തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയ്‌ക്കും അമ്മാവനും ജാമ്യമില്ല. കേസിലെ രണ്ടും മൂന്നും പ്രതികളായ സിന്ധു, നിർമലകുമാരൻ നായർ എന്നിവരുടെ ജാമ്യഹർജികളാണ് ഹൈക്കോടതി തള്ളിയത്.
അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് പ്രതികളുടെ ഹർജികൾ ഹൈക്കോടതി തള്ളിയത്. തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങൾക്കെതിരെയുള്ളതെന്നും ജാമ്യം ലഭിക്കാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമത്തിയതെന്നായിരുന്നു പ്രതികളുടെ വാദം.
നെയ്യാറ്റിൻകര കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിന്ധുവും നിർമലകുമാരൻ നായരും ഹൈക്കോടതിയെ സമീപിച്ചത്. കഷായത്തിൽ വിഷം ചേർത്താണ് കാമുകിയായ ഗ്രീഷ്മ ഷാരോണിനെ വകവരുത്തിയത്. ഷാരോണിന്റെ മരണമറിഞ്ഞ സിന്ധുവിനും നിർമലകുമാരൻ നായർക്കും ഗ്രീഷ്മയെ സംശയം തോന്നി. തുടർന്ന് കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ കേസിൽ പ്രതി ചേർത്തത്.