കൊച്ചി: ‘അടി നൽകാത്ത കുട്ടി നന്നാകില്ല’ എന്ന ചിന്താഗതിയോട് യോജിക്കാനാകില്ലെന്നും വിദ്യാർത്ഥികൾക്ക് ശാരീരികമായി കടുത്ത ശിക്ഷ നൽകാൻ അദ്ധ്യാപകർക്ക് അവകാശമില്ലെന്നും ഹൈക്കോടതി. അദ്ധ്യാപകർ കുട്ടികൾക്ക് നൽകുന്ന ചെറിയ ശിക്ഷകളെ ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്നും ജസ്റ്റിസ് സി. ജയചന്ദ്രൻ വ്യക്തമാക്കി.
അതേസമയം, കുട്ടിയെ സാരമായി പരിക്കേൽപ്പിക്കുന്നതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കണം. ബാല നീതി നിയമം, വിദ്യാഭ്യാസ അവകാശ നിയമം, കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട യു.എൻ കൺവെൻഷൻ എന്നിവ സമഗ്രമായി വിലയിരുത്തിയാണ് ഉത്തരവ്.
കുട്ടികളെ ചൂരൽ ഉപയോഗിച്ച് അടിച്ചെന്ന പരാതിയിൽ രണ്ട് അദ്ധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തത് റദ്ദാക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. നാലാം ക്ലാസുകാരിയെ പി.വി.സി പൈപ്പുകൊണ്ട് അടിച്ചതിന് ഡാൻസ് ടീച്ചർക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സുൽത്താൻ ബത്തേരി, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ അദ്ധ്യാപകർക്കെതിരെ എടുത്ത കേസുകളാണ് റദ്ദാക്കിയത്. നോർത്ത് പറവൂർ പൊലീസാണ് താത്കാലികമായി എത്തിയ ഡാൻസ് ടീച്ചർക്കെതിരെ കേസെടുത്തത്. കേട്ടെഴുത്തിന് പൂജ്യം മാർക്ക് കിട്ടിയതിനും ക്ലാസിൽ ശ്രദ്ധിക്കാത്തതിനും ഒൻപതും ആറും വയസുള്ള കുട്ടികളെ ചൂരൽകൊണ്ട് അടിച്ചെന്നായിരുന്നു കേസ്.
അമിക്കസ് ക്യൂറിയെയടക്കം നിയമിച്ചാണ് കോടതി വിഷയം പരിശോധിച്ചത്. ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം ചൂരൽ പ്രയോഗം കുറ്റമാണെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ ബാലനീതി നിയമത്തിലെ ഈ വകുപ്പ് സ്കൂളുകൾക്കും അദ്ധ്യാപകർക്കും ബാധകമല്ലെന്ന് കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |