SignIn
Kerala Kaumudi Online
Friday, 26 April 2024 6.04 PM IST

ചാൻസലർ: ഓർഡിനൻസിന് സർക്കാർ , രാഷ്ട്രപതിക്ക് അയയ്ക്കാൻ ഗവർണർ, വെട്ടിന് മറുവെട്ട്

arif-muhamamd-khan-

ബിൽ അവതരണവും അനിശ്ചിതത്വത്തിൽ

* അതിപ്രഗത്ഭരെ ചാൻസലർമാരാക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭായോഗം തീരുമാനിച്ചതോടെ,​ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച് മറുവെട്ടിന് തയ്യാറെടുക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ചാൻസലർ പദവി എടുത്തുമാറ്റുന്ന കരട് ബിൽ ഡിസംബർ അഞ്ചിന് പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് അവതരിപ്പിക്കാനായിരുന്നു ആലോചന. ഉടനടി നടപടിയിലേക്ക് നീങ്ങണമെന്ന രാഷ്ട്രീയ നിലപാടിനെ തുടർന്നാണ് ഓർഡിനൻസിന് തീരുമാനമായത്. പക്ഷേ, ഓർഡിനൻസിന്റെയും ബില്ലിന്റെയും വഴി മുടങ്ങാനാണ് സാദ്ധ്യത. കാരണം, ഓർഡിനൻസിൽ രാഷ്ട്രപതി അന്തിമതീരുമാനമെടുക്കും വരെ പകരമുള്ള ബിൽ സഭയിൽ കൊണ്ടുവരാനാവില്ല.

ഗവർണർക്ക് എതിരായ രാഷ്ട്രീയസന്ദേശമായാണ് ഓർഡിനൻസിനെ കാണുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഓർഡിനൻസിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.

ബന്ധപ്പെട്ട മേഖലയിലെ അതിപ്രഗത്ഭരെ ചാൻസലർമാരാക്കുകയാണ് ഓർഡിനൻസിന്റെ പ്രത്യക്ഷ ലക്ഷ്യം. 'ഗവർണർ അദ്ദേഹത്തിന്റെ പദവി മുഖാന്തിരം ചാൻസലർ കൂടിയായിരിക്കും' എന്നാണ് സംസ്ഥാനത്തെ 14 സർവകലാശാലകളിലെയും നിയമവ്യവസ്ഥ. ഓരോ സർവകലാശാലാ നിയമത്തിലും ഈ വകുപ്പ് നീക്കി വേണം ഭേദഗതി വരുത്താൻ. അതിന് നിർദ്ദേശിക്കുന്ന ഓർഡിനൻസാണ് മന്ത്രിസഭ അംഗീകരിച്ചത്.

ചാൻസലറായി മുഖ്യമന്ത്രി പ്രവർത്തിക്കണമെന്ന നിർദ്ദേശം നേരത്തേ നടന്ന കൂടിയാലോചനകളിലുയർന്നെങ്കിലും പിണറായി വിജയൻ തള്ളിക്കളഞ്ഞിരുന്നു. മന്ത്രിമാരെ പരിഗണിക്കുന്നതിനോടും യോജിച്ചില്ല. മന്ത്രിസഭായോഗത്തിന് മുന്നോടിയായി സി.പി.ഐ അടക്കം പ്രമുഖ കക്ഷികളുടെ മന്ത്രിമാരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നു. ചൊവ്വാഴ്ചത്തെ കൂടിയാലോചനകൾക്കൊടുവിലാണ് രാത്രിയോടെ കരട് തയാറാക്കി മന്ത്രിസഭായോഗ അജൻഡയിലുൾക്കൊള്ളിച്ചത്.

ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിറവേറ്റേണ്ട ഗവർണറെ ചാൻസലറാക്കുന്നത് ഉചിതമാവില്ലെന്ന പൂഞ്ചി കമ്മിഷൻ ശുപാർശകൾ പരിഗണിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു.

ഒന്നിലേറെ ചാൻസലർ,

നിയമിക്കുക മന്ത്രിസഭ

ചാൻസലർമാരെ മന്ത്രിസഭയുടെ അനുമതിയോടെയാകും നിയമിക്കുക. ഇത് ഓണററി പദവിയായിരിക്കും. ശമ്പളമോ മറ്റ് വേതനവ്യവസ്ഥകളോ ഉണ്ടാവില്ല. എന്നാൽ പ്രത്യേക ഓഫീസും സ്റ്റാഫും അനുവദിക്കും. കേരള, മഹാത്മഗാന്ധി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, സംസ്കൃതം എന്നിങ്ങനെ സമാനവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സർവകലാശാലകളുടെ ചാൻസലർ ഒരാളായിരിക്കും. അതേസമയം,​ സാങ്കേതികം, ഡിജിറ്റൽ, ആരോഗ്യം, വെറ്ററിനറി, ഫിഷറീസ്, കാർഷികം സർവകലാശാലകളിലേക്ക് അതത് മേഖലകളിലെ പ്രഗൽഭരെ കണ്ടെത്തും.

പ്രോട്ടോകോൾ പ്രശ്നം

നിലവിൽ വിവിധ സർവകലാശാലകളിൽ അതത് വകുപ്പുകളുടെ മന്ത്രിമാരാണ് പ്രോ ചാൻസലർമാർ. ചാൻസലർക്ക് കീഴിലാണ് പ്രോ ചാൻസലർ. മന്ത്രിമാർ സർക്കാർ പ്രതിനിധികളായ ചാൻസലർക്ക് കീഴിലാവുന്നത് പ്രോട്ടോകോൾ വിഷയമാകില്ലേയെന്ന സംശയം മന്ത്രിമാരുയർത്തിയിട്ടുണ്ട്. ബിൽ വരുമ്പോൾ വ്യക്തത വരുത്താമെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

കുടുങ്ങും, കേന്ദ്രത്തിൽ

അല്ലെങ്കിൽ രാജ്ഭവനിൽ

എം.എച്ച്. വിഷ്ണു

തിരുവനന്തപുരം: ചാൻസലർ പദവിയിൽ നിന്ന് തന്നെ മാറ്റാനുള്ള ഓർഡിനൻസ് ഗവർണർ ഒപ്പുവയ്ക്കാതെ രാഷ്ട്രപതിക്ക് അയച്ചാൽ,​ രാഷ്ട്രപതി കേന്ദ്രത്തിന്റെ ഉപദേശം തേടും. ഇതാണ് പതിവ്. ഗവർണർക്ക് വിരുദ്ധമായി കേന്ദ്രം നിലപാടെടുക്കില്ലെന്ന് ഉറപ്പുള്ളതിനാൽ ഓർഡിനൻസ് ഡൽഹിയിൽ കുടുങ്ങി,​ സാവധാനം ഇല്ലാതാവും.

ഗവർണർക്ക് തന്നെ ഓർഡിനൻസ് പിടിച്ചുവയ്ക്കാനുമാകും. എന്തിനാണ് ചാൻസലറെ മാറ്റുന്നതെന്ന് സർക്കാർ ബോദ്ധ്യപ്പെടുത്തണമെന്ന ഗവർണറുടെ വാക്കുകൾ ഓർഡിനൻസിന്റെ ഭാവിയെക്കുറിച്ചുള്ള സൂചനയാണ്.

സർവകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം കാരണം ചാൻസലർ പദവിയൊഴിയുന്നതായി ഗവർണർ നേരത്തേ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. രാഷ്ട്രീയ ഇടപെടലുണ്ടാവില്ലെന്ന് രേഖാമൂലം മുഖ്യമന്ത്രി ഉറപ്പുനൽകിയാണ് അന്ന് അനുനയിപ്പിച്ചത്. ഗവർണർ തുടരുന്നതാണ് സർക്കാരിന് താത്പര്യമെന്നറിയിച്ച് മുഖ്യമന്ത്രി അയച്ച മൂന്നു കത്തുകളും ഗവർണറുടെ പക്കലുണ്ട്.

''എന്തിനാണ് ചാൻസലറെ മാറ്റുന്നതെന്ന് സർക്കാർ എന്നെ ബോദ്ധ്യപ്പെടുത്തണം. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുന്നത് പരിഗണിക്കും''

- ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ

'' ഓർഡിനൻസിൽ ഒപ്പിടേണ്ട ഭരണഘടനാബാദ്ധ്യത ഗവർണർ നിറവേ​റ്റുമെന്നാണ് പ്രതീക്ഷ.'

- ആർ.ബിന്ദു,

ഉന്നത വിദ്യാഭ്യാസ മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY CHANCELLOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.