SignIn
Kerala Kaumudi Online
Wednesday, 09 July 2025 1.46 PM IST

മദ്യത്തിന്റെ  വിൽപ്പന നികുതി 251 ശതമാനമാക്കിയത് എന്തിന് ? മദ്യ വില  പൊള്ളുമ്പോൾ  നേട്ടം മയക്കുമരുന്ന് മാഫിയയ്ക്ക്

Increase Font Size Decrease Font Size Print Page
liquor-price-

തിരുവനന്തപുരം : ലക്ഷങ്ങൾ, കോടികൾ വിലയുള്ള മയക്കുമരുന്ന് ദിവസവും പിടികൂടുന്നു. റോഡിൽ എക്‌സൈസ് മുതൽ കടലിൽ കോസ്റ്റ് ഗാർഡും നേവിയും വരെ ഇത്തരം വേട്ടകൾ നടത്തുന്നു. പലപ്പോഴും ചെറിയ അളവിൽ എം ഡി എം എ കടത്തുന്നതിന് പിടിയിലാവുന്നവരുടെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ കാണാറുണ്ട്. ലക്ഷങ്ങൾ വിലയുള്ള ഈ മയക്ക് മരുന്ന് ഇവർക്ക് സ്വന്തം നിലയക്ക് വാങ്ങിക്കൊണ്ടു വരാൻ കഴിയും എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. അപ്പോൾ ആരാണ് ഇത്രയും പണം ഫണ്ട് ചെയ്യുന്നത് ? എന്താണ് അവരിലേക്ക് അന്വേഷണം എത്താത്തത് ? ഈ ചോദ്യങ്ങൾ സാധാരണക്കാരന്റെ മനസിൽ പോലും ഉയരുമെങ്കിലും ഇതിന് ഉത്തരം നൽകാൻ നമ്മുടെ ഭരണ സംവിധാനമോ , അന്വേഷണ ഏജൻസികളോ എന്തുകൊണ്ടോ ശ്രമിക്കാറില്ല.


പിടിമുറുക്കുന്ന ലഹരിമാഫിയ

മാഫിയകൾ, പ്രത്യേകിച്ച് ലഹരി മാഫിയകളുടെ കൊടും ക്രൂരതകൾ സിനിമകളിലൂടെയായിരുന്നു മലയാളികൾ കണ്ടിരുന്നത്. എന്നാൽ സിനിമയെ വെല്ലുന്ന ക്രൂരതകൾ, നാട്ടിൽ നടക്കുന്ന കൊലപാതകങ്ങൾ ഇവയ്‌ക്കെല്ലാം പിന്നിൽ ലഹരിയുടെ കരങ്ങൾ തെളിയുകയാണ്. ലഹരി സംഘത്തിന്റെ ആക്രമണത്തിൽ തലശേരിയിൽ ബന്ധുക്കളായ രണ്ടുപേർ കുത്തേറ്റു മരിച്ച സംഭവം ഭീകരമായി വർദ്ധിക്കുന്ന ലഹരി മാഫിയകളുടെ കൂസലില്ലായ്മയ്ക്കു തെളിവാണ്. ഇവിടെ കൊല്ലപ്പെട്ട ഖാലിദ് എന്നയാളിന്റെ പുത്രനെയും ലഹരിമാഫിയ ആക്രമിച്ചു പരിക്കേല്പിച്ചിരുന്നു. കഞ്ചാവു വില്പനയെ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ഇത്. ആശുപത്രിയിലായ യുവാവിനൊപ്പം നിന്ന പിതാവായ ഖാലിദിനെയും സഹോദരീഭർത്താവിനെയും ലഹരിവില്പന സംഘം അനുനയരൂപത്തിൽ വിളിച്ചിറക്കുകയായിരുന്നു. വർത്തമാനം സംഘർഷത്തിലും തുടർന്ന് കൊലയിലും കലാശിച്ചു.

ganja

സംസ്ഥാനത്തെവിടെയും ഇന്ന് കഞ്ചാവും മയക്കുമരുന്നും സുലഭമാണ്. ലഹരിവസ്തുക്കളുടെ കടത്തിലും വില്പനയിലും ഏർപ്പെട്ട സംഘങ്ങൾ എവിടെയും സ്വൈര്യവിഹാരം നടത്തുകയാണ്. ലഹരിക്കച്ചവടം തടയാൻ പൊലീസും എക്‌സൈസും ആവുംവിധം ശ്രമിച്ചിട്ടും അവരുടെയൊക്കെ കണ്ണുവെട്ടിച്ച് വില്പന പൊടിപൊടിക്കുന്നു . മാരകമായ മയക്കുമരുന്നുകടത്തിലും വില്പനയിലും ഏർപ്പെട്ട 4423 പേരാണ് കഴിഞ്ഞ മുപ്പതു ദിവസത്തിനുള്ളിൽ പിടിക്കപ്പെട്ടത്. 4169 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടികൂടുന്ന കേസുകൾ യഥാർത്ഥത്തിലുള്ളതിന്റെ ഒരുശതമാനം പോലും വരില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതും നിയമപാലകർ തന്നെ. ലഹരി ഉത്പന്നങ്ങളുടെ സ്ഥിരം ഉപയോക്താക്കളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്നു. വിദ്യാലയ പരിസരത്തുള്ള കടകളിൽ ലഹരി വില്പന കണ്ടെത്തിയാൽ കട പൂട്ടിക്കാൻ വകുപ്പുണ്ട്. എന്നാൽ എവിടെയെങ്കിലും അത്തരത്തിലൊരു നടപടി സ്വീകരിച്ചതായി കേട്ടിട്ടില്ല. സ്‌കൂൾ കുട്ടികൾക്കിടയിൽപ്പോലും ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. സർക്കാർ കർമ്മപദ്ധതിയും കർക്കശ നടപടികളുമൊക്കെ എടുത്തിട്ടും ലഹരിക്കച്ചവടക്കാരെ പൂട്ടാൻ കഴിയുന്നില്ലെന്നത് ഗൗരവപൂർവം കണേണ്ടതാണ്.

കഞ്ചാവിന്റെയും മറ്റു സകല ലഹരി ഉത്പന്നങ്ങളുടെയും വില്പനയും ഉപയോഗവും നിയന്ത്രണാതീതമായി തുടരുമ്പോഴാണ് സംസ്ഥാന സർക്കാർ നാലുശതമാനം വില്പന നികുതി വർദ്ധിപ്പിച്ച് വിദേശമദ്യങ്ങൾക്കെല്ലാം വില കൂട്ടിയിരിക്കുന്നത്. ഇതോടെ മദ്യത്തിന് വില്പന നികുതി 251 ശതമാനമായി ഉയർന്നിരിക്കുകയാണ്. മദ്യം അവശ്യവസ്തു അല്ലാത്തതിനാലും ഒരുവിധ സൗജന്യങ്ങളും നൽകേണ്ടാത്തതുകൊണ്ടും അതിന് എത്ര വിലകൂട്ടിയാലും പ്രശ്നമില്ലെന്നതാണ് സർക്കാരിന്റെ ചിന്താഗതി. എന്നാൽ സമൂഹത്തെയും കുടുംബങ്ങളെയും ഇത് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് ചിന്തിക്കുന്നില്ല.

എ.കെ. ആന്റണി ചാരായ നിരോധനം ഏർപ്പെടുത്തിയത് പാവപ്പെട്ട തൊഴിലാളികൾ കൂലിയായി കിട്ടുന്ന പണമത്രയും ചാരായഷാപ്പിൽ തുലയ്ക്കരുതെന്നു കരുതിയാണ്. സംസ്ഥാനത്ത് ലഹരിപദാർത്ഥങ്ങളുടെ കടത്തും വില്പനയും യഥാർത്ഥത്തിൽ അധികരിക്കാൻ തുടങ്ങിയത് പ്രത്യാഘാതം വിലയിരുത്താതെ ഒറ്റയടിക്കു ചാരായം നിരോധിച്ചപ്പോഴാണ്. മദ്യപാനം ശീലമാക്കിയവർ കുറഞ്ഞ വിലയ്ക്കു മദ്യം കിട്ടാതായപ്പോൾ ആദ്യമൊക്കെ അതിനെക്കാൾ വിലകുറഞ്ഞ ലഹരിവസ്തുക്കൾ തേടിപ്പോയി. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ബാറുകൾ ഒറ്റയടിക്ക് പൂട്ടിയതോടെ ലഹരിവില്പന സാർവത്രികവുമായി. പൂട്ടിയ ബാറുകളെല്ലാം പിന്നീട് തുറന്നെങ്കിലും സമാന്തരമായി ലഹരിവസ്തുക്കളും മയക്കുമരുന്നുകളും അരങ്ങുവാഴുന്ന കാഴ്ചയാണ് ഇപ്പോൾ.

bevco

സാധാരണ ഗതിയിൽ മദ്യ വിരുദ്ധ പാർട്ടി എന്ന മേലങ്കി അണിയുന്ന കോൺഗ്രസ് പോലും വിദേശ മദ്യവില വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർത്ത് കൊണ്ട് രംഗത്ത് വന്നു കഴിഞ്ഞു. മദ്യവില വർദ്ധിപ്പിക്കാനുള്ള തീരുമാനം അശാസ്ത്രീയവും സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ താളംതെറ്റിക്കുന്നതുമാണ്. മദ്യവില വർദ്ധിപ്പിക്കുന്നത് മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിക്കും. ലഹരിവിരുദ്ധ കാമ്പയിൻ നടത്തുന്ന സർക്കാർ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് വഴിവെയ്ക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട പ്രതിപക്ഷ നേതാവ് മദ്യവില കൂട്ടിയാലും ഉപഭോഗം കുറയില്ലെന്നതാണ് യാഥാർത്ഥ്യമെന്ന് തുറന്ന് പറയുന്നു.


ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാൻ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുന്നത്. തലശ്ശേരിയിൽ ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിന് നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവരെ ലഹരി മാഫിയാ സംഘം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതാണ്. പൊലീസ് എക്സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങളെ അവസാനിപ്പിക്കാനാകൂ. നമ്മുടെ നാടിനെയും വരും തലമുറകളെയും മഹാവിപത്തിൽ നിന്ന് രക്ഷിക്കാൻ ഒരുമിച്ചു പോരാടണമെന്നും തലശ്ശേരിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു കൊണ്ട് പറഞ്ഞു.

കരുത്താർജ്ജിച്ച് കഴിഞ്ഞ ലഹരി മാഫിയയെ പൊതുജന സഹായത്തോടെ നിർവീര്യമാക്കാം എന്ന ഭരണകൂടത്തിന്റെ പദ്ധതിയിലെ വീഴ്ചയാണ് തലശേരിയിൽ കണ്ടത്. ലഹരി മാഫിയയെ നേരിട്ട് നിന്ന് എതിർക്കാൻ സർവസന്നാഹങ്ങളുമായി ഭരണകൂടം നേരിട്ട് ഇറങ്ങിയേ മതിയാവൂ. കേവലം കാരിയർമാരിൽ നിർത്താതെ വേട്ട തുടരുകയാണ് വേണ്ടത്. കുരുന്നുകളെ പോലും മയക്ക് മരുന്നിന്റെ കെണിയിൽ പെടുത്താനിറങ്ങുന്ന വേട്ടനായ്ക്കളോട് ഒരു ദാക്ഷണ്യവും കാട്ടേണ്ട ആവശ്യവും ഇല്ല. തൊഴിലില്ലായ്മയിൽ കഴിയുന്ന വലിയൊരു സമൂഹമുള്ള നാടാണ് കേരളം, ഇനിയും വൈകിയാൽ കൂടുതൽ ചെറുപ്പക്കാർ ലഹരി മാഫിയയുടെ അടിമകളാവാൻ സാദ്ധ്യതയുണ്ട്. അതിനാൽ കേവലം ബോധവത്കരണ പരിപാടികളിൽ മാത്രം ഒതുങ്ങാതെ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ് ഇപ്പോഴുള്ളത്.

TAGS: LIQUOR, LIQUOR PRICE, DRUGS, DRUGS IN KERALA, LIQUOR PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.