ന്യൂഡൽഹി: കുഫോസ് മുൻ വൈസ് ചാൻസലർ ഡോ. കെ റിജി ജോൺ നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വി സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക.
കാർഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിലുള്ളതാണെന്നും യു ജി സി ചട്ടം ബാധകമല്ലെന്നുമാണ് റിജി ജോണിന്റെ അപ്പീലിൽ പറയുന്നത്. ഈ മാസം പതിനാലിനായിരുന്നു റിജി ജോണിന്റെ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. വിസിയെ നിയമിച്ചത് യു ജി സി ചട്ടപ്രകാരമല്ലെന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
റിജി ജോണിന് മതിയായ യോഗ്യതയില്ലെന്ന് ആരോപിച്ച് വി സി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ കെ വിജയനായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയത്. യു ജി സി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ, റിജി ജോണിന് ഇതില്ല എന്നായിരുന്നു ഹർജിക്കാരന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |