SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.02 PM IST

സാങ്കേതിക യൂണി.വി.സി നിയമനം: റിവ്യൂ ഹർജിയുമായി സർക്കാരും

Increase Font Size Decrease Font Size Print Page

ee

ന്യൂഡൽഹി:സാങ്കേതിക സർവ്വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേരളസർക്കാരും പുനഃപരിശോധനാ ഹർജി നൽകി. പുറത്താക്കപ്പെട്ട വി.സി ഡോ.രാജശ്രീ എം.എസും നേരത്തേ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.

നിർദ്ദേശക സ്വഭാവം മാത്രമുള്ള 2010 ലെ യു.ജി.സി ചട്ടങ്ങൾ നടപ്പാക്കാൻ സർക്കാരിനോ സർവ്വകലാശാലയ്ക്കോ ബാധ്യത ഇല്ലെന്ന് ഹർജിയിൽ സർക്കാർ വ്യക്തമാക്കുന്നു. സംസ്ഥാന നിയമം നിലനിൽക്കുമ്പോഴും സർക്കാരും സർവ്വകലാശാലയും നടപ്പാക്കേണ്ടത് യു.ജി.സി ചട്ടങ്ങളാണെന്നായിരുന്നു സുപ്രീം കോടതി വിധി.

എന്നാൽ യു.ജി.സി ചട്ടങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടില്ലെങ്കിൽ സംസ്ഥാന നിയമമാണ് നടപ്പാക്കേണ്ടതെന്ന 2015 ലെ സുപ്രീം കോടതി വിധി സർക്കാരിന്റെ ഹർജിയിൽ പരാമർശിക്കുന്നുണ്ട്. ഡോ.രാജശ്രീയെ നിയമിക്കുമ്പോൾ ഈ വിധിയാണ് നിലനിന്നത്. രണ്ടംഗ ബെഞ്ചിന്റെ ഈ വിധി ഒരു ഉയർന്ന ബെഞ്ച് റദ്ദാക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല. ആ സാഹചര്യത്തിൽ മറ്റൊരു രണ്ടംഗ ബെഞ്ചിന് വ്യതസ്ത വിധി പുറപ്പെടുവിക്കാനാവില്ല.

ഡോ.രാജശ്രീയുടെ നിയമനത്തിനെതിരായ ഹർജിയിൽ നോട്ടീസ് അയയ്‌ക്കുമ്പോൾ സുപ്രീം കോടതി 2015 ലെ വിധി നിലനിൽക്കുന്നതടക്കം ചൂണ്ടിക്കാട്ടിയിരുന്നു. അന്തിമ വിധി പുറപ്പെടുവിക്കുമ്പോൾ ഇക്കാര്യം പരിഗണിച്ചില്ല.

2013 ലെ യു.ജി.സി ഭേദഗതി ചട്ടങ്ങളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സംസ്ഥാനം നിയമം കൊണ്ടുവരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് 2015 ൽ നിയമസഭ നിയമം പാസാക്കിയത്. ഈ നിയമം ആധാരമാക്കിയാണ് സാങ്കേതിക യൂണി. വിസിയെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഈ കാരണങ്ങളാൽ വിധി പുനഃപരിശോധിക്കണമെന്നാണ് സർക്കാരിന്റെ വാദം.

സ്റ്റാൻഡിംഗ് കോൺസൽ ഹർഷദ് വി ഹമീദ് നൽകിയ റിവ്യൂ ഹർജി ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരുടെ ബെഞ്ച് ചേംബറിൽ പരിഗണിക്കും.

TAGS: SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY