കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടി ലഹരിമരുന്നു കേസിലെ പ്രതിയെ രക്ഷിച്ചെന്നാരോപിച്ച് മന്ത്രി ആന്റണി രാജുവിന് എതിരെയുള്ള കേസിലെ വിചാരണ വൈകുന്നതിനെതിരെ തൃശൂരിലെ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളം നൽകിയ ഹർജി ഹൈക്കോടതി ക്രിസ്‌മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. ഹർജി നിയമപരമായി നിലനിൽക്കുമോയെന്നതു പരിശോധിക്കേണ്ടതുണ്ടെന്ന് നേരത്തെ ജസ്റ്റിസ് സിയാദ് റഹ്മാൻ അഭിപ്രായപ്പെട്ടിരുന്നു. 1994 ൽ ലഹരിമരുന്നു കേസിൽ തിരുവനന്തപുരം എയർപോർട്ടിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതിയിലെ തൊണ്ടി ക്ളാർക്കും ചേർന്ന് തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്. കേസിൽ 2006 മാർച്ചിൽ കുറ്റപത്രം നൽകിയെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല.