# പച്ചക്കറി വിലയിൽ വൻ വർദ്ധന
ആലപ്പുഴ: വൃശ്ചികം പിറന്നതോടെ പച്ചക്കറി വിപണിയിൽ തിരക്കേറിയപ്പോൾ ഒപ്പം കുതിക്കുകയാണ് വിലയും. ഒരു മാസത്തിനിടെ ഓരോ ദിവസവും വില കൂടുകയായിരുന്നു. സാധാരണക്കാരന്റെ അടുക്കളയിൽ നിന്ന് അവിയലും സാമ്പാറുമെക്കെ അകന്നു നിൽക്കുന്ന അവസ്ഥയായി.
മണ്ഡല വ്രതാരംഭത്തിൽത്തന്നെ വിപണിയിൽ വിലവർദ്ധന പ്രതിഫലിച്ചതിനാൽ ഇനിയുള്ള ദിവസങ്ങളിൽ മറിച്ചൊരു പ്രതീക്ഷ വേണ്ട. മുരിങ്ങക്ക, തക്കാളി, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീൻസ്, വള്ളിപ്പയർ, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞ മാസത്തേക്കാൾ കിലോഗ്രാമിന് 10 മുതൽ 50 രൂപ വരെ കൂടി. അടുത്തമാസം ക്രിസ്മസും ന്യൂ ഇയറും എത്തുന്നതോടെ വില വീണ്ടും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണം. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തമിഴ്നാട്ടിലെ പച്ചക്കറി കൃഷി നശിച്ചതാണ് വരവ് ഇടിയാൻ കാരണം.
മഴയെ അതിജീവിച്ച കൃഷിയിടങ്ങളിൽ നിന്ന് പച്ചക്കറികളെത്തിയതോടെ ഇടയ്ക്ക് വില കുറഞ്ഞിരുന്നു. ഇതും നിലച്ചതാണ് വില വീണ്ടും ഉയരാൻ കാരണം. ചുവന്നുള്ളി വില കിലോയ്ക്ക് 40 രൂപയായി. തക്കാളി 15 ൽ നിന്ന് 30 രൂപയിലെത്തി. കഴിഞ്ഞ സീസണിൽ പച്ചമാങ്ങയ്ക്ക് 30 മുതൽ 40 രൂപ വരെയായിരുന്നു. ഇന്നലെ വില 80 ആയി. കഴിഞ്ഞയാഴ്ച 60 രൂപയായിരുന്നു. അടുത്തിടെ സവാള വില 40 രൂപ വരെ ഉയർന്നെങ്കിലും ഇപ്പോൾ 30ൽ എത്തി. വില നിയന്ത്രിക്കാൻ പഞ്ചായത്തുകൾ തോറും കൃഷിഭവൻ ആരംഭിച്ച ആഴ്ച ചന്തകളാണ് ജനങ്ങളുടെ ഏക ആശ്വാസം. സർക്കാർ സംരംഭമായ ഹോർട്ടികോർപ്പിലും പൊതുവിപണിയേക്കാൾ നേരിയ വിലക്കുറവേയുള്ളൂ.
# വില കിലോഗ്രാമിന് (ഇന്നലത്തെ വില, കഴിഞ്ഞ മാസത്തെ വില)
ചുവന്നുളളി: 40 (30)
കിഴങ്ങ്: 40 ( 20)
സവാള വലുത്: 30 (20)
ചെറുത്: 25 (20)
ഇഞ്ചി: 60 (50)
കോവയ്ക്ക: 50 (40)
തക്കാളി: 30 (15)
പച്ചക്കായ: 50 40)
കബേജ്: 40 (30)
വെളുത്തുളളി: 50 (40)
ബീൻസ്: 50 (40)
വള്ളിപ്പയർ: 40 (35)
കാരറ്റ്: 105 (40)
വഴുതന: 50 (40)
വെണ്ട: 40 (20)
പാവയ്ക്ക: 60 (50)
മത്തങ്ങ: 40 (25)
പടവലം: 40 (30)
മുരിങ്ങ: 80 (30)
തടിയൻ: 30 (25)
വെള്ളരി: 50 (25)
പച്ചമുളക്: 60 (45)
പച്ചമാങ്ങ: 80 (60)
മണ്ഡലകാലത്ത് വിലവർദ്ധന അനുഭവപ്പെടുമെങ്കിലും ചരിത്രത്തിൽ ആദ്യമായിട്ടാണ് തുടക്കത്തിലേ ഇത്ര വില ഉയരുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വിലവർദ്ധനവിന് കാരണം. വേനൽ കടുക്കുന്നതോടെ ഇരട്ടിയാവും
മോഹനൻ, പച്ചക്കറി വ്യാപാരി, ആലപ്പുഴ
വില അടിക്കടി വർദ്ധിക്കുന്നത് സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കും. പൊതുവിപണിയിൽ വില നിയന്ത്രിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടണം
ശശികുമാർ, മത്സ്യത്തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |