SignIn
Kerala Kaumudi Online
Thursday, 19 September 2024 3.37 AM IST

കാട്ടുക്കുറിഞ്ഞിപ്പൂവ് ചൂടിയ അപരൻ

Increase Font Size Decrease Font Size Print Page

devadas

സാഹിത്യവും കലയും വളർച്ച പ്രാപിച്ചകാലം മുതൽ തന്നെ ആ രംഗത്തെ മോഷണങ്ങളെക്കുറിച്ചും ഒരുപാട് കേട്ടിട്ടുണ്ട്. സാഹിത്യചോരണത്തെ ചൊല്ലിയുള്ള തർക്കങ്ങളും അവകാശവാദങ്ങളും ഒട്ടേറെ വാർത്താപ്രാധാന്യം നേടിയിട്ടുമുണ്ട്. ആൾമാറാട്ടങ്ങളുടെ കഥകളും കലാസാഹിത്യമേഖലയിൽ ചിലപ്പോഴെങ്കിലും കോളിളക്കം സൃഷ്ടിക്കാറുണ്ടല്ലോ. അത്തരത്തിൽ ഒരു അനുഭവമാണ് ഓർമ്മയിൽ വരുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരത്തെ ചില സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകനായിരുന്ന ഒരു അപരന്റെ കഥയാണിത്. ഇതെഴുതുന്നയാൾ പഠിപ്പിച്ചിരുന്ന സ്ഥാപനത്തിലും അപരൻ അവതരിച്ചു.

സഹഅദ്ധ്യാപകരെയും നിരവധി വിദ്യാർത്ഥികളെയും കബളിപ്പിച്ചുകൊണ്ട് ഏതാനും വർഷം ട്യൂട്ടോറിയൽ കോളേജുകളിൽ വിലസിയിരുന്ന ദേവദാസ് എന്ന ഇദ്ദേഹം താനാണ് സിനിമാഗാനരചയിതാവ് ദേവദാസ് എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് വിദ്യാർത്ഥികളുടെ ബഹുമാനാദരങ്ങൾ പിടിച്ചുപറ്റിയത്. മാത്രമല്ല പാരലൽ കോളേജിന്റെ വാർഷികാഘോഷത്തിനും മറ്റും വേദിയിൽ ആ ഗാനങ്ങൾ പാടുകയും ചെയ്തുപോന്നു. ഈണവും ശബ്ദസുഖവുമൊന്നുമില്ലെങ്കിലും 'കാട്ടുക്കുറിഞ്ഞിപ്പൂവും ചൂടി സ്വപ്നംകണ്ടുമയങ്ങുംപെണ്ണ്" അങ്ങനെ പലവട്ടം ഞങ്ങൾക്കു മുന്നിലെത്തി. വിദ്യാർത്ഥികളും അദ്ധ്യാപകരും കരഘോഷത്തോടെ ഗുരുനാഥനെ പ്രശംസിക്കുന്നു. അദ്ദേഹമാകട്ടെ വിനയാന്വിതനായി അതെല്ലാം ഏറ്റുവാങ്ങുന്നു. ഇതെഴുതുന്നയാൾ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ റേഡിയോയിൽ കേട്ട് ഇഷ്ടപ്പെട്ടിരുന്ന ഗാനങ്ങൾ എഴുതിയ ആളെ പരിചയപ്പെടാൻ കഴിഞ്ഞതിലുള്ള സന്തോഷം അഭിമാനത്തോടെ പലരുമായി പങ്കുവച്ചു.

മാൻമിഴിയാൾ മനം കവർന്നു, കന്നിപ്പൂമാനം, നാണം നിൻകണ്ണിൽ.., നീ നിറയൂ ജീവനിൽ ഇവയൊക്കെ അപൂർണമാണെങ്കിലും മൂളിപ്പാട്ടായി ഇടവേളകളിൽ ഓഫീസ് മുറിയിലും മറ്റും അദ്ദേഹത്തിൽനിന്ന് ഒഴുകി വന്നു. ഓരോ പാട്ടിന്റെയും പിന്നാമ്പുറക്കഥകൾ കേട്ട് സഹൃദയരായ സഹപ്രവർത്തകർ കോരിത്തരിച്ചു. ഗാനാസ്വാദകനായ ഈ ലേഖകൻ അദ്ദേഹവുമായി കൂടുതൽ ചങ്ങാത്തത്തിലാവുന്നു. പല ഗാനങ്ങളുടെയും പിറവിയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയോടെ പലതും തിരക്കി. പേരിടാത്ത ചില ചിത്രങ്ങൾക്കുവേണ്ടിയുള്ള എഴുത്തനുഭവവും വിവരിച്ചുകേട്ടപ്പോൾ എന്നിലെ ആസ്വാദകന് ജിജ്ഞാസ വർദ്ധിച്ചു. നല്ല ഇരയെ കിട്ടിയ സന്തോഷത്തോടെ അദ്ദേഹം സ്വന്തം രചനാലോകത്തെക്കുറിച്ച് വർണിച്ചുകൊണ്ടിരുന്നു. ഗാനങ്ങളുടെ രസാനുഭൂതി, സൗന്ദര്യാത്മകത, കവിയുടെ കല്‌പനാചാതുരി അവ തന്നെ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നൊക്കെ ലഘുപ്രഭാഷണം നടത്തി ഈ ലേഖകനെ രോമാഞ്ചം കൊള്ളിച്ചു. എന്നാൽ ഇതിനിടെ കൂടുതൽ അന്വേഷണങ്ങളെ നേരിടാനാവാതെ മുടന്തൻന്യായങ്ങളും മുട്ടുശാന്തികളും കൊണ്ട് ഒഴിഞ്ഞുമാറാൻ തുടങ്ങിയപ്പോൾ എവിടെയോ ചില പൊരുത്തക്കേടുകൾ മണത്തു.

ഇതിനിടെ, സാക്ഷാൽ ദേവദാസിനെ അറിയുന്ന പലരും പ്രസ്തുത അപരന്റെ വിക്രിയകൾ അറിഞ്ഞുതുടങ്ങി. അപ്പോഴേക്കും ചെറിയ ചെറിയ വേദികളിലൂടെ വ്യാജ ഗാനരചയിതാവ് കുറേ ആരാധകരെ നേടി ആത്മസുഖം നുകരുകയായിരുന്നു. പൊതുവേദികളിലും മാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നതിൽ സ്വതവേ വിമുഖനായ ഗാനരചയിതാവ് ദേവദാസിന്റെ ചെവിയിലുമെത്തി വ്യാജനെക്കുറിച്ചുള്ള വാർത്തകൾ! തന്റെ പേര് മുതലെടുത്ത് കുറച്ചുപേർക്കിടയിലെങ്കിലും ആരാധ്യനാകുന്ന ആളെക്കുറിച്ച് കൗതുകത്തോടെയാണ് അദ്ദേഹം കേട്ടത്. സിനിമാമേഖലയിലുള്ളവർ ഉൾപ്പെടെ പലരും പറഞ്ഞിട്ടും അദ്ദേഹം അതിന്മേൽ എന്തെങ്കിലും നടപടിക്ക് മുതിർന്നില്ല. കേട്ടറിഞ്ഞവയൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന നിസംഗതയോടെ ചില സിനിമകൾക്കും ആൽബങ്ങൾക്കുമായി തന്റെ രചനാസപര്യ തുടർന്നുകൊണ്ടേയിരുന്നു.

വർഷങ്ങൾക്കുശേഷം, ആകാശവാണിയിലെ ഒരു കലാകാരനായ ലേഖകൻ അവിടെ പരിപാടി അവതരിപ്പിക്കാനെത്തിയ ഹരിപ്പാട് ചിങ്ങോലിക്കാരനായ ദേവദാസിനെ പരിചയപ്പെട്ടു. പരിപക്വമായ ആ മനസിന്റെ ദർശനം അറിയാനുള്ള അവസരം കൂടിയായിരുന്നു അത്. ആരൊക്കെ എന്തൊക്കെയായി നടിച്ചാലും നമ്മൾ നമ്മളല്ലാതാവുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം അപക്വ മനസുകളെ അർഹിക്കുന്ന ഗൗരവത്തോടെ അവഗണിക്കുകയേ വേണ്ടൂ. അവരുടെ പ്രവൃത്തികളെ പിള്ളേരുകളിയായി കണ്ടാൽ മതി. അദ്ദേഹം ഇത്രയും കൂടി കൂട്ടിച്ചേർത്തു. കൊല്ലത്തൊരു കൃഷ്ണസ്വാമി റെഡ്യാർ ഇല്ലായിരുന്നെങ്കിൽ എന്റെ കാട്ടുക്കുറിഞ്ഞി പൂക്കില്ലായിരുന്നു. അദ്ദേഹമാണല്ലോ ദേവദാസ് ആദ്യത്തെ ഗാനമെഴുതിയ ചിത്രം രാധ എന്ന പെൺകുട്ടിയുടെ നിർമ്മാതാവ്. മറ്റൊരു ഗാനരചയിതാവിനോട് പാട്ട് ആവശ്യപ്പെട്ടിരുന്ന സംവിധായകൻ ബാലചന്ദ്രമേനോനോട് ദേവദാസ് എന്ന ചെറുപ്പക്കാരനെക്കൊണ്ട് പാട്ടെഴുതിക്കണമെന്ന് നിർബന്ധപൂർവം പറയുകയായിരുന്നു റെഡ്ഡ്യാർ. നാല്പത്തിമൂന്ന് വർഷം മുമ്പുണ്ടായ ആ ഗാനം ഭാവഗായകൻ ജയചന്ദ്രന്റെ വളരെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നായി ഇന്നും ആസ്വാദകർ ഏറ്റുപാടുന്നു.

മേൽപ്പറഞ്ഞ അനുഭവത്തിലെ വ്യാജൻ പിന്നെയും പലേടത്തും ആൾമാറാട്ടം നടത്തി ആനന്ദിച്ചിട്ടുണ്ടാവാം. കുറച്ചുപേരെ എല്ലാക്കാലത്തും പറ്റിക്കാൻ കഴിഞ്ഞേക്കും. എന്നാൽ എല്ലാവരെയും എക്കാലത്തേക്കും പറ്റിക്കാനാവില്ലല്ലോ. പലതായി പകർന്നാടി ആത്മസായൂജ്യം നേടുന്നവർ ആ യാത്രയ്ക്കിടയിൽ അർഹതപ്പെട്ടവർക്കു ലഭിക്കേണ്ട യശസും കീർത്തിയും ചുളുവിൽ തട്ടിയെടുത്ത് അവരെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ്. സ്വയം വി‌‌‌ഡ്‌ഢികളാവുകയാണെന്നറിയാതെ. വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നവരെക്കുറിച്ച് കവി പണ്ട് പാടിയതാണ് നിത്യസത്യം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DEVADAS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.