ബംഗളൂരു: മംഗലാപുരം ഓട്ടോറിക്ഷാ സ്‌ഫോടനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കോയമ്പത്തൂർ സ്‌ഫോടനവുമായി സാമ്യമുള്ളതാണ് ഈ സംഭവമെന്നാണ് ചില കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. കത്തിയ പ്രഷർ കുക്കറും ബാറ്ററികളും ഓട്ടോയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാറിനുള്ളിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കോയമ്പത്തൂരിൽ സ്‌ഫോടനം നടന്നത്.
അതേസമയം, വ്യാജ ആധാർ കാർഡാണ് ഓട്ടോയിൽ യാത്ര ചെയ്തിരുന്ന വ്യക്തി ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. മറ്റൊരാളുടെ വിവരങ്ങളടങ്ങിയ ആധാർ കാർഡ് ആയിരുന്നു യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രേം രാജ് കനോഗി എന്നയാളാണ് ഓട്ടോയിൽ യാത്ര ചെയ്തത്. എന്നാൽ ആധാർ കാർഡിൽ ദുർഗ പരമേശ്വരി എന്ന പേരാണ് ഉള്ളതെന്നാണ് വിവരം. മംഗലാപുരം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നാഗൂരിയിലേക്ക് വരികയായിരുന്നു ഓട്ടോറിക്ഷ. സ്ഫോടനത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച തെളിവുകൾ ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ ബംഗളൂരുവിൽ നിന്നുള്ള എൻ ഐ എ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസികൾക്കൊപ്പം സംസ്ഥാന പൊലീസും അന്വേഷണം നടത്തുമെന്ന് ഡി ജി പി നേരത്തെ അറിയിച്ചിരുന്നു.