ന്യൂഡൽഹി:പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സമ്മതം നിയമത്തിന്റെ കണ്ണിൽ സമ്മതമായി കാണക്കാക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. പെൺകുട്ടിയുടെ സമ്മതപ്രകാരം ശാരീരികബന്ധത്തിലേർപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി മാനഭംഗക്കേസ് പ്രതി നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ജസ്മിത് സിംഗ്.
2019 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലാണ് പ്രതി ജയിലിൽ കഴിയുന്നത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ഉത്തർ പ്രദേശിലെ സമ്പാലിൽ നിന്നുമാണ് പെൺകുട്ടിയെയും വിവാഹിതനായ 23കാരനെയും പൊലീസ് പിടി കൂടിയത്. ഒന്നരമാസമായി തന്റെ ആൺ സുഹൃത്തായ 23കാരനോടൊപ്പം കഴിയുകയാണ് താനെന്നും തന്റെ സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും സുഹൃത്തിനോടൊപ്പം കഴിയാനാണ് ഇഷ്ടപ്പെടുന്നതെന്നും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പെൺകുട്ടി വ്യക്തമാക്കായിരുന്നു. 2019 മുതൽ ജയിലിൽ കഴിയുന്ന പ്രതി പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയിൽ പെൺകുട്ടി പ്രായപൂർത്തിയായെന്ന് തെളിയിക്കാൻ പെൺകുട്ടിയുടെ ആധാർ കാർഡിൽ ജനനത്തീയ്യതി തിരുത്തിയതായും പൊലീസ് കണ്ടെത്തി. പ്രതിയുമായി ശാരീരിക ബന്ധം പുലർത്തിയ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയിക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇതും ഗുരുതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |