പറവൂർ: വധശ്രമക്കേസിലെ പ്രതി ചേന്ദമംഗലം മൂത്തേടത്ത് സതീശന് (63) പറവൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ഏഴ് വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷവിധിച്ചു.
2016 മാർച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം. ചേന്ദമംഗലം പട്ടത്തുപടി കല്ലുങ്കൽ വീട്ടിൽ തങ്കച്ചനെ സതീശൻ വാക്കത്തികൊണ്ട് പുറത്തും തലയിലും വെട്ടുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ വീരാണിമാട്ട് സന്തോഷിനെയും മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. പിഴത്തുകയിൽ നിന്ന് 25,000 രൂപ വീതം തങ്കച്ചനും സന്തോഷിനും നൽകാൻ കോടതി ഉത്തരവിട്ടു. പിഴ അടയ്ക്കാത്ത പക്ഷം ഒരുവർഷം കഠിനതടവ് അനുഭവിക്കണം. വടക്കേക്കര പൊലീസ് ഇൻസ്പെക്ടറായിരുന്ന വിശാൽ ജോൺസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജ്യോതി അനിൽകുമാർ, പി. ശ്രീരാം, എം.ബി. ഷാജി, കെ.കെ. സാജിത എന്നിവർ ഹാജരായി.