ആലപ്പുഴ: കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ കുടക്കീഴിലേക്ക് കൂടുതൽ കുടുംബങ്ങളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ 'സുദൃഢം' കാമ്പയിൻ വിജയമായി. കാമ്പയിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ 4673 പുതിയ അയൽക്കൂട്ടങ്ങൾ രൂപീകരിച്ചു. പുതിയ അയൽക്കൂട്ടങ്ങളിലൂടെ 53,199 പുതിയ കുടുംബങ്ങൾ കുടുംബശ്രീയുടെ ഭാഗമായി. കൂടാതെ 16,891 പേർ നിലവിലുള്ള കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ഭാഗവുമായി.
709 വയോജന അയൽക്കൂട്ടങ്ങളും 168 ഭിന്നശേഷി അയൽക്കൂട്ടങ്ങളും 3 ട്രാൻസ്ജെൻഡർ അയൽക്കൂട്ടങ്ങളും 'സുദൃഢം' കാമ്പയിന്റെ ഭാഗമായി രൂപീകരിച്ചു. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡറുകൾ എന്നിവർക്ക് കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമായി നിന്ന് വിവിധ പിന്തുണാസഹായങ്ങളും മറ്റും നേടാനുള്ള സുവർണ്ണാവസരമാണ് ഇതോടെ ലഭ്യമായിരിക്കുന്നത്.
കാമ്പയിന്റെ ഭാഗമായി നിർജ്ജീവ അയൽക്കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തങ്ങളും പുതുതായി രൂപീകരിച്ച അയൽക്കൂട്ടങ്ങൾക്ക് കണക്കെഴുത്തു പരിശീലനവും കൂടാതെ ഇൻഷ്വറൻസ് ക്യാമ്പുകളും ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിച്ചു. ചില ജില്ലകളിൽ ബാലസഭ, സൂക്ഷ്മ സംരംഭ രൂപീകരണ പ്രവർത്തനങ്ങളും വയോജന സംഗമങ്ങൾ നടത്തി. ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമേ കുടുംബശ്രീയിൽ അംഗമാകാനാകൂ എന്ന നിയമത്തിന് മാറ്റം വന്നിട്ടില്ല. നിലവിൽ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകൾക്ക്, തങ്ങളുടെ റേഷൻകാർഡിൽ മറ്റൊരു കുടുംബശ്രീ അംഗമില്ലാത്ത പക്ഷം പുതിയ അയൽക്കൂട്ടത്തിന്റെ ഭാഗമാകാം.
ജില്ല - ആലപ്പുഴ
പുതിയ അയൽക്കൂട്ടങ്ങൾ - 258
പുതിയ അംഗങ്ങൾ - 3319
നിലവിലുള്ള അയൽക്കൂട്ടങ്ങളിൽ പുതുതായി ചേർന്നവർ - 1194
പുതിയ വയോജന അയൽക്കൂട്ടങ്ങൾ - 42
പുതിയ ഭിന്നശേഷി അയൽക്കൂട്ടങ്ങൾ - 6
പുതിയ ട്രാൻസ്ജെൻഡർ അയൽക്കൂട്ടങ്ങൾ - 0
പുനരുജ്ജീവിപ്പിച്ച അയൽക്കൂട്ടങ്ങൾ - 129
സമ്പൂർണ്ണ അയൽക്കൂട്ട പ്രവേശനം ഉറപ്പാക്കുകയും, ട്രാൻസ്ജെൻഡർ, ഭിന്നശേഷി, വയോജനങ്ങൾ എന്നിവർക്ക് ആരോഗ്യ ക്യാമ്പുകളും ഇൻഷ്വറൻസ് പരിക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് സുദൃഢം കാമ്പയിൻ വഴി ലക്ഷ്യമിട്ടത്. മികച്ച പ്രതികരണമാണ് ലഭിച്ചത്. മൂവായിരത്തിലധികം പുതിയ അംഗങ്ങളാണ് കുടുംബശ്രീയുടെ ഭാഗമായത്. നിർജ്ജീവമായിക്കിടന്ന നൂറ് കണക്കിന് അയൽക്കൂട്ടങ്ങളെ സജീവമാക്കാനും സാധിച്ചു
കുടുംബശ്രീ ജില്ലാ മിഷൻ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |