബാൻഡുകൾ സ്വന്തമായി ഗാനങ്ങൾ രചിച്ച് സംഗീതം പകർന്ന് സുസജ്ജമായ വാദ്യോപകരണ, ശബ്ദപ്രകാശ വിതാന സംവിധാനങ്ങളോടെ അവതരിപ്പിക്കുന്ന സംഗീതമാണ് ഇൻഡീ മ്യൂസിക്. ഈ രംഗത്ത് രാജ്യത്തിലെ ആദ്യത്തേതും പ്രമുഖവുമായ മേളയാണ് ഐ.ഐ.എം.എഫെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
വൈകിട്ട് 6 മുതൽ 10 വരെയാണ് പരിപാടി. ബുക്ക് മൈ ഷോയിലൂടെയും കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നിന്നും ടിക്കറ്റ് വാങ്ങാം. രാജ്യാന്തരനിലവാരത്തിലാണ് പരിപാടിയെന്ന് ക്രാഫ്റ്റ്സ് വില്ലേജ് സി.ഒ.ഒ ശ്രീപ്രസാദ് പറഞ്ഞു. ക്രാഫ്റ്റ്സ് വില്ലേജ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ സതീഷ് കുമാറും ലേസി ഇൻഡി സി.ഒ.ഒ ടി. എൻ. മനോജും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |