ബാഴ്സലോണ: 14 വർഷമായി സ്പാനിഷ് ഫുട്ബാൾ ക്ളബ് ബാഴ്സലോണയുടെ പ്രതിരോധത്തിലെ പടനായകനായിരുന്ന ജെറാഡ് പിക്വെ പ്രൊഫഷണൽ കരിയർ അവസാനിപ്പിക്കുന്നു. ഇന്ന് അൽ മേരിയയ്ക്കെതിരെയുള്ള ലാ ലിഗ മത്സരം ക്യാമ്പ്നൗവിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് ട്വിറ്ററിലൂടെ പിക്വെ അറിയിക്കുകയായിരുന്നു.
ക്ലബ് ഫുട്ബാളിലും അന്താരാഷ്ട്ര ഫുട്ബാളിലും നിരവധി കിരീടങ്ങൾ നേടിയിട്ടുളള താരമാണ് പിക്വെ. 2010 ലോകകപ്പും 2012 യൂറോ കപ്പും നേടിയ സ്പെയിൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്ന പിക്വെ 2018ൽ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചിരുന്നു. ബാഴ്സലോണയുടെ യൂത്ത് ടീമിൽ കരിയർ ആരംഭിച്ച പിക്വെ 2004 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായാണ് സീനിയർ തലത്തിൽ അരങ്ങേറിയത്. ഇടക്കാലത്ത് റയൽ സരഗോസയ്ക്കായി ലോൺ അടിസ്ഥാനത്തിൽ കളിച്ച ശേഷം 2008ൽ ബാഴ്സയിലേക്ക് കൂടുമാറിയെത്തിയ താരം പിന്നീടങ്ങോട്ട് ക്ലബ്ലിന്റെ പ്രതിരോധനിരയിലെ കരുത്തുറ്റ സാന്നിധ്യമായി മാറി. 2008 മുതൽ 2012 വരെ കോച്ച് പെപ് ഗ്വാർഡിയോളയുടെ കീഴിൽ ബാഴ്സലോണ കിരീടങ്ങൾ ഒന്നൊന്നായി വെട്ടിപ്പിടിച്ചപ്പോൾ മെസി,ഷാവി തുടങ്ങിയവർക്കൊപ്പം പിക്വയെും ബാഴ്സയുടെ നെടുംതൂണായി മാറി.
വിഖ്യാത പോപ്പ് ഗായിക ഷാക്കിറയുമായുള്ള ബന്ധം തകർന്നത് അടുത്തകാലത്ത് പിക്വയെ അസ്വസ്ഥനാക്കിയിരുന്നു. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.
പിക്വെയുടെ കിരീടങ്ങൾ
8 സ്പാനിഷ് ലാ ലിഗ
7 കിംഗ്സ് കപ്പ്
6 സ്പാനിഷ് സൂപ്പർ കോപ്പ
4 ചാമ്പ്യൻസ് ലീഗ്
3 യുവേഫ സൂപ്പർ കപ്പ്
3 ഫിഫ ക്ലബ് ലോകകപ്പ്
1 ഇംഗ്ളീഷ് പ്രിമിയർ ലീഗ്
1 കമ്മ്യൂണിറ്റി ഷീൽഡ്
1ലോകകപ്പ്
1 യൂറോകപ്പ്
പിക്വെ പ്രൊഫഷണൽ ക്ളബ് കരിയർ 2004-2008 : മാഞ്ചസ്റ്റർ യുണൈറ്റഡ് 12 മത്സരങ്ങൾ 2006-2007 :റയൽ സരഗോസ (ലോൺ) 22മത്സരങ്ങൾ, 2 ഗോളുകൾ 2008-2022 : ബാഴ്സലോണ 396 മത്സരങ്ങൾ,29 ഗോളുകൾ 30 ബാഴ്സലോണയുടെ 30 കിരീടവിജയങ്ങളിൽ പങ്കാളിയായിരുന്നു ജെറാഡ് പിക്വെ. ഈ യാത്ര അവസാനിപ്പിക്കാനുളള സമയമായെന്ന് ഞാൻ തീരുമാനിച്ചുകഴിഞ്ഞു. ബാഴ്സയ്ക്ക് ശേഷം മറ്റൊരു ടീമില്ല - ജെറാഡ് പിക്വെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |