കൊല്ലം: ശാസ്ത്ര വിസ്മയങ്ങളും കരകൗശല വിരുതും പങ്കുവച്ച റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് കൊടിയിറങ്ങി. രണ്ട് പകലുകൾ കൊട്ടാരക്കരയ്ക്ക് പുതുനാമ്പുകൾ പങ്കുവച്ചത് നാളെയുടെ ശാസ്ത്ര നേട്ടങ്ങൾക്കുതകുന്ന ഒത്തിരിക്കാര്യങ്ങളാണ്.
നിത്യ ജീവിതത്തിനുപകരിക്കുന്ന ചെലവുകുറഞ്ഞ ഒട്ടേറെ കണ്ടുപിടിത്തങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഒന്നിനൊന്ന് മെച്ചമായത് കാഴ്ചക്കാരെ ചിന്തിപ്പിച്ചു. ചിന്തിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിവുള്ള സ്വപ്നങ്ങളുടെ അഗ്നിച്ചിറകുകളിലായിരുന്നു പ്രതിഭകളുടെ മിന്നലാട്ടം.
നാളെയുടെ പ്രതീക്ഷകളായ വിദ്യാർത്ഥി ശാസ്ത്രജ്ഞരുടെ പ്രതിഭാ മാറ്റുരയ്ക്കലിന് ശേഷം കളമൊഴിയുമ്പോൾ കണ്ടതും കേട്ടതും വിശേഷങ്ങളായി വിളമ്പുകയാണ് നാട്ടുകാരും.
കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കിഴക്കേക്കര സെന്റ് മേരീസ് എച്ച്.എസ്.എസ്, കൊട്ടാരക്കര മാർത്തോമ്മ ഹൈസ്കൂൾ, കൊല്ലം വിമലഹൃദയ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിട്ടാണ് മേള രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ എക്സ്പോ കൂടുതൽ ഹൃദ്യമായി. ആക്രിക്കടയിൽ നിന്ന് വാങ്ങിയ സാമഗ്രികളുപയോഗിച്ച് ജീപ്പും മുച്ചക്ര വാഹനവും നിർമ്മിച്ച മുഹമ്മദ് സലീം രണ്ടാം ദിനത്തിലും താരമായി. മന്ത്രി കെ.എൻ.ബാലഗോപാൽ നേരിട്ടെത്തി അഭിനന്ദനം അറിയിക്കുകയും സമാപന സമ്മേളനത്തിൽ മുഹമ്മദ് സലീമിന്റെ മികവിനെപ്പറ്റി വിശദമായി പരാമർശിക്കുകയും ചെയ്തു.
ശാസ്ത്ര പ്രതിഭകളെ പ്രോത്സാഹിപ്പിക്കണം:
കെ.എൻ. ബാലഗോപാൽ
കൊല്ലം: വിദ്യാർത്ഥികളിൽ നിന്നാണ് ലോകത്തെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങൾ ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കരയിൽ നടന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെയും വൊക്കേഷണൽ എക്സ്പോയുടെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധാരാളം ആശയങ്ങൾ ഉദിക്കുന്നത് കുട്ടിക്കാലത്താണ്. ജീവിത ബന്ധമുള്ളതാണ് മിക്കവയും. അത് നടപ്പാക്കാൻ വഴിയൊരുക്കണം. മുമ്പ് ശാസ്ത്ര സാങ്കേതിക നേട്ടങ്ങളെ പ്രെമോട്ട് ചെയ്യാൻ ചില ഏജൻസികളാണ് ഉണ്ടായിരുന്നത്. എന്നാൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കിയ സ്റ്റാർട്ടപ്പുകൾ പുതിയ തലമുറയ്ക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അദ്ധ്യക്ഷയായി. ഓവറൾ ചാമ്പ്യൻഷിപ്പ് നേടിയ കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മന്ത്രി ട്രോഫി സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ.ഗോപൻ മറ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആർ.രമേശ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, വി.എച്ച്.എസ്.ഇ അസി.ഡയറക്ടർ ഒ.എസ്.ചിത്ര, എം.എസ്.ഷിബു, ആർ.പ്രദീപ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |