SignIn
Kerala Kaumudi Online
Thursday, 25 April 2024 6.27 PM IST

സിലബസ് പരിഷ്കരണത്തിനൊരുങ്ങി സർക്കാർ | VIDEO

ജോലിക്കും ഉപരിപഠനത്തിനുമുള്ള ആദ്യ അവസരം തന്നെ പരമാവധി ഉപയോഗപ്പെടുത്താനാവുന്ന വിധം കേരളത്തിലെ സർവകലാശാലകളിൽ സിലബസ് ലോക നിലവാരത്തിൽ പരിഷ്കരിച്ച് അടുത്തവർഷം മുതൽ നടപ്പിലാക്കുമത്രേ. കേന്ദ്രത്തിന്റേതെന്ന് കേന്ദ്രവും സംസ്ഥാനത്തിന്റേതെന്ന് സംസ്ഥാനവും സമ്മതിക്കുന്ന ഒരിടത്തുവച്ച് പരിഷ്കരണം യാഥാർത്ഥ്യമായേക്കാം. രണ്ടുപേർക്കും ഒരു കാര്യത്തിൽ ഒരുമയുണ്ട് - ചരിത്രം മോഷ്ടിച്ച് കഞ്ഞിവയ്ക്കുന്ന കാര്യത്തിൽ! കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്നത് എങ്ങനെയെന്നറിയാൻ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ നാൾവഴി നോക്കിയാൽ മതി. ഡി.പി.ഇ.പി മന്ത്രവാദം വഴി അക്ഷരമാലയെ കുടിയൊഴിപ്പിച്ചതുപോലെ പലതരം ആവാഹനങ്ങളും ഉച്ചാടനങ്ങളും കുടിയിരുത്തലുകളും ഇനിയും പ്രതീക്ഷിക്കാം. വെറുതെയല്ല സീതിഹാജി സിലബസിനെ 'ചിലബസെന്ന്" വിളിച്ച് മലപ്പുറം സദസുകളിൽ കൈയടി നേടിയത്. യു.ജി.സി സ്കെയിൽ നടപ്പിലായതോടെ അദ്ധ്യാപന നിലവാരവും ഉന്നത വിദ്യാഭ്യാസ നിലവാരവും കുത്തനെ ഇടിയാനും ഗവേഷണ മേഖല വല്ലാതെ ക്ഷീണിക്കാനും കാരണമായതെന്തുകൊണ്ടാണ്? നിഷ്‌ഫല ഗവേഷണങ്ങൾ പെരുകി. യു.ജി.സി ഫണ്ടുകൾ കൊണ്ട് കോളേജുകളിൽ അന്താരാഷ്ട്ര സെമിനാറുകൾ ആടിത്തിമിർത്തു. ഗൈഡുകൾ പോലും വായിക്കാനിടയില്ലാത്ത ചവറു ഗവേഷണ പ്രബന്ധങ്ങൾക്ക് സാഹിത്യ അക്കാഡമി പ്രസിദ്ധീകരണങ്ങളിൽ പോലും ഇടംകിട്ടി. നാഥനില്ലാക്കളരികളായി, 'പാർട്ടിസ്ഥാനുകളായി പുരോഗമിച്ച' സർവകലാശാലകളുടെ പഴഞ്ചൻ സിലബസും നിലവാരത്തകർച്ചയും പരീക്ഷകളുടെ അനിശ്ചിതാവസ്ഥകളും ചേർന്ന് കുളംതോണ്ടിയ അവസ്ഥയിൽ കുട്ടികൾ ഉപരിപഠനത്തിന് അന്യസംസ്ഥാനങ്ങൾ തേടിപ്പോകുന്നു. കോളേജുകളിൽ ഇക്കൊല്ലം 4000 ബിരുദ സീറ്റുകളാണത്രേ ഒഴിഞ്ഞുകിടക്കുന്നത് ! ഉള്ള കോഴ്‌സുകൾ ആണെങ്കിൽ കാലഹരണപെട്ടതത്രെ മിക്കവയും. ആര് ഇതൊക്കെ ഒന്ന് നന്നാക്കിയെടുക്കും, ആരിതു പൊടിതട്ടി മിനുക്കിയെടുക്കും.

ഇതിനിടയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഫിൻലൻഡുമായി പാണിഗ്രഹണത്തിനൊരുങ്ങുന്നത്. കേരളവും ഫിൻലൻഡും തമ്മിലുള്ള സാമൂഹ്യ - സാംസ്കാരിക അന്തരങ്ങൾ പരിഗണിക്കാതെയാണ് ഈ കൈകോർക്കൽ നടക്കുന്നത്. കേരളത്തിന്റെ ജനസംഖ്യയുടെ ഏഴിലൊന്നു മാത്രം ജനസംഖ്യയുള്ള രാജ്യമാണ് ഫിൻലൻഡ്. ശിശുമരണ നിരക്ക് ഏറ്റവും കുറവ്. എല്ലായിടത്തും സൗജന്യ വൈഫൈ അതുപറയുമ്പോൾ കൊവിഡ് കാലത്തെ ഓൺലൈൻ പഠനത്തിന് ഉയരമുള്ള മരക്കൊമ്പുകളിൽ റേഞ്ച് തേടിയ നമ്മുടെ ആദിവാസി കുട്ടികളെ ഓർക്കുക . ഫിൻലൻഡിൽ ഏറ്റവുമധികം ശമ്പളം കിട്ടുന്നതും ബഹുമാനിക്കപ്പെടുന്നതും പ്രൈമറി അദ്ധ്യാപകരാണ്. ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമുള്ളവർ. ഫിൻലൻഡ് പരിഷ്കരണം കേരളത്തിൽ കൊണ്ട് വന്നാൽ അംഗൻവാടി അദ്ധ്യാപകർക്ക് യു.ജി.സി സ്‌കെയിലും സർവകലാശാലാ അദ്ധ്യാപകർക്ക് അംഗൻവാടി സ്‌കെയിലും ആയിക്കൂടെന്നില്ല. തൊണ്ണൂറുകളിൽ അന്യസംസ്ഥാനങ്ങളിലേക്കാണ് നമ്മുടെ വിദ്യാർത്ഥികൾ ഒഴുകിയിരുന്നതെങ്കിൽ ഇന്നത് വിദേശ രാജ്യങ്ങളായ അമേരിക്ക, ചൈന, ആസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഒഴുക്ക്. കേരളത്തിലെ മദ്ധ്യവർഗം വിദ്യാഭ്യാസവായ്പാ സഹായത്തോടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം തേടിപ്പോകുന്നു. ഇതു മാറണമെങ്കിൽ ഫിൻലൻഡുപോലെ ടെസ്റ്റിങ്ങിനായി പഠിപ്പിക്കുന്ന രാഷ്ട്രത്തെ മാതൃകയാക്കുകയല്ല വേണ്ടത്. ആഗോള സാമ്പത്തിക ശക്തിയായ ഓർഗനൈസേഷൻ ഫോർ എക്കൊണോമിക് കോഓപ്പറേഷൻ ആൻഡ് ടെവേലോപ്മെന്റ് ഓ ഇ സി ഡി യെ പിന്തുടരാനുള്ള മോഹമാണിതിനു പിന്നിൽ. ഇവരുടെ പി ഐ എസ എ ടെസ്റ്റിങ്ങിലാണ് ഫിൻലൻഡ് തലയുയർത്തി നില്ക്കുന്നത്. എന്തായാലും പ്രാഥമികതലത്തിൽ എഴുത്തു പരീക്ഷയേ വേണ്ടെന്നുവയ്ക്കാനുള്ള അധികൃതരുടെ ബുദ്ധിയെ കണ്ടില്ലെന്നു നടിക്കാനാവില്ല. പാഠപുസ്തകത്തിൽ അക്ഷരമാലയില്ലെങ്കിൽ പിന്നെന്ത് എഴുത്തുപരീക്ഷ? നൂറുശതമാനം വിജയം അംഗൻവാടി മുതൽ പ്ലസ്ടു വരെ ഉറപ്പിക്കാം. സ്കൂൾ - കോളേജുകൾ പകൽ വിശ്രമകേന്ദ്രങ്ങളാക്കാം. പഠനം പാൽപ്പായസമാകട്ടെ. സർക്കാരിനും അദ്ധ്യാപകസംഘടനകൾക്കും നല്ല കാലം. എല്ലാറ്റിന്റെയും ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ, മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കാനും നികുതിയടയ്ക്കാനും വോട്ടുചെയ്യാനും മാത്രം വിധിക്കപ്പെട്ട ഒരു ജനതയുണ്ടല്ലോ? വളയമില്ലാച്ചാട്ടങ്ങൾക്കായി കാലം കരുതി വച്ചിരിക്കുന്നതെന്താണെന്ന് കണ്ടുതന്നെ അറിയണം.

kerala

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA, UNIVERSITY, EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.