SignIn
Kerala Kaumudi Online
Friday, 26 April 2024 9.59 PM IST

ആപത്ഘട്ടത്തിൽ സഹായിക്കാനെത്തിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കും, വിഴിഞ്ഞം സമരം പരിഹരിക്കാൻ സഹായിച്ചവരിൽ ഒരു പേര് മാത്രം സഭയിൽ എടുത്ത് പറഞ്ഞ് മുഖ്യമന്ത്രി 

pinarayi-vijayan-

തിരുവനന്തപുരം : വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സർക്കാരിനുള്ളതെന്ന് ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സർക്കാർ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.


സംസ്ഥാന സർക്കാർ വികസനരംഗത്ത് നിർണായക കാൽവയ്പ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സ്ഥായിയായ സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറ പാകുന്ന ഭൗതിക, സാമൂഹിക പശ്ചാത്തല സൗകര്യ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ അവ മാനുഷിക മുഖത്തോടെയാകണമെന്ന കാര്യത്തിലും സർക്കാരിന് നിഷ്‌ക്കർഷയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


കേരളത്തിലെ സാമ്പത്തിക വാണിജ്യ രംഗങ്ങളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കാൻ സാദ്ധ്യതയുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ഭൂമിശാസ്ത്രപരമായ സവിശേഷതകളും വ്യാപാരബന്ധങ്ങൾ സ്ഥാപിക്കാനുള്ള അനുയോജ്യതയുമാണ് ഈ തുറമുഖ പദ്ധതിയെ അനന്യമാക്കുന്നത്.

വിഴിഞ്ഞം തീരത്തുനിന്നും 10 നോട്ടിക്കൽ മൈൽ അകലത്തിലൂടെയാണ് അന്താരാഷ്ട്ര കപ്പൽ പാത കടന്നുപോകുന്നത്. തീരത്തുനിന്നും ഒരു നോട്ടിക്കൽ മൈൽ അകലം വരെ 24 മീറ്റർ പ്രകൃതിദത്ത ആഴം ഉണ്ട് എന്നുള്ളത് വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷതയാണ്. ചരിത്രപരമായിത്തന്നെ, അന്താരാഷ്ട്ര പ്രസിദ്ധി ലഭിച്ച തുറമുഖം എന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്.

വിഴിഞ്ഞം തുറമുഖനിർമ്മാണം 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ഈ ഘട്ടത്തിൽ ചില കോണുകളിൽ നിന്നും ആശങ്കകൾ ഉയർന്നുവരികയും തുറമുഖ പ്രദേശത്ത് ഓഗസ്റ്റ് 16 മുതൽ പ്രതിഷേധ പരിപാടികൾ ആരംഭിക്കുകയുമുണ്ടായി. സമരസമിതി പ്രധാനമായും ഏഴ് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. ഇതിൽ തുറമുഖനിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യമൊഴികെ മറ്റ് ആവശ്യങ്ങളെക്കുറിച്ച് സമരസമിതിയുമായി തുറന്ന മനസോടെ സർക്കാർ പലവട്ടം ചർച്ചകൾ നടത്തി. ഇതിനായി ഒരു മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തുകയുമുണ്ടായി. ഓഗസ്റ്റ് 19 മുതൽ ഈ മന്ത്രിസഭാ ഉപസമിതി സമരസമിതി നേതാക്കളുമായി വിവിധ തീയതികളിൽ പലവട്ടം ചർച്ചകൾ നടത്തി. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ മറ്റെല്ലാ ആവശ്യങ്ങളും സംബന്ധിച്ച് ഉപസമിതിയുമായുള്ള ചർച്ചയിൽത്തന്നെ ധാരണയായിരുന്നു. സമരം അവസാനിക്കാത്തതിനെ തുടർന്ന് ചീഫ് സെക്രട്ടറി തലത്തിലും തുടർ ചർച്ചകൾ നടക്കുകയുണ്ടായി.

ചില ഘട്ടങ്ങളിൽ സമരം അക്രമാസക്തമാകുന്ന ദൗർഭാഗ്യകരമാകുന്ന സ്ഥിതിവിശേഷവുമുണ്ടായി. ക്രമസമാധാനപാലനത്തിനായി വിന്യസിക്കപ്പെട്ട സംസ്ഥാന പോലീസ് സേന തികഞ്ഞ സംയമനത്തോടെയാണ് ഈ സ്ഥിതി വിശേഷത്തെ നേരിട്ടത്. അനിഷ്ടസംഭവങ്ങൾ നിയന്ത്രണാതീതമായി പോകാതിരിക്കാൻ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ സമീപനം ഏറെ സഹായകമായി.

സമരസമിതിയുമായി ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ അവർ ഉന്നയിച്ച ആവശ്യങ്ങൾക്കുള്ള പരിഹാര നിർദ്ദേശങ്ങളിൽ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കുകയും അവ നടപ്പാക്കിവരികയുമാണ്. സമരസമിതി ഉയർത്തിയ പ്രധാന ആവശ്യങ്ങൾക്കു മേൽ ഇന്നലെ നടത്തിയ ഉന്നതതല ചർച്ചകളിൽ തീരുമാനമാവുകയും സമരം അവസാനിപ്പിക്കാൻ സമരസമിതി തയ്യാറാവുകയുമുണ്ടായി.

തുടർന്ന് ചർച്ചയുടെ വിശദവിവരങ്ങളും മുഖ്യമന്ത്രി പങ്കുവച്ചു. സഭയിൽ ഇന്ന് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ സമരം രമ്യമായി അവസാനിപ്പിക്കാൻ മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ കർദ്ദിനാൾ മാർബസേലിയോസ് ക്ലിമ്മിസ് ബാവ തീരുമേനി എടുത്ത മുൻകൈയെ കുറിച്ചും ഇടപെടലിനെ കുറിച്ചും അദ്ദേഹത്തിന്റെ പേരെടുത്ത് പറഞ്ഞു അഭിനന്ദിച്ചു. ആപത്ഘട്ടങ്ങളിൽ ജനസമൂഹത്തിന്റെ സംരക്ഷണത്തിനായി സ്വന്തംജീവൻ പണയപ്പെടുത്തി രംഗത്തുവന്നിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് നാടിന്റെ വികസനത്തിനുള്ള സുപ്രധാന പദ്ധതിയായ വിഴിഞ്ഞം തുറമുഖനിർമ്മാണം മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികളാണ് എല്ലാ ഘട്ടത്തിലും സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും നിയമസഭിയെ മുഖ്യമന്ത്രി അറിയിച്ചു.


ഇന്നലത്തെ ചർച്ചയിൽ എടുത്ത തീരുമാനങ്ങൾ

  • വിഴിഞ്ഞം തുറമുഖനിര്‍മ്മാണം മൂലമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുവാനായി 03.11.2020 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലാതല സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും മേല്‍നോട്ടം വഹിക്കുന്നതാണ്.

  • ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും. രണ്ടുമാസത്തെ വാടക അഡ്വാന്‍സായി നല്‍കും. 01.09.2022 ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം 5,500 രൂപ പ്രതിമാസം വാടക ഇനത്തില്‍ നല്‍കുന്നതാണ്.

  • പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും, വീടിന്റെ ആകെ വിസ്തീര്‍ണ്ണം 635 Sq.Ft. (550 Sq.Ft. Built up space + 85 Sq. Ft. common space for each unit) അധികരിക്കാതെ ഡിസൈനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്യുന്നതാണ്. ഇതു കൂടാതെ, വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാനായി പൊതുവായി ഒരു സ്ഥലം ഒരുക്കും.

  • തീരശോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ദ്ധ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതാണ്. തുറമുഖ പ്രവര്‍ത്തനം തുടരുന്നതാണ്.

  • നിലവിലുള്ള മണ്ണെണ്ണ എഞ്ചിനുകള്‍ ഡീസല്‍, പെട്രോള്‍, ഗ്യാസ് എഞ്ചിനുകളായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കും. ഇതിനായി ഒറ്റത്തവണ സബ്‌സിഡി നല്‍കും.

  • കേരള തീരത്ത് മത്സ്യബന്ധനം നടത്തരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം പുറപ്പെടുവിക്കുന്ന തീയതികളില്‍ തൊഴില്‍നഷ്ടം ഉണ്ടാകുന്നത് പരിഗണിച്ച് ഫിഷറീസ് വകുപ്പിന്റെ അംഗീകാരമുള്ള പട്ടികയില്‍ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്, മേല്‍ നിര്‍ദ്ദേശം നിലനില്‍ക്കുന്ന തീയതികളുടെ എണ്ണം കണക്കാക്കി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം A (1)(e) അനുസരിച്ച് തൊഴില്‍ നഷ്ടപരിഹാരം നല്‍കുവാന്‍ നടപടി സ്വീകരിക്കും. അതു കൂടാതെ, ഫിഷറീസ് വകുപ്പിന്റെ അംഗീകാരമുള്ള പട്ടികയില്‍ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമുള്ളപക്ഷം അവരെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി / അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി തുടങ്ങിയ തൊഴില്‍ദാന പദ്ധതികളില്‍ ഉള്‍പ്പെടുത്തും.

  • മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളില്‍ പൂനെ സെന്‍ട്രല്‍ വാട്ടര്‍ & പവര്‍ റിസര്‍ച്ച് സ്റ്റേഷനു (CWPRS)മായും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും ഫിഷറീസ് വകുപ്പ് ചര്‍ച്ച സംഘടിപ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIZHINJAM, VIZHINJAM PROTEST, PINARAYI, LEGISLATIVE ASSEMBLY, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.