മാന്നാർ: കളക്ടർ കൃഷ്ണതേജയുടെചിത്രം വരച്ച് അയച്ചു കൊടുത്ത അസ്നയെ ചേംബറിൽ വിളിച്ച് കളക്ടറുടെ അഭിനന്ദനം. മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി കുരട്ടിക്കാട് അൻഷാദ് മൻസിലിൽ അസ്ന അൻഷാദ് പെൻസിൽകൊണ്ട് വരച്ച കളക്ടറുടെ ചിത്രം പിതാവ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും കളക്ടറുടെ വാട്സ്ആപ്പിലേക്ക് അയച്ചു കൊടുക്കുകയുമായിരുന്നു.
ചിത്രം ശ്രദ്ധയിൽപ്പെട്ട കളക്ടർ അസ്നയെ കളക്ടറേറ്റിലേക്കു ക്ഷണിച്ചു. മാദ്ധ്യമ പ്രവർത്തകനും പൊതു പ്രവർത്തകനുമായ അൻഷാദ് മാന്നാർ, റെജിമോൾ ദമ്പതികളുടെ ഏക മകളായ അസ്ന ഇന്നലെ ഉച്ചയ്ക്ക് കളക്ടറേറ്റിലെത്തി ചിത്രം കളക്ടർക്ക് നേരിട്ട് കൈമാറി. പഠനത്തോടൊപ്പം ചിത്ര രചനയിലും മികവ് കാട്ടുന്ന അസ്നയെ അളക്ടർ അഭിനന്ദിച്ചു.
ചെറുപ്പം മുതൽ തന്നെ ചിത്രരചനയോട് ആഭിമുഖ്യമുള്ള അസ്ന ആഘോഷ ദിവസങ്ങളും ദേശീയ ദിനങ്ങളും എത്തിയാൽ അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ച് പിതാവിനെക്കൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യിപ്പിക്കാറുണ്ട്. അസ്നയുടെ ചിത്രങ്ങൾക്ക് ആരോഗ്യ വകുപ്പിൽ നിന്ന് ആദരവും മാന്നാർ ഗ്രാമപഞ്ചായത്തിൽ നിന്ന് സമ്മാനവും ലഭിച്ചിട്ടുണ്ട്. ചിത്ര രചന പഠിച്ചിട്ടില്ലാത്ത ഈ അഞ്ചാം ക്ലാസുകാരി കഴിവ് സ്വയം വികസിപ്പിച്ചെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |