SignIn
Kerala Kaumudi Online
Thursday, 19 September 2024 5.15 PM IST

വിഴിഞ്ഞത്തെ അഴിഞ്ഞാട്ടം പ്രീണന രാഷ്ട്രീയം മൂലം

Increase Font Size Decrease Font Size Print Page

photo

അക്രമാസക്തമാകാൻ സാദ്ധ്യതയുള്ള ഏത് പ്രക്ഷോഭത്തെയും നിലയ്ക്കുനിറുത്താൻ ഒരു വഴിയേയുള്ളൂ ;കളിക്കാൻ ഒരുമ്പെട്ടാൽ കളി പഠിപ്പിക്കുമെന്ന് തോന്നുംവിധമുള്ള അതിശക്തമായ പൊലീസ് പ്രതിരോധ സന്നാഹം. ക്രമസമാധാന പാലനത്തിന്റെ ഈ ബാലപാഠം അറിയാത്തതോ, അറിയില്ലെന്ന് നടിച്ചതോ ആണ് വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം ഒരു പ്രക്ഷോഭത്തിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ട ഭീകരാവസ്ഥയ്ക്കു കാരണം.

ഒരു പൊലീസ് സ്റ്റേഷൻ അടിച്ചുതകർക്കുകയും മൂന്ന് ഡസൻ നിയമപാലകരെ മാരകമായി ആക്രമിക്കുകയും സ്റ്റേഷൻ വളപ്പിൽ കിടന്നിരുന്ന ജീപ്പുകൾ തകർക്കുകയും ചെയ്തുവെന്ന് കേട്ടാൽ, സംഭവം നടന്നത് ജാർഖണ്ഡിലെ ഏതോ വനമേഖലയിലാണെന്ന് തോന്നും. ഇത് ക്രമസമാധാനനിലയുടെ വെറും തകർച്ചയല്ല. സംസ്ഥാനത്തെ പൊലീസിന് പോലും സംരക്ഷണമില്ലാതിരിക്കെ, സാധാരണക്കാരുടെ ജീവനും സ്വത്തിനും പൊലീസ് സംരക്ഷണം നൽകുമെന്ന നേരിയ വിശ്വാസം പോലും തകർന്നുതരിപ്പണമാകുന്ന തരത്തിലായിരുന്നു അക്രമികളുടെ പേക്കൂത്ത്. ഗുരുതരമായി പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാൻ വന്ന ആംബുലൻസിനെ പോലും തടയുകയുണ്ടായി! അടിച്ചേല്പിക്കപ്പെട്ട സംയമനത്തിന്റെ വിലങ്ങുമായി പൊലീസ് നോക്കിനിൽക്കെ, അക്രമികളുടെ ക്രിമിനൽസ്വഭാവം ആളിക്കത്തുകയായിരുന്നു.

ഒരു സമരമോ പ്രക്ഷോഭമോ സംഹാരതാണ്ഡവമായി മാറുന്നത് പ്രതിഷേധം മൂർച്ഛിച്ച് താപനില ഉയരുന്നത് മൂലമല്ല, പ്രക്ഷോഭകരിലെ ക്രിമിനലുകളുടെ കുറ്റവാസന സടകുടഞ്ഞ് എഴുന്നേല്കുന്നത് മൂലമാണ്. വിവേകത്തിന്റെ ജഡം ഭക്ഷിച്ചാണ് കുറ്റവാസനയുടെ ജനിതകകോശങ്ങൾ വളരുന്നത്. ഈ രീതിയിൽ കുറ്റവാസന വളർന്നുവികസിച്ച് കഴിഞ്ഞ ക്രിമിനലുകൾക്ക് ഭയത്തിന്റെ പരുക്കൻ ഭാഷ മാത്രമേ മനസിലാകൂ.

സംയമനത്തിന്റെ ഭാഷ ഉപയോഗിച്ച് ഭീകരപ്രവർത്തനത്തിന് അറുതിവരുത്താമെന്ന് കരുതുന്നതിലും കടുത്ത മൗഢ്യമാണ്,​ ക്രിമിനലുകളെ കൈയുംകെട്ടി നോക്കിനിന്ന് ശാന്തരാക്കാമെന്ന ദിവാസ്വപ്നം. ഭയത്തിന്റെ ഭാഷയാകട്ടെ, ക്രിമിനലുകൾക്ക് മാതൃഭാഷ പോലെ വ്യക്തമായി മനസിലാകും. കൊടുംക്രൂരതയുടെ ഒരു പര്യായം പോലെ വളർന്ന ഐസിസ് തലവൻ അബുബക്കർ അൽ ബാഗ്‌ദാദി, യു.എസ് കമാൻഡോകൾ തന്നെ വധിക്കുമെന്ന് തിരിച്ചറിഞ്ഞ മാത്രയിൽ, കൊല്ലരുതേ എന്ന് നിലവിളിച്ചുകൊണ്ട് ഒരു ഗുഹയിലേക്ക് ഓടി സ്വന്തം അനുയായികളെ പോലും നാണംകെടുത്തി!

പ്രക്ഷോഭകരിൽ ക്രിമിനലുകളുണ്ടെന്ന് മുൻകൂട്ടി അറിയാതിരുന്നതാണ് കാരണമെങ്കിൽ സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയോ,​ രഹസ്യാന്വേഷണവിഭാഗത്തെ ഷണ്ഡീകരിച്ചവരുടെയോ വീഴ്ചയാണ്. സംഭവിച്ചത് അങ്ങനെയാവാൻ സാദ്ധ്യതയില്ല. എന്തിനാണ് രഹസ്യാന്വേഷണം?​ വിഴിഞ്ഞം തുറമുഖപദ്ധതി മുടക്കാൻ ആഗ്രഹിക്കുന്ന ഒരു വിദേശരാജ്യത്ത് നിന്ന് പ്രക്ഷോഭകർക്ക് 'വലിയ' ഒരു തുക സംഭാവന ലഭിച്ചത് ഒരു രഹസ്യമേയല്ല. 'വലിയ' കൂലി കൈപ്പറ്റിയാൽ വലിയ പണി ചെയ്യേണ്ടി വരുമെന്ന് മനസിലാക്കാൻ എന്തിനാണ് ഇന്റലിജൻസ് ; സാമാന്യബുദ്ധി മതി. ക്രിമിനലുകൾ അഴിഞ്ഞാടുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും നിഷ്‌ക്രിയത പാലിച്ചതാവാം. അടങ്ങാത്ത അധികാരമോഹത്തിന്റെ കൂടെപ്പിറപ്പാണ് പ്രീണനരാഷ്ട്രീയം. പൊലീസുകാർക്ക് അടിവാങ്ങേണ്ടി വന്ന സംയമനത്തിന് അതാവാം കാരണം. പ്രീണനരാഷ്ട്രീയത്തിന്റെ വൈറസ് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ബാധിക്കുമ്പോഴാണ് നാടിന് അത് ശാപമായി മാറുന്നത്. അർഹമായ ജോലി കിട്ടാതെ വലയുന്ന ആയിരങ്ങൾക്ക് തൊഴിലവസരവും കടത്തിൽ മുങ്ങിത്താഴുന്ന സംസ്ഥാന ഖജനാവിന് ആശ്വാസവുമായി മാറേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം 80 ശതമാനത്തിലേറെ പൂർത്തിയായിരിക്കെ, പദ്ധതി അപ്പാടേ നിറുത്തിവയ്ക്കണമെന്ന ആവശ്യത്തെപ്പോലും പിന്തുണയ്ക്കാൻ മടിക്കാത്തവിധം രൂക്ഷമാണ് പ്രീണനരാഷ്ട്രീയം. മൈക്കും കൈയടിയും വേറെ എവിടെനിന്നും കിട്ടാതെ വീട്ടിലിരിക്കുന്ന നേതാക്കൾ സമരമുഖത്ത് നേരിട്ട് പോയാണ് പിന്തുണ പ്രഖ്യാപിച്ചത് !

നാടിന്റെ വികസനത്തിനും നല്ല ഭാവിക്കും വേണ്ടി അധികാരമോഹം ഉപേക്ഷിച്ച് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പറഞ്ഞാൽ രാഷ്ട്രീയ നേതാക്കൾക്ക് കലി വരും. അത്ര വലിയ ത്യാഗമൊന്നും ആവശ്യമില്ല. എന്നാൽ, വിവേകം കളഞ്ഞുകുളിക്കരുത്. വിഴിഞ്ഞം പ്രക്ഷോഭത്തിന്റെ പേരിൽ ക്രിമിനലുകൾ അഴിഞ്ഞാട്ടം തുടർന്നാൽ വർഗീയകലാപമായിരിക്കും ദുരന്തഫലമെന്ന് ചിന്താശേഷിയുള്ള രാഷ്ട്രീയ നേതാക്കളെങ്കിലും തിരിച്ചറിയണം. പ്രീണനരാഷ്ട്രീയം നടുവൊടിക്കും വിധം തിരിച്ചടിക്കും. ഈ യാഥാർത്ഥ്യം മനസിലാക്കാൻ രാജ്യത്തെ ഭരണമാറ്റങ്ങളുടെ ചരിത്രത്തിലേക്ക് ഒറ്റനോട്ടം നോക്കിയാൽ മതി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VIZHINJAM POLICE STATION ATTACK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.