ബ്രസീലിയൻ ടീമിലെ അദൃശ്യ മനുഷ്യൻ എന്നാണ് കാസിമെറോയെ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിന് മുൻപ് 2002ൽ ലോക കിരീടം നേടിയ ബ്രസീൽ ടീമംഗമായിരുന്ന ഗിൽബർട്ടോ സിൽവ വിശേഷിപ്പിച്ചത്. 2002ലെ ബ്രസീലിയൻ സംഘത്തിൽ താന്റെ ജോലിയും കളിക്കളത്തിൽ അദൃശ്യനായി സർവ്യാപിയാവുകയെന്നതായിരുന്നുവെന്നും അതേ റോളാണ് ഇത്തവണ കാസിമെറോയ്ക്കുമെന്നാണ് ഗിൽബർട്ടോ ബി.ബി.സിയിലെ തന്റെ കോളത്തിൽ എഴുതിത്. ബ്രസീലയൻ ടീമിന്റെ ഹൃദയമാണ് കാസിമെറൊയെന്നും ഗിൽബർട്ടോ പറഞ്ഞു വച്ചു.
ഏതായാലും ഗിൽബർട്ടോ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് സ്വിറ്ര്സർലൻഡിനെതിരായ മത്സരം തെളിയിച്ചു. സ്വിസ് പ്രതിരോധത്തിൽ തട്ടി ബ്രസീലിയൻ ഗോൾ ശ്രമങ്ങൾ ഒന്നിനു പിറകെ ഒന്നായി പരാജയപ്പട്ടപ്പോഴാണ് കാസിമെറോ ബ്രസീലിന്റെ രക്ഷകനായി എവിടെ നിന്നോ അവതരിച്ചത്. ഡിഫൻസീവ് മിഡ്ഫീൽഡറായ കാസിമെറൊ മുന്നേറ്റക്കാർക്കും മുന്നിൽ ഗോളടിക്കാൻ പാകത്തിൽ ബോക്സിനുള്ളിൽ എങ്ങനെയെത്തിയെന്ന് സ്വിസ് പ്രതിരോധത്തിന് ഒരു പിടിയുമുണ്ടായിരുന്നില്ല. കൃത്യമായ ക്ലിനിക്കൽ ഫിനിഷിലൂടെ 83-ാം മിനിട്ടിൽ വലകുലുക്കി കാസിമെറൊ ബ്രസീലിന്റെ ജയവും പ്രീക്വാർട്ടർ ബർത്തും ഉറപ്പാക്കിയപ്പോൾ ടാക്ടിക്സ് വിജയിച്ചതിലുള്ള ആഹ്ലാദത്തിലായിരുന്നു പരിശീലകൻ ടിറ്റെയും അസിസ്റ്റന്റ് കോച്ചും.
നെയ്മർ ഫാക്ട്
പരിക്കിന്റെ പിടിയിലായ നെയ്മറിന്റെ അഭാവം സ്വിറ്റ്സർലൻഡിനെതിരെ ബ്രസീലിയൻ നീക്കങ്ങളിലെല്ലാം നിഴലിച്ചു നിന്നിരുന്നു. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിച്ചതിനാൽ ബ്രസീൽ കാമറൂണിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയേക്കും. നെയ്മർക്കും പരിക്ക് ഭേദമാകാൻ കൂടുതൽ സമയം ലഭിക്കും.
സ്വിറ്റ്സർൻഡിനെതിരെ നെയ്മർക്ക് പകരം ഫ്രെഡും ഡാനിലോയ്ക്ക് പകരം എദർ മിലിറ്റാവോയും ആദ്യ ഇലവനിൽ കളിച്ചു.
ബ്രസീലിനോട് തോറ്റെങ്കിലും ആദ്യ മത്സരത്തിൽ കാമറൂണിനെ കീഴടക്കി നേടിയ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള സ്വിറ്റ്സർലൻഡിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ ഇപ്പോഴും സജീവമാണ്. സെർബിയക്കെതിരെയാണ് ഗ്രൂപ്പിലെ അവരുടെ നിർണായകമായ അവസാന മത്സരം. ബ്രസീലിനെപ്പോലുള്ള ലോകോത്തര മുന്നേറ്ര നിരയ്ക്കെതിരെ മികച്ച പ്രകടനം തന്നെയാണ് പേരുകേട്ട സ്വിസ് പ്രതിരോധം പുറത്തെടുത്തത്. ക്രോസ് ബാറിന് കീഴിൽ യാൻ സോമ്മർ പതിവുപോലെ നിറഞ്ഞാടി.
ഗോൾ ഇങ്ങനെ
വിനീഷ്യസ് വിംഗിൽ നിന്ന് അകത്തേക്ക് ഓടിക്കയറി നൽകിയ പാസ് റോഡ്രിഗോ ബോക്സിനകത്തേക്ക് കടന്ന കാസിമെറോയ്ക്ക് ഫ്ലിക്ക് ചെയ്ത് നൽകുന്നു. കാസിമെറോയുടെ ഹാഫ് വോളി സ്വിസ് താരത്തിന്റെ ദേഹത്ത് ചെറുതായി തട്ടി ഗോളി സോമ്മറെ കാഴ്ചക്കാരനാക്കി വലകുലുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |